മത്തായിയുടെ സുവിശേഷത്തിലെ ആത്മികമര്മ്മങ്ങള്
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ മനുഷ്യര്‍ക്കു സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങള്‍ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാന് സമ്മതിക്കുന്നതുമില്ല. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങള്‍ക്കു കടുപ്പമേറിയ ശിക്ഷാവിധി വരും; കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ ഒരുത്തനെ മതത്തില്‍ ചേര്‍ക്കുവാന്‍ കടലും കരയും ചുറ്റി നടക്കുന്നു; ചേര്‍ന്നശേഷം അവനെ നിങ്ങളെക്കാള്‍ ഇരട്ടിച്ച നരകയോഗ്യന്‍ ആക്കുന്നു (മത്തായി 23:13-25)
കപടഭക്തിയെ ദൈവം വെറുക്കുന്നു. ഭക്തരായിരിക്കേണ്ട ആത്മീക നേതൃത്വത്തിലുള്ള പരീശന്മാരും ശാസ്ത്രിമാരും കപടഭക്തരായിരിക്കുന്നു. കാവല്ക്കാര്തന്നെ കള്ളന്മാര് ആയിരിക്കുന്ന അപകടകരമായ അവസ്ഥ! കപടഭക്തിയുടെ വികൃത മുഖം അവര്‍ക്ക് കാട്ടി കൊടുക്കുന്നതാണ് കര്‍ത്താവിന്റെ വാക്കുകള്‍. കപടഭക്തിയെ സൂക്ഷിച്ച് ഒഴിഞ്ഞിരിക്കുവാനുള്ള മുന്നറിയിപ്പായി നമുക്ക് ഇത് സ്വീകരിക്കാം മത്തായി സുവിശേഷം 23-ാം അധ്യായത്തില്‍ എട്ട് സ്ഥലങ്ങളില്‍ ‘നിങ്ങള്‍ക്ക് ഹാ കഷ്ടം’ എന്ന് കര്‍ത്താവ് പരീശന്മാരോടും ശാസ്ത്രിമാരോടും പറയുന്നുണ്ട്. അവരുടെ ആത്മിക പാപ്പരത്തവും ഭോഷത്വവും ഈ വാക്കുകള്‍ വെളിവാക്കുന്നു. മാത്രമല്ല വരുവാനിരിക്കുന്ന ന്യായവിധിയെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു കര്‍ത്താവിന്റെ ഈ വാക്കുകള്‍. കര്‍ത്താവ് നേരിട്ട് വ്യക്തമായും സ്പഷ്ടമായും അവരോട് സംസാരിച്ചിട്ടും അവര്‍ മാനസാന്തരപ്പെട്ടിട്ടില്ല എന്നത് എത്ര ദുഃഖകരമാണ്. കപടഭക്തിയുടെ വഞ്ചനയും ഹൃദയകാഠിന്യവുമാണ് ഇത് വെളിപ്പെടുത്തുന്നത്. കപടഭക്തിക്കാരായ ആത്മീയ നേതൃത്വത്തിന്റെ ഒന്നാമത്തെ ഭീകരമായ അപരാധം: ‘നിങ്ങള്‍ മനുഷ്യര്‍ക്ക് സ്വര്‍ഗ്ഗരാജ്യം അടച്ചു കളയുന്നു, നിങ്ങള്‍ കടക്കുന്നില്ല, കടക്കുന്നവരെ കടക്കുവാന്‍ സമ്മതിക്കുന്നതും ഇല്ല’ എന്നതാകുന്നു. എത്ര വലിയ ഭോഷത്വവും അപരാധവും ആണ് അവര്‍ ചെയ്തത് എന്ന് ചിന്തിക്കുക. അവര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നില്ല എന്നത് അവരുടെ മഹാഭോഷത്വവും. സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതിന് മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കണം (മര്‍ക്കോസ് 1:14,15). പാരമ്പര്യത്തിലും മാനുഷിക ഉപദേശങ്ങളിലും വിശ്വസിച്ച (മത്തായി 15:3) അവരുടെ ഹൃദയം അതിനാല്‍ കഠിനമായി തീര്‍ന്നിരുന്നു. ദൈവത്തിന്റെ ആലോചനയെ അവര്‍ വൃഥാവാക്കി തീര്‍ത്തു. മാനസാന്തരത്തിന്റെ ആവശ്യം ചുങ്കക്കാര്‍ക്കും പാപികള്‍ക്കും മാത്രമേ ഉള്ളൂ എന്നും തങ്ങള്‍ക്കു അതിന്റെ ആവശ്യമില്ല എന്നും അവര്‍ കരുതി. മാനസാന്തരപ്പെടുവാന്‍ കഴിയാതിരുന്ന അവര്‍ക്ക് സുവിശേഷത്തില്‍ വിശ്വസിക്കുവാനും സാധിച്ചില്ല. ‘കര്‍ത്താവായ ക്രിസ്തു (മശിഹ) എന്ന രക്ഷിതാവ് (യേശു) ദാവീദിന്റെ നഗരത്തില്‍(ബേത്ലഹേം) ദാവീദിന്റെ സന്തതിയായി നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു'(ലൂക്കോസ് 2:11) എന്നതാണ് സുവിശേഷം. അവര്‍ക്ക് ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. തങ്ങളുടെ വാഗ്ദത്ത മശിഹായെ തിരിച്ചറിയുവാനും കഴിഞ്ഞില്ല. സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുവാന്‍ അവര്‍ തയ്യാറായില്ല.
ക്രിസ്തുവിലേക്ക് ആരും വരാതിരിക്കുവാന്‍, മശിഹയെ അംഗീകരിക്കാതിരിക്കുവാന്‍ അവര്‍ക്ക് ചെയ്യുവാന്‍ കഴിഞ്ഞതെല്ലാം അവര്‍ ചെയ്തുകൊണ്ടിരുന്നു. അങ്ങനെ മനുഷ്യര്‍ക്ക് അവര്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളഞ്ഞു. സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നവരെ കടക്കുവാന്‍ സമ്മതിക്കാതെ യേശുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തടസ്സം ഉണ്ടാക്കുകയായിരുന്നു അവര്‍ ചെയ്തത്. മശിഹയെ തിരിച്ചറിഞ്ഞ്, ജനങ്ങളെ മശിഹയിലേക്ക് നയിക്കേണ്ടവര്‍, മശിഹായെ തിരിച്ചറിയുവാന്‍ കഴിയാത്ത കുരുടന്മാര് ആവുകയും, ജനങ്ങളെ മശിഹായില്നിന്നും തടയുന്നവരുമായി തീര്‍ന്നത് അവരുടെ കപടഭക്തി കാരണമാണ്. അവരുടെ കപടഭക്തിയുടെ ഉറവിടം സ്വയനീതീകരണവും ആയിരുന്നു. പ്രവൃത്തിയാലുള്ള നീതീകരണത്തില്‍ ആയിരുന്നു അവര്‍ വിശ്വസിച്ചത്. ആഴ്ചയില്‍ രണ്ടുവട്ടം ഉപവസിച്ചും കിട്ടുന്നതില്‍ എല്ലാം പതാരം (ദശാംശം) കൊടുത്തും സമൂഹത്തിന്റെ മുമ്പില്‍ വെള്ള തേച്ച് മാന്യരും കപടഭക്തിയുടെ മുഖംമൂടി അണിഞ്ഞ് പ്രാര്‍ത്ഥിച്ചും ദാനധര്മ്മങ്ങള്ചെയ്തും അവര്‍ നീതി പ്രാപിക്കുവാന്‍ ശ്രമിച്ചു. തങ്ങള്‍ സ്വയം നീതിമാന്മാര് ആണെന്ന് ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഈ അബദ്ധം നമുക്ക് ആര്‍ക്കും പറ്റാതിരിക്കട്ടെ.
കപടഭക്തിക്കാരായ ശാസ്ത്രിമാരുടെയും പരീശന്മാരുടെയും മറ്റൊരു ഗുരുതരമായ പാപം: ‘വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു’ എന്നതാണ്. ഇവര്‍ ദ്രവ്യാഗ്രഹികളാണ്. ചൂഷണം ചെയ്യുന്നതിന് മിടുക്കന്മാര്. ഉറങ്ങിക്കിടക്കുന്നവനെ ഉണര്‍ത്തുവാന്‍ കഴിയും, എന്നാല്‍ ഉറക്കം നടിച്ച് കിടക്കുന്നവനെ ഉണര്‍ത്തുവാന്‍ സാധ്യമല്ല എന്ന് പറയുന്നതുപോലെ സ്വന്തം നേട്ടങ്ങള്‍ക്കായി മനഃപ്പൂര്‍വ്വം തെറ്റ് ചെയ്യുന്ന ഇവരെ തിരുത്തുവാനോ നേരായ പാതയിലേക്ക് തിരിക്കുവാനോ കഴിയുകയില്ല. വിധവമാരെ ചൂഷണം ചെയ്ത് അവരുടെ സമ്പത്ത് കവര്‍ന്നെടുക്കുന്ന ഇവര്‍ അത് മറയ്ക്കുവാന്‍ ദീര്‍ഘമായ പ്രാര്‍ത്ഥനകള്‍ നടത്തുന്നു. എത്ര കഷ്ടം. പ്രാര്‍ത്ഥനയുടെ മറവില്‍ പാവങ്ങളെ ചൂഷണം ചെയ്യുന്നവര്‍! ഇത് ഇന്നും ക്രിസ്തീയ ഗോളത്തില്‍ നാം കാണുന്ന യാഥാര്‍ത്ഥ്യം അല്ലേ?
അന്ത്യകാലത്ത് ദുര്‍ഘടസമയങ്ങള്‍ വരും എന്ന മുന്നറിയിപ്പിനൊപ്പം കപടഭക്തരും ചൂഷണം ചെയ്യുന്നവരുമായവരെക്കുറിച്ച് വ്യക്തമായി പരിശുദ്ധാത്മാവ് പൗലോസിലൂടെ നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. ആ വചനങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു. ‘അവര്‍ വഞ്ചകരും വീണ്ടുവിചാരം ഇല്ലാത്ത എടുത്തുചാട്ടക്കാരും വിവരംകെട്ട ഗര്‍വ്വിഷ്ഠരും ദൈവത്തെ സ്നേഹിക്കുന്നതില്‍ ഉപരി സുഖഭോഗപ്രിയരും ആയിരിക്കും. ഇങ്ങനെ, അവര്‍ ഭക്തിയുടെ ശക്തിയെ പരിത്യജിച്ചവരെങ്കിലും അതിന്റെ ബാഹ്യരൂപം ധരിക്കുന്നവരും ആയിരിക്കും. ഇങ്ങനെയുള്ളവരെ വിട്ടകന്നു കൊള്ളുക. ഇവരില്‍ ചിലര്‍ ഭവനങ്ങളില്‍ നുഴഞ്ഞുകയറി പാപാധിക്യത്തിനും നാനാവിധ ദുരാശകള്‍ക്കും അധീനരായിരിക്കുന്ന ദുര്‍ബല സ്ത്രീകളെ വശപ്പെടുത്തുന്നു’ (2 തിമോഥെയൊസ് 3:46). ആത്മീകതയുടെ മറവില്ചൂഷണം ചെയ്യുന്നവരെ സൂക്ഷിച്ച് ഒഴിയുക. ഇതേക്കുറിച്ച് മറ്റുള്ള സഹോദരങ്ങളെ ബോധവല്‍ക്കരിക്കുകയും വേണം. പരീശന്മാന്മാര് ദീര്‍ഘമായി പ്രാര്‍ത്ഥിച്ചിരുന്നു. മൂന്നു മണിക്കൂര്‍വരെ അവര്‍ പ്രാര്‍ത്ഥിച്ചിരുന്നു. അങ്ങനെ ദിവസം മൂന്നു നേരം! പ്രാര്ത്ഥനാവീരന്മാരായി ജനം അവരെ കണ്ടിരുന്നു. എന്നാല്‍ ഹൃദയങ്ങളെ അറിയുന്ന കര്‍ത്താവ് പറഞ്ഞത് അവര്‍ പ്രാര്‍ത്ഥിച്ചത് വിധവമാരെ പറ്റിക്കുവാനുള്ള ഒരു ഉപായമായിരുന്നു എന്നാണ്. പ്രാര്‍ത്ഥനയില്‍ കേള്‍വിക്കാരെ സുഖിപ്പിച്ച് അവരെ കൊള്ളയടിക്കുന്ന പ്രവാചകന്മാരെയും പ്രാര്ത്ഥനാവീരരെയും ഒക്കെ സൂക്ഷിക്കണം. കൂടെക്കൂടെ നീണ്ട ദിവസങ്ങള്‍ ഉപവസിക്കുന്നു എന്ന് നമുക്ക് തോന്നാം. എന്നാല്‍ ഇത് ഒരു ഉപായമാക്കി തീര്‍ക്കുന്നവര്‍ക്ക് അയ്യോ കഷ്ടം!
മൂന്നാമതായി പരീശന്മാരുടെയും ശാസ്ത്രിമാരുടെയും വികൃതമുഖം തുറന്നു കാട്ടുന്ന മേഖല അവരുടെ മതപ്രചരണം ആണ്. അവരുടെ മതമായ യഹൂദാമതത്തില് ചേര്‍ക്കുന്നതിനോ അവരുടെ അനുയായികള്‍ ആക്കുന്നതിനോ അവര്‍ കടലും കരയും താണ്ടി യാത്ര ചെയ്യുന്നു. ഒരാളെ മതത്തില്‍ ചേര്‍ക്കാന്‍ അവര്‍ വലിയ അധ്വാനമാണ് ചെയ്യുന്നത്. മനുഷ്യര്‍ക്ക് സ്വര്‍ഗ്ഗരാജ്യം അടച്ചു കളയുന്ന ഇവര്‍ മതത്തില്‍ ആളെ കൂട്ടുവാന്‍ കഠിനാധ്വാനം ചെയ്യുന്നു. വാസ്തവത്തില്‍ എത്ര വലിയ ഭോഷത്തമാണ് അവര്‍ ചെയ്യുന്നത്? ഇന്നത്തെ സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം? ജനങ്ങള്‍ പാപത്തില്‍നിന്നും അതിന്റെ ശിക്ഷാവിധിയില്‍നിന്നും വിടുതല്‍നേടി, നിത്യജീവന്പ്രാപിച്ച് ദൈവത്തിന്റെ മക്കളായി തീരണം എന്ന ആത്മാര്‍ത്ഥമായ ആത്മഭാരമാണോ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ പിമ്പില്‍ ഓരോ വ്യക്തിയിലും ഉള്ളത്? അതോ എന്തെങ്കിലും നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള കുറുക്കുവഴിയാണോ? അവരവര്‍ ആയിരിക്കുന്ന ‘തങ്ങളുടെ സഭയില്‍’ ജനങ്ങളെ ചേര്‍ക്കുക എന്നതാണോ താല്പര്യം? സ്വയപരിശോധന തീര്‍ച്ചയായും ഗുണം ചെയ്യും. തെറ്റുകള്‍തിരുത്തി നാം മുന്നോട്ട് പോകേണ്ടത് വളരെ അത്യാവശ്യമാണ്. പരീശന്മാരുടെയും ശാസ്ത്രിന്മാരുടെയും കഠിനപ്രയത്നത്തിന് ഫലം എന്താണ് ഉള്ളത്? കര്‍ത്താവ് പറയുന്നു: ‘ഒരുവനെ മതത്തില്‍ ചേര്‍ത്ത ശേഷം അവനെ നിങ്ങളെക്കാള്‍ ഇരട്ടിച്ച നരകയോഗ്യന്‍ ആക്കുന്നു’ കര്‍ത്താവ്, സര്‍വ്വാധികാരി ആയവന് അവര്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നു. നിങ്ങള്‍ നരകയോഗ്യര്‍, മതത്തില്‍ ചേര്‍ത്തവരെ നിങ്ങളെക്കാള്‍ ഇരട്ടി നരകയോഗ്യരാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. തെറ്റായ മാതൃക കാട്ടി, തെറ്റായ ഉപദേശങ്ങള്‍ പഠിപ്പിച്ച് ഇവര്‍ അവരുടെ ഗുരുക്കന്മാരേക്കാള്‍ വലിയ കപടഭക്തരായി മാറുന്നു. ദൈവവചനത്തിന്റെ സത്യം വിട്ട് അവര്‍ കൂടുതല്‍ വ്യാജത്തിലേക്ക് തിരിയുന്നു.
അടുത്ത തലമുറ നമ്മെക്കാള്‍ ശക്തരായിരിക്കണം. ശരിയായ ജീവിതമാതൃക കാട്ടി, ശരിയായ ആത്മീയ ഉപദേശത്തില്‍, ദൈവവചനത്തിന്റെ ലളിത സത്യമാകുന്ന മായമില്ലാത്ത പാലും പഥ്യോപദേശം ആകുന്ന കട്ടിയായ ആഹാരവും നല്കി നാം ഇന്ന് നമ്മുടെ ഇളം തലമുറകളെ പരിശീലിപ്പിക്കുന്നു എങ്കില്‍ അവര്‍ നമ്മെക്കാള്‍ ശക്തരായി ദൈവത്താല്‍ ഉപയോഗിക്കപ്പെടും. അവര്‍ കര്‍ത്താവിനായി ഫലം നല്‍കും. എന്നാല്‍ കപടഭക്തരുടെ പിന്‍ഗാമികള്‍ അവരെക്കാള്‍ കപടഭക്തിയില്‍ ശക്തന്മാരായി തീരുവാനാണ് സാധ്യത. അതെ, അങ്ങനെ ഇരട്ടി ശിക്ഷാവിധിക്ക് യോഗ്യര്‍ ആയേക്കാം! കപടഭക്തി നമുക്ക് സൂക്ഷിച്ച് ഒഴിയാം!! ഭയത്തോടും വിറയലോടും കൂടെ നമ്മുടെ പ്രവാസകാലം നയിക്കാം.