പരിശുദ്ധാത്മാവില്‍ നിറയപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലരും ബോധവാന്മാരല്ല. പാപത്തിന്റെ അടിമനുകത്തില്നിന്നും സ്വാതന്ത്ര്യം നല്കുന്ന പരിശുദ്ധാത്മാവില്‍ നാം നിറയപ്പെട്ടു കൊണ്ടേയിരിക്കണം. എത്ര ശ്രമിച്ചാലും ഒരിക്കലും ആര്‍ക്കും നിറഞ്ഞ പാത്രത്തില്‍ ഒന്നും നിറയ്ക്കുവാന്‍ ആവില്ല, ആവശ്യവുമില്ല. അതായത് എനിക്ക് നിറവുണ്ട് എന്ന് ചിന്തിക്കുന്നവരെ ദൈവത്തിന് നിറയ്ക്കുവാന്‍ കഴിയുകയില്ല. പരിശുദ്ധാത്മനിറവുള്ളവര്ക്കു മാത്രമേ ശരീരത്തെയും ആത്മാവിനെയും മലിനമാക്കുന്ന എല്ലാറ്റില്‍നിന്നും അവരവരെത്തന്നെ ശുദ്ധീകരിച്ചുകൊണ്ട്, ദൈവഭക്തിയിലൂടെ വിശുദ്ധിയുടെ പരിപൂര്‍ണ്ണതയിലേക്കും ക്രിസ്തുവിന്റെ ദിവ്യസ്വഭാവത്തിലേക്കും വളര്‍ന്ന് ക്രിസ്താനുരൂപരാകുവാന് കഴിയുകയുള്ളൂ. യേശു തന്റെ ശിഷ്യന്മാരോട് നിങ്ങള്‍ പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിന്‍ എന്നു പറഞ്ഞു. പിതാവായ ദൈവം വാഗ്ദത്തം ചെയ്ത ഉയരത്തില്‍നിന്നുള്ള ശക്തിയും വ്യക്തിയുമാണ് പരിശുദ്ധാത്മാവ്. ഈ ശക്തിയാണ് നമ്മുടെ മണ്‍കൂടാരങ്ങളില്‍ ദൈവം പകര്‍ന്നിരിക്കുന്നത് എന്ന് നാം തിരിച്ചറിയണം. അത് നിമിത്തം നാം ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനപൂര്ത്തിയിലേക്ക് നയിക്കപ്പെടും.
ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാന പൂര്‍ത്തിയിലേക്ക് നാം നയിക്കപ്പെടേണമെങ്കില് പരിശുദ്ധാത്മാവില്‍ നിരന്തരം നിറയപ്പെട്ടുകൊണ്ടിരിക്കണം. യേശു നമുക്കുവേണ്ടി മരിച്ച് അടക്കപ്പെട്ട് മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റു. ആ നാളുകളില്‍ ശിഷ്യന്മാരോട് യേശു പറഞ്ഞിരുന്നത്. ‘ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും നിങ്ങളോടുകൂടെ എന്നേക്കും ഇരിക്കേണ്ടതിന് അവിടുന്ന് നിങ്ങള്‍ക്കു സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ നല്‍കുകയും ചെയ്യും. ലൗകികര്‍ക്ക് ഈ ആത്മാവിനെ, സത്യത്തിന്റെ ആത്മാവിനെത്തന്നെ, സ്വീകരിക്കാന്കഴിയുകയില്ല. ലോകം ഈ ആത്മാവിനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍ നിങ്ങള്‍ സത്യത്തിന്റെ ആത്മാവിനെ അറിയുന്നു. കാരണം അവിടുന്നു നിങ്ങളോടുകൂടെ ഇരിക്കുന്നു; നിങ്ങളില്‍ വസിക്കുകയും ചെയ്യും. ഞാന്‍ നിങ്ങളെ അനാഥരായി ഉപേക്ഷിക്കുകയില്ല; ഞാന്‍ നിങ്ങളുടെ അടുക്കല്‍വരും’ (യോഹന്നാന് 14:15 18) എന്നായിരുന്നു. വ്യക്തിപരമായ ജീവിതത്തില്‍ പാപത്തില്വീഴാതെ ഉറപ്പുള്ള പാറയായ ക്രിസ്തുവില്‍ നിര്‍ത്തുവാനും, ആത്മീയശുശ്രൂഷയില്‍ പങ്കാളിയാക്കുവാനും, ദൈവിക വെളിപ്പാടുകള്‍ പ്രാപിച്ച് സഭയെ ഉപദേശിക്കുവാനും പരിപാലിക്കുവാനും, അങ്ങനെ ക്രിസ്തുവിന്റെ ശരീരമായ സഭയുടെ ആത്മീക വളര്‍ച്ചയ്ക്ക് പരിശുദ്ധാത്മാവ് തുണ നിന്നുകൊണ്ട് നമ്മെ സഹായിക്കുന്നു. അതായത് സജീവമായതും ജീവനുള്ളതുമായ ആത്മീയ അനുഗ്രഹങ്ങള്‍ ലഭിക്കുന്നത് പരിശുദ്ധാത്മാവിനാല്‍ മാത്രമാണ്. നമ്മില്‍ എന്നേക്കും വസിക്കുവാന്‍ ആഗ്രഹിക്കുന്ന പരിശുദ്ധാത്മാവിനെ കൂടാതെ ഫലകരവും നിലനില്ക്കുന്നതും ജയകരവുമായ ക്രിസ്തീയ ജീവിതം ആര്‍ക്കും സാധ്യമല്ല. സമൃദ്ധമായ ജീവനുള്ള ആത്മീയ അനുഭവങ്ങള്‍ നമുക്കുണ്ടാകണം. നമ്മിലേക്കും നമ്മിലൂടെയും പരിശുദ്ധാത്മാവാകുന്ന ജീവജലനദി ഒഴുകി അത് ഒരു പ്രവാഹമായി ക്രിസ്തുവിന്റെ ശരീരമായ സഭയിലേക്ക് ഒഴുകിക്കൊണ്ടിരിക്കണം. ‘ഉത്സവത്തിന്റെ പ്രധാനദിനമായ ഒടുവിലത്തെ ദിവസം യേശു നിന്നുകൊണ്ട് വിളിച്ചുപറഞ്ഞത്: ദാഹിക്കുന്ന ഏതൊരാളും എന്റെ അടുക്കല്‍വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവരുടെ ഉള്ളില്‍നിന്ന്, തിരുവെഴുത്തു പറയുന്നതുപോലെ, ജീവജലത്തിന്റെ നദികള്‍ ഒഴുകും’. എന്നായിരുന്നുവല്ലോ. തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു പിന്നീടു ലഭിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ് യേശു ഇവിടെ സംസാരിച്ചത്. പരിശുദ്ധാത്മാവില്‍ നിരന്തരം നിറയപ്പെടുന്നതിനെക്കുറിച്ചു നാം എത്രമാത്രം ശ്രദ്ധയുള്ളവരാകുന്നു?
പരിശുദ്ധാത്മാവിനോടുള്ള കൂട്ടായ്മ നമ്മുടെ ജീവിതത്തില്‍ അനിവാര്യമാണ്. ക്രിസ്തുവില്‍ വസിച്ചുകൊണ്ടല്ലാതെ നമുക്ക് പരിശുദ്ധാത്മാവിനോട് കൂട്ടായ്മ സാധ്യമല്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പരിശുദ്ധാത്മാവിനോടുള്ള കൂട്ടായ്മ നിമിത്തം ക്രിസ്തുവിനെക്കുറിച്ചുള്ള വെളിപ്പാടുകളുടെ പ്രകാശനം അധികമായി ലഭിക്കുന്നു. കൂട്ടായ്മ എന്നത് വെറും പാട്ടും പ്രാര്‍ത്ഥനയും മാത്രമല്ല. മറിച്ച് സഹവസിക്കുക എന്ന അര്‍ത്ഥമാണ്. പരിശുദ്ധാത്മാവിനോട് കൂട്ടായ്മ ഉണ്ടെങ്കില്‍ ദൈവമക്കള് തമ്മില്‍ത്തമ്മിലും കൂട്ടായ്മയുണ്ട്. അതായത് വിശുദ്ധന്മാര് തമ്മില്‍തമ്മില്‍ സംസര്‍ഗ്ഗം ഉണ്ടാകും, ആത്മീയ കൂട്ടായ്മ വര്‍ദ്ധിക്കും. ആരോഗ്യമുള്ള ക്രിസ്തീയ ജീവിതത്തിന് ഇത് കൂടിയേ തീരൂ. നമ്മുടെ ആത്മാവും പരിശുദ്ധാത്മാവും ഒന്നായിത്തീരുന്ന അവിസ്മരണീയമായ അനുഭവം ഉണ്ടാകണം എന്ന് നാം ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ഉത്സാഹിക്കുകയും ചെയ്യണം. ക്രിസ്തുവിലൂടെ നമ്മില്പകരുന്ന പരിശുദ്ധാത്മനിറവിലുള്ള ജീവിതം നയിക്കുന്നതിലൂടെ മാത്രമേ പാപത്തെ ജയിച്ചു ജയജീവിതം പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ. സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയപ്പോള്വീണ്ടും അതില്കുടുങ്ങി പോകാതിരിക്കേണ്ടതിന് എന്നേക്കും ക്രിസ്തുവിശ്വാസികളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ വാഗ്ദത്തം ചെയ്തിട്ടുള്ളത് എത്രയോ ആശ്വാസകരമായ വചനമാണ്. അതിനാല്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ നാം ഒരിക്കലും ദുഃഖിപ്പിക്കുവാന്‍ പാടുള്ളതല്ല.
ഭാവിയില്‍ ക്രിസ്തു തന്റെ മഹത്വത്തോടെ മദ്ധ്യാകാശത്തില്‍ പ്രത്യക്ഷപ്പെടും. അന്ന് കോടാനുകോടി ദൂതന്മാര് മഹത്വവാനായ യേശുവിനെ അനുഗമിക്കും. ദൂതന്മാര് കാഹളനാദം ഉതിര്‍ക്കും. മേഘാരൂഢനായി വരുന്ന യേശുവിന്റെ പ്രത്യക്ഷത ഈ ലോകത്തിന്റെ ഗതിയെ മാറ്റിമറിക്കും. മരിച്ചവരും ജീവനോടിരിക്കുന്നവരുമായ വിശുദ്ധന്മാരായ തന്റെ വൃതന്മാര് മേഘങ്ങളില്‍ എടുക്കപ്പെടും. അവര്‍ അവരുടെ രക്ഷകനും പ്രാണപ്രിയനുമായ ക്രിസ്തുവിനെ മുഖാമുഖം കാണും. ഈ സംഭവത്തിന്റെ നാളുകള്‍ ആസന്നമായി എന്ന് നാം തിരിച്ചറിയണം. ക്രിസ്തുവില്‍ ഈ പ്രത്യാശ ഉള്ളവരെല്ലാം കണ്ണിമയ്ക്കുന്നതിനിടയില്‍ രൂപാന്തരപ്പെട്ട് മേഘങ്ങളില്‍ എടുക്കപ്പെടും. ഈ മര്‍മ്മം വെളിപ്പെട്ടു കിട്ടുവാന്‍ വേണ്ടിയാണ് യേശു നമ്മെ അടിമനുകത്തില്നിന്നും വിടുവിച്ചത്. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍, ലോകമോഹങ്ങളില്നിന്നും പിശാചിന്റെ കുടുക്കുകളില്‍നിന്നും പാപത്തിന്റെ ശക്തിയില്‍നിന്നും നാം അനുനിമിഷവും സ്വതന്ത്രരായിക്കൊണ്ടിരിക്കണം. അടിമനുകത്തില്‍ വീണ്ടും കുടുങ്ങി പോകുവാന്‍ പാടുള്ളതല്ല. ഇങ്ങനെ സ്വതന്ത്രരാകുന്നവര്‍ ക്രിസ്താനുരൂപരായി മാറിക്കൊണ്ടിരിക്കും. ഭൂമിയിലെ ജീവിതം നിത്യതതയില് ജീവിക്കുവാനുള്ള ഒരു പരിശീലനക്കളരിയാണെന്ന് അവര്‍ തിരിച്ചറിഞ്ഞവരാണ്. പാപത്തില്‍നിന്നും സ്വാതന്ത്ര്യം പ്രാപിച്ച ആത്മീയമനുഷ്യന് വീണ്ടും പാപത്തില്‍ തുടരുവാന്‍ ഒരിക്കലും സാധ്യമല്ല. ദൈവത്തെ ആസ്വദിച്ച് ക്രിസ്തുവിന്റെ ജീവനാല്‍ നിരന്തരം നിറയപ്പെട്ടു കൊണ്ടേയിരിക്കുന്ന ആത്മീയ അനുഭവം എല്ലാവര്ക്കും ഉണ്ടാകണമെന്നത് ദൈവഹിതമാകുന്നു. അടിമനുകത്തില്ക്കുടുങ്ങിപ്പോകാതിരിക്കുവാന് ആത്മാവില്‍ നാം നിരന്തരം നിറയപ്പെടേണ്ടത് അനിവാര്യം തന്നെയാകുന്നു. ആത്മാവിനാല്‍ ജഡത്തിന്റെ പ്രവൃത്തികളെ നിഷ്ക്രിയമാക്കികൊണ്ടു ദൈവാനുരൂപമായി എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവന്റെ നിറവായിരിക്കുന്ന ക്രിസ്തുവില്‍ ജയാളികളായി ജീവിക്കുവാന്‍ നമ്മെ സമര്‍പ്പിക്കാം.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.