ആരും ദൈവകൃപയില്‍ കുറവുള്ളവരാകാതിരിക്കാനും കൈപ്പുള്ള വല്ല വേരുംമുളച്ചു വളര്‍ന്ന് കലക്കമുണ്ടായി അനേകര്‍ മലിനരാകാതിരിക്കാനും സൂക്ഷിക്കുക (എബ്രായര്‍12:15).
അന്ത്യകാലത്ത് മനുഷ്യര്‍ സ്വാര്‍ത്ഥരും ധനമോഹികളും വീമ്പിളക്കുന്നവരും അഹങ്കാരികളും ദൈവദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദികെട്ടവരും നാസ്തികരും മനുഷ്യത്വമില്ലാത്തവരും കൊടുംക്രൂരരും അപഖ്യാതി പരത്തുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും നിഷ്ഠൂരരും സദ്ഗുണവൈരികളും ആയിത്തീരും. ഇത്തരത്തിലേതെങ്കിലും അനീതിയോ ഹൃദയവേദനയോ അനുഭവിക്കാതെ ഈ ലോകത്തിലൂടെ കടന്നുപോകുക അസാധ്യമാണ്. ഇങ്ങനെയുള്ള പോരാട്ടങ്ങളെ നാം ക്രിസ്തുകേന്ദ്രീകൃതമായി നേരിടുന്നില്ലെങ്കില്‍ ആത്മാവിനുണ്ടാകുന്ന മുറിവ് നമ്മുടെ ഉള്ളില്‍ ആഴത്തിലുള്ള കൈപ്പു സൃഷ്ടിക്കുകയും, ആത്മീയജീവിതത്തെത്തന്നെ വിഷലിപ്തമാക്കുകയും ചെയ്യും. എന്റെ നാല്‍പ്പത്തിയാറ് വര്‍ഷത്തെ ശുശ്രൂഷയില്‍, ഉള്ളില്‍ കോപത്തോടെയും വെറുപ്പോടെയും നീരസത്തോടെയും ജീവിക്കുന്നവരെ കണ്ടിട്ടുണ്ട്. എല്ലാം ഉള്ളില്‍ മറച്ചുപിടിച്ചു മാന്യമായി ജീവിക്കുന്ന നിരവധി ക്രിസ്ത്യാനികളെ എനിക്കറിയാം. അഗ്നിപര്‍വ്വതത്തിനുള്ളില്‍ ലാവാ തിളച്ചു മറിയുന്നതു പോലെ ഹൃദയത്തില്‍ കൈപ്പു തിളച്ചു മറിയുമ്പോഴും വളരെ സമര്‍ത്ഥമായി സ്നേഹം വഴിഞ്ഞൊഴുകുന്ന വിധത്തില്‍ അഭിനയിക്കുന്നു ഇത്തരക്കാര്‍. അവര്‍ കൈപ്പിന്റെ വിഷം സമര്‍ത്ഥമായി മറച്ചുവെച്ചു കൊണ്ട് ക്രിസ്തുവിന്റെ ജീവനില്നിന്നകന്ന് ആത്മീയമായി മരിച്ച് നരകയോഗ്യരായി മാറുന്നു. ആളുകളോട് കോപത്തോടെ പ്രതികരിക്കുന്നത് തെറ്റാണെന്ന് നമുക്കറിയാം. എന്നിരുന്നാലും ഈ പാപം ഏറ്റുപറഞ്ഞു ഉന്മൂലനം ചെയ്യുകയും ദൈവത്തിന് കീഴടങ്ങുകയും ചെയ്യുന്നതിനുപകരം, കോപത്തെ നാം അടിച്ചമര്‍ത്തുന്നു. അടിച്ചമര്‍ത്തപ്പെട്ട കോപം കൈപ്പായി മാറുന്നു. അത് വാസ്തവത്തില്‍ പൂര്‍ത്തീകരിക്കാത്ത പ്രതികാരമാണ്. ഏതെങ്കിലും സന്ദര്‍ഭത്തില്‍ അവസരോചിതമായി പ്രതികാരം നിവര്‍ത്തിക്കുകയും ചെയ്യും. കൈപ്പിന്റെ ആത്മാവ് ചില വ്യക്തികളെ കുടുക്കില്പ്പെടുത്തിയിരിക്കുന്നു. അവര്‍ വേദനയുടെ ഓര്‍മ്മയില്‍ വസിക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു സ്ത്രീയെ കണ്ടുമുട്ടി. വിവാഹമോചനം വരെയെത്തിയ പ്രയാസകരമായ അവസ്ഥ അവര്‍ അനുഭവിച്ചു. ഇടയ്ക്കിടയ്ക്ക് ഞാന്‍ അവളുമായി സംസാരിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ സംസാരിക്കുമ്പോഴെല്ലാം അവള് തന്റെ മുന്‍ ഭര്‍ത്താവിനെക്കുറിച്ച് തുടക്കത്തില്‍ പറഞ്ഞിരുന്ന നെഗറ്റീവ് കാര്യങ്ങള്‍ കൈപ്പോടെ പറഞ്ഞു. അവള് അയാളില്‍നിന്ന് വിവാഹമോചനം നേടിയെങ്കിലും, ഹൃദയവേദനയില്‍ സ്വയം ബന്ദിയാക്കി നിര്‍ത്തിയ കൈപ്പുള്ള ആത്മാവാണ് അവളെ ഗ്രസിച്ചിരിക്കുന്നത്. കൈപ്പ് അവളില്‍ പകയും കോപവും ആയി പരിണമിച്ചു. അവളുടെ മനോഭാവം ക്രമപ്പെടുത്തുന്നതിനു പകരം കോപത്തിന്റെ ആത്മാവ് മറ്റുള്ളവരെ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
തന്റെ കൈപ്പിന് ദൈവത്തെ കുറ്റപ്പെടുത്തിയ ഒരു വ്യക്തിയാണ് രൂത്തിന്റെ പുസ്തകത്തിലെ നവോമി. തന്റെ ജീവിതത്തില്‍ കഷ്ടപ്പാടുകളും നഷ്ടങ്ങളും ദൈവം അനുവദിച്ചതില്‍ അവള്‍ക്കു നീരസം ഉണ്ടായി. ‘കര്‍ത്താവ് എന്നെ ശൂന്യതയിലേക്ക് കൊണ്ടുവന്നു’ (രൂത്ത് 1:21). ദൈവമാണ് തന്റെ ദുഃഖത്തിന്റെ കാരണം എന്നല്ലേ അവള് പറഞ്ഞത്. നഷ്ടം സഹിച്ച ഇയ്യോബിന്റെ ജീവിതവുമായി അവളുടെ ജീവിതത്തെ താരതമ്യം ചെയ്യുക (ഇയ്യോബ് 1). ഇയ്യോബിന് മക്കളും സ്വത്തുക്കളും നഷ്ടപ്പെട്ടു. എന്നിട്ടും അവന്കുമ്പിട്ട് ദൈവത്തെ ആരാധിച്ചു: ‘യഹോവ തന്നു, യഹോവഎടുത്തു. കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ’ എന്ന് പ്രതിവചിച്ചു. (ഇയ്യോബ് 1:21).
നാം എങ്ങനെ ദുഃഖത്തെ കൈകാര്യം ചെയ്യുന്നു എന്നത് നമ്മുടെ ദൈവാരാധനയുടെ ആഴം വെളിപ്പെടുത്തുന്നു. കഷ്ടങ്ങളില്‍ കര്‍ത്താവില്‍ സന്തോഷിക്കുവാന്‍ കഴിയുന്നവര്‍ ഹൃദയവേദനയ്ക്കിടയിലും സത്യാരാധനയുടെ മാതൃകകളായി മാറും. വര്‍ഷങ്ങളായി വേദനയിലൂടെ അവര്‍ ശുദ്ധീകരിക്കപ്പെടുകയും ദിവ്യസമാധാനത്താല്‍ നിറയുകയും ചെയ്യും. ‘ഞങ്ങള്‍ക്കുണ്ടാകുന്ന സകലകഷ്ടതകളിലും അവിടന്നു ഞങ്ങളെ ആശ്വസിപ്പിക്കുന്നു. അതുകൊണ്ട് ഞങ്ങളും ഏതുതരം കഷ്ടതയില്‍ ആയിരിക്കുന്നവരെയും ദൈവത്തില്‍നിന്നു ലഭിച്ചിരിക്കുന്ന ആശ്വാസത്താല്‍, ആശ്വസിപ്പിക്കാന്‍ പ്രാപ്തരായിരിക്കുന്നു’ (2 കൊരിന്ത്യര്‍1:3,4 ). പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള വിരഹവേദന അനുഭവിച്ചവരെ എനിക്കറിയാം. അവര്‍ ദുഃഖിതരായി ആഴ്ചകള്‍ക്കുള്ളില്‍ ദൈവത്തില്‍നിന്ന് അകന്നു. പ്രതികൂലാവസ്ഥയില്‍ നമ്മുടെ സ്വഭാവം എത്രമാത്രം ക്രിസ്താനുരൂപമായി രൂപാന്തരപ്പെട്ടു എന്ന് വെളിവാക്കുന്നു. നമ്മുടെ ഉള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് അത് തുറന്നുകാട്ടുന്നു.
പുരാതനകാലത്ത് മനുഷ്യവര്‍ഗ്ഗം സസ്യജാലങ്ങളില്‍ പരീക്ഷണംനടത്തി ഏതൊക്കെ സസ്യങ്ങളാണ് ഭക്ഷ്യയോഗ്യമെന്നും വിഷമുള്ളതെന്നും അറിയാന്‍ ശ്രമിച്ചു. അവരുടെ അന്വേഷണത്തില്‍, ഒരു ചെടിയോ പഴമോ മധുരമുള്ളതാണെങ്കില്‍, അത് കഴിക്കുന്നത് സുരക്ഷിതമാണെന്ന് കണ്ടെത്തി. വിഷമുള്ള സസ്യങ്ങള്‍, മനുഷ്യരെ രോഗികളാക്കുകയോ മരണത്തിലേക്ക് നയിക്കുകയോ ചെയ്യും. ഇതുപോലെ കൈപ്പിന്റെ വിഷം നിങ്ങളുടെ ആത്മാവില്‍ പ്രവേശിച്ചേക്കാം. അത് ഒരു വലിയ നിരാശയാലോ കഷ്ടത്താലോ ഒരുവനില്‍ ആരംഭിക്കാം. ഒരു ഗ്ലാസ് വെള്ളത്തില്‍ മഷി പടരുന്നതുപോലെ കൈപ്പു മനുഷ്യാത്മാവില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, അത് നമ്മുടെ അസ്തിത്വത്തിന്റെ എല്ലാ വശങ്ങളെയും ഇരുണ്ടതാക്കും. ജീവിതത്തെ നശിപ്പിക്കുക മാത്രമല്ല, കേള്‍വിക്കാരെ ‘കൈപ്പിന്റെ വേര്’ മലിനമാക്കും എന്ന് തിരുവെഴുത്തു മുന്നറിയിപ്പ് നല്കുന്നു (എബ്രായര്‍12:15). കൈപ്പിന്റെ ഉത്ഭവം ജീവിതത്തില്‍ മറഞ്ഞിരിക്കുന്ന പരിഹരിക്കപ്പെടാത്ത കോപമാണ്. ആരെങ്കിലും നമ്മെ വേദനിപ്പിച്ച സാഹചര്യം മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാന്തുടങ്ങുന്നതുവരെ ബാഹ്യമായി നാം ‘ശരിയായ ക്രിസ്ത്യാനിയായി’ കാണപ്പെടുന്നു. സംസാരിക്കുമ്പോള്‍ ‘കൈപ്പിന്റെ വേര്’ മറ്റുള്ളവരെ മലിനമാക്കുകയും ചെയ്യുന്നു. കൈപ്പിനെ നിര്മ്മൂലമാക്കുന്നില്ലെങ്കില് മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ വാക്കുകളിലൂടെ ആ കൈപ്പു ബഹിര്‍ഗ്ഗമിച്ച് അവരെയും മലിനമാക്കും. നിങ്ങളുടെ വാക്കുകള്‍കൊണ്ട് അവരെ മലിനമാക്കരുത്. കൈപ്പുളവാക്കുന്ന വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ കൈപ്പിന്റെ ആത്മാവ് നിങ്ങളുടെ ജീവിതത്തിലേക്കു പകരുന്നില്ലെന്നു ഉറപ്പു വരുത്തിക്കൊള്ളണം. നമ്മെ കൈപ്പില്നിന്ന് രക്ഷിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ യഥാര്‍ത്ഥത്തില്‍ മറ്റുള്ളവരെ, വിശേഷാല്‍ ആരോട് കൈപ്പു തോന്നിയിരുന്നുവോ അവരെ സ്നേഹിക്കുവാനും ഹൃദയപൂര്‍വ്വം ഇടപെടുവാനും സന്തോഷിക്കുവാനും കഴിയും. അതിനാല്‍, നമുക്ക് ആത്മാര്‍ത്ഥമായി കൃപാസനത്തെ സമീപിച്ച് നമ്മുടെ ഹൃദയത്തെ ക്രിസ്തുവിന്റെ ദിവ്യസ്വഭാവമാകുന്ന നറുമണം പരത്തുന്ന ഒരു പൂന്തോട്ടമാക്കുവാന് ദൈവത്തോട് അപേക്ഷിക്കാം. ‘നശിച്ചുപോകുന്നവര്‍ക്കു മരണത്തില്‍നിന്ന് മരണത്തിലേക്കുള്ള ദുര്‍ഗന്ധവും, രക്ഷിക്കപ്പെടുന്നവര്‍ക്ക് ജീവനില്നിന്ന് നിത്യജീവനിലേക്കുള്ള സുഗന്ധവും’ (2 കൊരിന്ത്യര്‍2: 16) എന്ന വചനവെളിച്ചത്തില്‍ നമുക്ക് നമ്മെത്തന്നെ പരിശോധിക്കാം.