“യേശു അവനെ അനുവദിക്കാതെ നിന്റെ വീട്ടില്‍ നിനക്കുള്ളവരുടെ അടുക്കല്‍ ചെന്ന്, കര്‍ത്താവു നിനക്കു ചെയ്തതൊക്കെയും, നിന്നോടു കരുണ കാണിച്ചതും പ്രസ്താവിക്ക എന്ന് അവനോടു പറഞ്ഞു” (മര്‍ക്കോസ് 5:19).
ബൈബിള്‍ എക്സ്പൊസിറ്ററി കമന്ററിയില്‍ ഭൂതഗ്രസ്തനായ ഈ മനുഷ്യനോടു മൂന്നു ശക്തികള്‍ എങ്ങനെ ഇടപെടുന്നു എന്നതിനെപ്പറ്റി ഒരു വിവരണമുണ്ട്. ഒന്നാമത് പിശാച് ഈ വ്യക്തിയോടു എങ്ങനെ ഇടപെടുന്നു; രണ്ടാമത് അവന്റെ നാട്ടുകാര്‍ അവനോട് എങ്ങനെ ഇടപെടുന്നു; മൂന്നാമത് കര്‍ത്താവ് എങ്ങനെ അവനോട് ഇടപെടുന്നു? പിശാച് ഒരു വ്യക്തിയെ എത്രത്തോളം തകര്‍ക്കും എന്നതിന്റെ ഒരു വാങ്മയചിത്രമാണു വാസ്തവത്തില്‍ മര്‍ക്കൊസിന്റെ വിവരണം. ചങ്ങല വലിച്ചുപൊട്ടിച്ച്… കല്ലറകളില്‍ താമസിച്ച്… കല്ലുകൊണ്ട് സ്വന്തം ശരീരം ഇടിച്ചുപൊട്ടിക്കുന്ന ഒരു മനുഷ്യന്! പിശാച് ഏതു മനുഷ്യനോടും അതുതന്നെ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. മനുഷ്യന് വിധേയപ്പെട്ടാല്‍ പിശാച് അതും അതിനപ്പുറവും മനുഷ്യനോടു ചെയ്യും. എന്നാല്‍, പിശാചിനു വിധേയപ്പെടാത്ത—ദൈവത്തിനു തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്ന ഒരു മനുഷ്യനോടും പിശാചിന് ഒന്നും ചെയ്യാനാകില്ല. 700 വര്‍ഷം മുമ്പ് മദ്ധ്യേഷ്യന്‍ രാജ്യങ്ങളെ പിടിച്ചടക്കാനുള്ള ആവേശത്തില്‍ ചെങ്കിസ്ഖാന് നടത്തിയ തേരോട്ടത്തില്‍ അയാളുടെ കാല്ക്കീഴില് ഞെരിഞ്ഞമര്ന്നതു നൂറുകണക്കിനു ചെറുരാജ്യങ്ങളാണ്. അടിമകളായി പിടികൂടിയവരെ ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നത് ബാധ്യതയായപ്പോള്‍ അവരെ വിട്ടയയ്ക്കുന്നതിനു പകരം കുന്നുകുന്നായി കൂട്ടിയിട്ടു കൂട്ടക്കൊല ചെയ്യാനാണ് ചെങ്കിസ്ഖാന് ശ്രമിച്ചത്. അങ്ങനെ മദ്ധ്യേഷ്യയിലെ പലരാജ്യങ്ങളിലും മനുഷ്യാസ്ഥികളുടെ വലിയ പിരമിഡുകള്തന്നെ രൂപപ്പെട്ടു.
ചെങ്കിസ്ഖാന് തകര്‍ത്തുകളഞ്ഞ ജീവിതങ്ങള്‍ മദ്ധ്യേഷ്യയില്‍ അസ്ഥിപിരമിഡുകള് തീര്‍ത്തെങ്കില്‍, പിശാച് സഹസ്രാബ്ദങ്ങളായി തകര്‍ത്തുകളഞ്ഞ മനുഷ്യരുടെ അസ്ഥികള്‍ കുന്നുകൂട്ടിയിരുന്നെങ്കില് അതു ഭൂമിയിലെവിടൊക്കെ ഉണ്ടാകുമായിരുന്നു. അതിന് എത്രയോ ഉയരമുണ്ടാവുമായിരുന്നു! ‘മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളന് വരുന്നില്ല’ എന്നു യേശു പറഞ്ഞു. ദൈവം നന്മയില്തീര്ത്ത മനുഷ്യനെത്തേടിയെത്തുന്ന തിന്മയുടെ വാഴ്ചയാണു പിശാച്—കള്ളന്! അവന് മനുഷ്യനിലെ നന്മയെ കവര്‍ന്ന് ജീവനെ കൊന്ന് നിത്യതയെ നശിപ്പിച്ചുകളയുന്നു. ഭൂതഗ്രസ്തനായ ഈ മനുഷ്യനെ തേടിയെത്തിയ ആദ്യത്തെ ശക്തി പിശാചിന്റെ ഭൂതശക്തി തന്നെ. അത് അവന്റെ ജീവിതത്തിലെ നന്മയെല്ലാം കവര്‍ന്നെടുത്തു. അവന് അവന്റെ വീടു നഷ്ടപ്പെട്ടു. കല്ലറകളിലാണ് ഇപ്പോള്‍ വാസം. കുടുംബവുമായി അവനുണ്ടായിരുന്ന കൂട്ടായ്മ നഷ്ടപ്പെട്ടു. കൂട്ടുകാര്‍ നഷ്ടപ്പെട്ടു. നാട്ടിലെ ജീവിതം നഷ്ടപ്പെട്ടു. അവന്റെ മാന്യത നഷ്ടപ്പെട്ടു. നഗ്നനായി നടക്കുന്ന ഈ വ്യക്തി അപമാനിതനായിത്തീര്ന്നു. അവന്റെ സ്വയനിയന്ത്രണം നഷ്ടപ്പെട്ടു… ജീവിതത്തിന്റെ ലക്ഷ്യം നഷ്ടപ്പെട്ടു, പ്രത്യാശ നഷ്ടപ്പെട്ടു, സമാധാനം നഷ്ടപ്പെട്ടു, കല്ലറകളിലും കാടുകളിലും നിലവിളിച്ചുകൊണ്ട് ഓടിനടന്ന മനുഷ്യന് (മര്‍ക്കോസ് 5: 3-5). ഇങ്ങനെയൊരു മനുഷ്യനെ തേടിയാണല്ലോ യേശു വന്നത്! അതിലുപരിയായി പറഞ്ഞാല്‍ ഇങ്ങനെയൊരു മനുഷ്യനെ മാത്രം തേടിയാണല്ലോ യേശു വന്നത്! ഗദരദേശത്തെ അപ്രാവശ്യത്തെ യേശുവിന്റെ യാത്രയില്‍ ദൈവരാജ്യപ്രവേശനം ലഭിച്ച ഏകവ്യക്തി ആ ഭൂതഗ്രസ്തനാണെന്നു നമുക്കറിയാം.
റോബര്‍ട്ട് മോഫെറ്റ് സൗത്ത് ആഫ്രിക്കയില്‍ മിഷനറിയായി പ്രവര്‍ത്തിക്കുന്ന സമയം. നാടുമുഴുവന്‍ വിറപ്പിച്ച ഒരു ഭീകരനെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. നമ്മുടെ നാട്ടിലെ വീരപ്പനെപോലെ ഒരാള്‍! അയാളുടെ തലയ്ക്ക് അന്ന് 500 പൗണ്ട് പറഞ്ഞിരുന്നു. മോഫെറ്റ് ആ മനുഷ്യനെ തിരഞ്ഞു കാട്ടിലേക്ക് പോകുവാന്‍ തീരുമാനിച്ചു. എല്ലാവരും നിരുത്സാഹപ്പെടുത്തിയെങ്കിലും ദൈവത്തില്‍നിന്ന് ആലോചന പ്രാപിച്ച മോഫെറ്റ് പിന്മാറാന് തയ്യാറല്ലായിരുന്നു. വനത്തിലേക്കുപോയ മോഫെറ്റ് ആഴ്ചകള്‍ കഴിഞ്ഞും മടങ്ങിവന്നില്ല. മിഷനറി കൊല്ലപ്പെട്ടുവെന്ന് തന്നെ എല്ലാവരും ചിന്തിച്ചു. എന്നാല്‍, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടു മിഷനറി ഒരുദിവസം മടങ്ങിയെത്തി. കൂടെ കിരാതനായിരുന്ന ആ പിടികിട്ടാപ്പുള്ളിയുമുണ്ടായിരുന്നു. ക്രിസ്തുവിനുവേണ്ടി ആ കിരാതനെ നേടുന്നതില്‍ മിഷനറി മോഫെറ്റ് വിജയിച്ചു. അയാള്‍ രൂപാന്തരം പ്രാപിച്ചെന്നും, അയാളുടെ തെറ്റുകള്‍ ക്ഷമിച്ച് ഒരു പുതിയജീവിതത്തിന് അവസരം നല്‍കണമെന്നും മോഫെറ്റ് കോടതിയില്‍ വാദിച്ചു. കോടതി അയാളെ വെറുതെ വിട്ടു. അയാളുടെ തലയ്ക്കു പ്രതിഫലമായി പറഞ്ഞിരുന്ന 500 പൗണ്ട് അയാളുടെതന്നെ പുനരധിവാസത്തിനുവേണ്ടി നല്കുവാന് മോഫെറ്റ് പോലീസ് ഡിപ്പാര്‍ട്ടുമെന്റിനോട് അപേക്ഷിച്ചു. പോലീസ് മോഫെറ്റിന്റെ അഭ്യര്‍ഥന അംഗീകരിച്ചു. രക്ഷിക്കപ്പെട്ട ആ കിരാത മനുഷ്യന് പിന്നീട് നൂറുകണക്കിന് ആളുകളെ കര്‍ത്താവിനുവേണ്ടി നേടി! ഭീകരനായിത്തീര്‍ന്ന ഭൂതഗ്രസ്തനോട് പിശാച് എന്തുചെയ്തുവെന്നു നാം കണ്ടു. ആ വ്യക്തിയോട് സമൂഹം എങ്ങനെയാണ് ഇടപെട്ടത്? സമൂഹത്തില്‍ അയാള്‍ ഒരു പേടിസ്വപ്നമായിരുന്നു. അതിനാല്‍ സമൂഹം അയാളെ ഒഴിവാക്കാന്‍ നോക്കി. തങ്ങളുടെ സ്വൈര്യവിഹാരത്തെ തടസ്സപ്പെടുത്തുന്ന എന്തിനെയും സമൂഹം ഒഴിവാക്കും—അതു ഭൂതഗ്രസ്തനാണെങ്കിലും, യേശുവാണെങ്കിലും. ഭൂതഗ്രസ്തനെ ഒഴിവാക്കാന്‍ സമൂഹം അയാള്‍ക്കു ചങ്ങലതീര്ത്തു. എന്നാല്‍, യേശു അയാളുടെ ജീവിതത്തിലേക്കു വന്നത് അയാളുടെ ചങ്ങലയെ തകര്‍ത്തുകളയാനാണ്. മനുഷ്യന് തീര്‍ത്ത ചങ്ങല മാത്രമല്ല, പിശാച് തീര്‍ത്ത ചങ്ങലയും തകര്‍ക്കുവാന്‍. മനുഷ്യന് തീര്‍ത്ത ചങ്ങല ഉരുമിപ്പൊട്ടിക്കാന് പിശാച് അയാളെ സഹായിച്ചു. എന്നാല്‍, ഇവിടെയിതാ യേശു പിശാചിന്റെ ചങ്ങലയില്‍നിന്നും അയാളെ സ്വതന്ത്രനാക്കുന്നു.
മൂന്നു കൂട്ടര് ഭൂതഗ്രസ്തനെ തേടിവരുന്നതു നാം കണ്ടു. അതുപോലെ രസകരമായ ഒരു കാര്യം മൂന്ന് അപേക്ഷകള്‍ ഈ വേദഭാഗത്ത് യേശുവിനോട് അപേക്ഷകര്‍ നടത്തുന്നുണ്ട്. ഒന്നാമത്തെ അപേക്ഷ “ഭൂതത്തിന്റെ” അപേക്ഷയാണ് ഞങ്ങളെ പാതാളത്തിലേക്ക് അയയ്ക്കരുത്, പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കണം” എന്നതായിരുന്നു ഭൂതത്തിന്റെ അപേക്ഷ. യേശു അത് അംഗീകരിച്ചു. അടുത്ത അപേക്ഷ യേശുവിനോട് നടത്തുന്നത് ഭൂതഗ്രസ്തന് സൗഖ്യമായതറിഞ്ഞ് ഓടിക്കൂടിയ ഗദരനാട്ടുകാരാണ്. അത്, “ദയവായി ഞങ്ങളുടെ നാടുവിട്ടുപോകണമേ” എന്നാണ്. അതും യേശു സമ്മതിച്ചു. യേശു ഗലീലനാടിന്റെ മറുകരയിലേക്കു മടങ്ങിപ്പോകാന്‍ തയ്യാറായി. മൂന്നാമത്തെ അപേക്ഷ നടത്തുന്നത് സൗഖ്യമായിത്തീര്ന്ന ഭൂതഗ്രസ്തനാണ്. “യേശുവേ, ദയവായി എന്നെ ഇവിടെ നിര്‍ത്തിയിട്ടു പോകരുതേ, എന്നെക്കൂടെ കൊണ്ടുപോകേണമേ” എന്നാണ് സുബോധം വന്ന ഭൂതഗ്രസ്തന്റെ അപേക്ഷ. സുബോധം വന്നവന് യേശുവിന്റെ കൂടെ പോകുവാന്‍ ഇഷ്ടപ്പെടും. സുബോധമില്ലാത്തവന് യേശുവിനെ ഓടിച്ചുവിടും. ഭൂതത്തിന്റെയും നാട്ടുകാരുടെയും അപേക്ഷ കേട്ട യേശു തന്റെ നവശിഷ്യന്റെ അപേക്ഷ മാത്രം എന്തുകൊണ്ടു കേട്ടില്ല? കാരണമുണ്ട്. ഒരു ശിഷ്യന് ഏറ്റവും മെച്ചമായത് എന്തെന്ന് അറിയാവുന്നതു ശിഷ്യനല്ല, യേശുവിനാണ്. അതുകൊണ്ട് ആത്യന്തിക നന്മയ്ക്കുതകാത്ത ഏതുകാര്യം യേശുവിനോട് ഒരു ശിഷ്യന് ചോദിച്ചാലും യേശു അത് അനുവദിക്കുകയില്ല. കാരണം, ദൈവം തന്റെ ശിഷ്യനെ അത്രയ്ക്കു സ്നേഹിക്കുന്നു. അപ്പോള്‍ ശിഷ്യന്റെ പ്രാര്‍ഥനയ്ക്ക് ദൈവം പലപ്പോഴും മറുപടി നല്‍കാതിരിക്കുന്നതു ശിഷ്യനോടുള്ള സ്നേഹക്കുറവുകൊണ്ടല്ല, സ്നേഹക്കൂടുതല്‍കൊണ്ടാണ്.
ശിഷ്യനാകാനുള്ള തീരുമാനമെടുക്കുന്നത് ഓരോരുത്തരും വ്യക്തിപരമായാണെങ്കിലും ശിഷ്യനായിക്കഴിഞ്ഞാല് ശിഷ്യനുവേണ്ടി തീരുമാനമെടുക്കുന്നത് ശിഷ്യനല്ല, കര്‍ത്താവാണ്. ‘തന്നെ കൂടെ കൊണ്ടുപോകണ’മെന്ന് അവന് ആവശ്യപ്പെടുന്നത് സ്വഭാവികമായി പറഞ്ഞാല്‍ അംഗീകരിക്കേണ്ട ഒരു ആവശ്യമാണ്. ഒരുപക്ഷെ അവന് പറയുന്നത് ഇങ്ങനെയാവാം: കര്‍ത്താവേ, എന്നെ ഇവിടെ നിര്‍ത്തിയാല്‍ ഞാന്‍ എങ്ങോട്ടു പോകും? എന്റെ വീട്ടുകാര്‍ എന്നെ സ്വീകരിക്കില്ല. എന്റെ നാട്ടുകാര്‍ എന്നെ ഓടിച്ചുവിടും. എനിക്കു കൂട്ടുകാരില്ല, കുടുംബക്കാരില്ല… എല്ലാവരും എന്നെ വെറുക്കുന്നു… എന്നെ നിന്റെ കൂടെ കൊണ്ടുപോകണം.
യേശു അവനെ അനുവദിക്കാതെ “നിന്റെ വീട്ടില്‍ നിനക്കുള്ളവരുടെ അടുക്കല്‍ചെന്ന്, കര്‍ത്താവ് നിനക്കു ചെയ്തതൊക്കെയും നിനക്കു കരുണ കാണിച്ചതും പ്രസ്താവിക്ക” എന്ന് അവനോടു പറഞ്ഞു (മര്‍ക്കോസ് 5: 19). കര്‍ത്താവു നമ്മെ സൗഖ്യമാക്കിയതു സാക്ഷിയാകാനാണ് എന്ന സത്യം നാം പലപ്പോഴും മറന്നുപോകുന്നു. ഈ പുതിയ ശിഷ്യനെ നാം അഭിനന്ദിക്കേണ്ടത് അവന്റെ അനുസരണത്തിന്റെ കാര്യത്തിലാണ്. യേശു പറഞ്ഞതും അതിലധികവും അവന് ചെയ്തു. അത് അക്ഷരാര്‍ഥത്തില്‍ ചെയ്തു എന്നു തന്നെ ഞാന്ചിന്തിക്കുന്നു. യേശു പറഞ്ഞത്, “നിന്റെ വീട്ടില്‍ നിനക്കുള്ളവരുടെ അടുക്കല്‍ ചെല്ലുക” എന്നാണ്. അവന് വീട്ടിലെത്തുന്ന സംഭവം ഭാവനയില്‍ കണ്ടുനോക്കൂ.
ഒരുപക്ഷെ ദൂരെനിന്ന് അയാള്‍ നടന്നുവരുന്നതു മൂത്തകുട്ടി കണ്ടുവെന്നിരിക്കട്ടെ… അയാളുടെ ‘തലവെട്ടം’ കാണുമ്പോള്‍തന്നെ അവന് അലറിക്കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടുമായിരിക്കണം. “അമ്മേ… അച്ഛന് വരുന്നു പെട്ടെന്ന് കതകടയ്ക്ക്!” എന്നാവും അവന്റെ കരച്ചില്. അമ്മ ഓടിവന്നു പുറത്തേക്ക് ഒന്നുനോക്കി. അതെ, തന്റെ ഭര്‍ത്താവ് വരുന്നുണ്ട്. അവര്‍ പെട്ടെന്നു തന്നെ മുന്‍വാതില്‍ അടച്ചു. ഇല്ലെങ്കില്‍ എന്തു സംഭവിക്കും എന്ന് എങ്ങനെ അറിയാം. തന്നെ എന്തുവേണമെങ്കിലും ചെയ്തോട്ടെ, തന്റെ കുഞ്ഞുങ്ങളുടെ ജീവന് അപകടം സംഭവിച്ചാലോ… കഴിഞ്ഞ തവണ വന്നപ്പോള്‍ ജനാലയുടെ ചില്ലുകള്‍ തല്ലിപ്പൊട്ടിച്ചതും കുഞ്ഞിന്റെ തലയ്ക്ക് കല്ലു വലിച്ചെറിഞ്ഞതുമൊക്കെ അവര്‍ ഓര്‍ത്തുകാണണം. ആ സ്ത്രീ കുഞ്ഞുങ്ങളെയുംകൊണ്ട് അകമുറിയിലേക്കു കയറിപ്പോയി.
ഇടയ്ക്ക് ഇളയമകന്, പൊട്ടിയ ജനാലയുടെ വിടവിലൂടെ അച്ഛനെ നോക്കി. ‘അമ്മേ… അമ്മേ… അതാ അച്ഛന് ഉടുപ്പിട്ടിട്ടുണ്ട്’ അവന് വിളിച്ചു പറഞ്ഞു. ങേ! ങേ! ചേട്ടന് മുന്മുറിയിലേക്കോടി ജനാലയുടെ പാളി തുറന്നു നോക്കി. ‘ശരിയാണ് അച്ഛന് വസ്ത്രം ധരിച്ചിട്ടുണ്ട്, അയ്യോ, അമ്മേ, അച്ഛന് വസ്ത്രം ധരിച്ചിട്ടുണ്ട്. തന്നെയല്ല, അച്ഛന് ചിരിച്ചുകൊണ്ടാണ് അമ്മേ വരുന്നത് അവന് പറഞ്ഞു’.
അമ്മയ്ക്കും ഉദ്വേഗം അടക്കാന്‍ കഴിഞ്ഞില്ല. മക്കള്‍ക്കു പിന്നാലെ അവരും മുന്മുറിയിലെത്തി. ദൈവമേ, കുഞ്ഞുങ്ങള്‍ പറഞ്ഞതു ശരിയാകുമോ? എന്റെ ഭര്‍ത്താവിനെ എനിക്കു തിരികെ കിട്ടുമോ? അപ്പോള്‍ വാതില്ക്കല് മുട്ടുകേട്ടു. ‘കുഞ്ഞേ…മോനേ.. അച്ഛനാ പേടിക്കേണ്ട.. കതകു തുറക്ക്’ വര്‍ഷങ്ങള്‍ക്കുശേഷം ആ കുടുംബം പിതാവിന്റെ സുബോധത്തോടെയുള്ള ശബ്ദംകേട്ടു. എന്തുചെയ്യണം? വാതില്തുറക്കണമോ? അപകടമുണ്ടാവുമോ?
ഒടുവില്‍ രണ്ടും കല്പിച്ച് ആ സ്ത്രീ വാതില്‍തുറന്നു. സുഖം ലഭിച്ച ഭൂതഗ്രസ്തനായിരുന്ന വ്യക്തി വര്‍ഷങ്ങള്‍ക്കുശേഷം സുബോധത്തോടെ തന്റെ ഭവനത്തിലേക്കു കയറി. സ്തബ്ധരായി നില്ക്കുന്ന തന്റെ കുടുംബാംഗങ്ങളെ നോക്കി അയാള്‍ പറഞ്ഞു: ‘പേടിക്കേണ്ട യേശു എന്നെ സൗഖ്യമാക്കി.. യേശു എന്നെ സൗഖ്യമാക്കി’. അയാള്‍ ഇളയ കുഞ്ഞിന്റെ നേരെ കൈകള്‍നീട്ടി.. ആദ്യം അല്പമൊന്നു പകച്ചുനിന്നെങ്കിലും പിന്നെ അവന് അച്ഛന്റെ കൈകളിലേക്ക് ഓടിച്ചെന്നു. അയാള്‍ ഇളയമകനെ കരങ്ങളിലേന്തി ചുംബിച്ചു. മൂത്ത മകന് അച്ഛന്റെ അടുത്ത് ചേര്‍ന്നുനിന്നു. അയാള്‍ തന്റെ കൈകള്‍കൊണ്ടു ഭാര്യയുടെ മുടിയിഴകള്‍ തഴുകി. അവന് കര്‍ത്താവു തനിക്കു ചെയ്തതൊക്കെയും തന്നോടു കരുണ കാണിച്ചതുമെല്ലാം തന്റെ ഭവനത്തില്‍ വിവരിച്ചു (മര്‍ക്കോസ് 5: 26:19).
ഭൂതഗ്രസ്തനായിരുന്ന മനുഷ്യന് തന്റെ ഭവനത്തിന്റെ ഗേറ്റ് കടന്നുപോകുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. എന്താണു സംഭവിക്കുക എന്ന കാര്യത്തില്‍ അവര്‍ക്കൊരു ഉറപ്പില്ലായിരുന്നു. അയാള്‍ ഭ്രാന്തു കയറി ഭാര്യയെയും മക്കളെയും കൊന്നുകളയുമോ? അല്പം കഴിഞ്ഞപ്പോള്‍ അവര്‍ കണ്ടത് അപ്പന്റെ കൈയ്ക്കു പിടിച്ച് നടക്കുന്ന കുഞ്ഞുങ്ങളെയും ശാന്തമായി അവരെ അനുഗമിക്കുന്ന അവന്റെ ഭാര്യയെയുമാണ്… ഇതെന്തു പറ്റി? അവര്‍ ആശ്ചര്യപ്പെട്ടു. കാര്യമറിയാന്‍ ചിലര്‍ ധൈര്യപ്പെട്ട് അവരുടെ ഭവനത്തിലേക്കു വന്നു. അയാള്‍ യേശു തന്റെ ജീവിതത്തില്‍ ചെയ്ത കാരുണ്യത്തിന്റെ കഥ അവരോടും വിവരിച്ചു. അവര്‍ക്കെല്ലാം യേശുവിനെ കാണണമെന്ന് ആഗ്രഹമായി. എന്നാല്‍, പന്നിയുടെ ഉടമസ്ഥര്‍ യേശുവിനെ പറഞ്ഞുവിട്ട സംഭവം അയാള്‍ അവരോടു പറഞ്ഞു. ഇനി യേശു വന്നാല്‍ അവനെ നമ്മുടെ നാട്ടിലെ എല്ലാവരെയും കാണിക്കണം എന്ന് അവര്‍ തീരുമാനിച്ചു. യേശു തന്റെ പുതിയ ശിഷ്യനോട് കര്‍ത്താവു അവനു ചെയ്ത ഉപകാരങ്ങളെ വീട്ടുകാരോട് പറയാനാണു പറഞ്ഞത്. ‘എന്നാല്‍ അവന് പോയി യേശു തനിക്കു ചെയ്തതൊക്കെയും വീട്ടില്മാത്രമല്ല, ദക്കപ്പൊലി നാടുകളില്ഘോഷിച്ചുതുടങ്ങി’ (മര്‍ക്കോസ് 5: 20). യേശുവിന്റെ ശിഷ്യനായി യേശുവിനോടു കൂടെ നടക്കുന്നതു വളരെ അത്യാവശ്യം. എന്നാല്‍, യേശുവിന്റെ സാക്ഷിയാകാന്കഴിയുന്നതു മഹാഭാഗ്യം. ഒരു കാര്യമോര്‍ക്കണം യേശുവിനെ പുറത്താക്കിയ നാട്ടിലേക്കാണു യേശു തന്റെ ശിഷ്യനെ സാക്ഷിയാവാന്‍ അയച്ചത്. ഇന്നും യേശു തന്റെ സാക്ഷിയാവാന്‍ നമ്മെ പറഞ്ഞുവിടുന്നു. തന്നെ തിരസ്കരിച്ച ലോകത്തിലേക്ക്…
നികൃഷ്ടരും മറ്റുള്ളവരുടെ കണ്ണിനു ദയയില്ലാതിരുന്നവരുമായ നമ്മെത്തേടി അവിടുന്ന് ഇറങ്ങിവന്നല്ലോ. നമ്മോടുള്ള തന്റെ കരുതലിനും സ്നേഹത്തിനും തീര്‍ച്ചയായും നാം നന്ദിയും സന്തോഷവും ഉള്ളവരായിരിക്കണം. എന്നാല്‍ അതിനുമപ്പുറമായി അവിടുത്തെ സ്നേഹത്താല്‍ നിര്ബന്ധിക്കപ്പെട്ടവരായി യേശുവിനെ തിരസ്കരിച്ച ലോകത്തിലേക്ക് വിശ്വസ്തസാക്ഷിയായി ജീവിക്കുവാന്‍ നമുക്ക് നമ്മെത്തന്നെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കാം.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.