ഊരാക്കുടുക്കില്‍പ്പെടുത്തുന്ന ഒരു വലിയ കെണിയാണ് രസത്തിനു തുടങ്ങി ശീലമായിപ്പോയ ആസക്തി. ചില വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സുഹൃത്തുമായി സംസാരിക്കുമ്പോള്‍ താന്‍ അകപ്പെട്ടുപോയ, രക്ഷപ്പെടാന്കഴിയാത്ത, സ്വൈര്യംകെടുത്തുന്ന ഒരു കെണിയുടെ വിപത്ത് ഹൃദയവേദനയോടെ വിവരിക്കയുണ്ടായി. എല്ലാ ദിവസവും രാവിലെ എഴുന്നേല്ക്കുമ്പോള് ഉത്തമമായ ഒരു തീരുമാനത്തോടെയാണ് ആ ദിവസം തുടങ്ങുന്നത്. മോശമല്ലാത്ത ബിസിനസ്സുണ്ട്. അത് നന്നായി നടത്തുവാനും ജീവിതം സന്തോഷപൂരിതമാക്കുവാനും ‘ഇന്ന് മുതല്‍ ഞാന്‍ മദ്യപിക്കയില്ല’ എന്ന ഉറച്ച തീരുമാനത്തോടെ ഓരോ ദിവസവും ആരംഭിക്കുന്നു. ഉച്ചകഴിഞ്ഞു നാലുമണി വരെ എടുത്തതീരുമാനത്തില് ഉറച്ചുനില്‍ക്കും. പലവുരു തീരുമാനം മനസ്സില്‍ ആവര്‍ത്തിച്ചുറപ്പിക്കും. എന്നാല്‍ വല്ലാത്ത ഒരു ദുര്യോഗം നാലുമണിയോടെ വന്നുചേരും. മനസ്സില്‍ വലിയ വടംവലി നടക്കുകയാണ്. ആരോ വന്നു ബലാത്ക്കാരേണ തന്നെ പിടിച്ചുകൊണ്ടുപോകുവാന്‍ ശ്രമിക്കുന്നതു പോലെ ഒരു തോന്നല്‍. ഇല്ല ഞാന്‍ മദ്യപാനം നിര്‍ത്തി, ശേഷിക്കുന്ന കാലം കുടുംബത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കും താന്‍ ഒരു ആശ്വാസമായിരിക്കണം. സന്തോഷമായി ജീവിക്കണം. കഷ്ടിച്ചു അഞ്ചുമണി വരെ മല്‍പ്പിടുത്തം തുടരും. പിന്നെ പതിവുപോലെ കീഴടങ്ങേണ്ടി വരുന്നു. ഷട്ടര്‍ താഴ്ത്തി, കടപൂട്ടി, പുറത്തേക്കിറങ്ങുകയായി. രാവിലത്തെ ദൃഢപ്രതിഞ്ജ ഓര്‍മ്മയിലുണ്ട്. ‘അരുത്’ എന്ന വിലക്കുകള്‍ ബലഹീനമാകയാണ്. പതിയെ പതിയെ ബാറിനടുത്തേക്കു നീങ്ങുന്നു. സര്‍വ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് നിരുപാധികം തോല്‍വിയടഞ്ഞ ഞാന്‍ അകത്തു കടന്നു പതിവ് സീറ്റില്‍ ഇരിപ്പായി. സ്ഥിരം കസ്റ്റമറായതിനാല്‍ സപ്ലയര്‍ ഇഷ്ട വിഭവങ്ങള്‍ മുമ്പില്നിരത്തുന്നു. പതിവായി തോറ്റു ശീലിച്ച ജാള്യത മറച്ചുകൊണ്ട് മടക്കയാത്ര വീട്ടിലേക്ക്. വലിയ കുഴപ്പമില്ലാതെ നടന്നു, വേച്ചുവേച്ചു ഓട്ടോ സ്റാന്ഡിലെത്തുന്നു. സ്ഥിരം ഓട്ടോക്കാരന്റെ സഹായത്തോടെ വണ്ടിക്കുള്ളിലേക്ക് ഒരു തരത്തില്കടക്കും. വീട്ടുപടിക്കല്യാത്ര അവസാനിപ്പിച്ചു വളരെ പ്രയാസപ്പെട്ടു പുറത്തിറങ്ങുന്ന തനിക്ക് കാലുകള്‍ ഉറയ്ക്കുന്നില്ല.
രണ്ടു കാലില്‍ മാന്യമായ വേഷം ധരിച്ച് പുറത്തിറങ്ങിയ ആ മനുഷ്യന് ഇപ്പോള്‍ സുബോധം നഷ്ടപ്പെട്ട് നാലുകാലില്‍ ഉള്ളിലേക്ക് കടക്കുന്നു. നിര്‍വികാരതയോടെ നോക്കി നില്ക്കുന്ന ഭാര്യ. അവളുടെ വേദന ആരറിയാന്‍? എറിഞ്ഞുടച്ച പാത്രങ്ങള്‍ക്കു എണ്ണവും കണക്കുമില്ല. കണ്ണീരും കയ്യുമായി കുടുംബാംഗങ്ങള്‍. അതിവിടെ പതിവാണെന്ന് അടക്കം പറയുന്ന അയല്‍ക്കാര്‍. ആഗ്രഹിച്ചതിനു വിപരീതമായി നരകം പോലെ വീട്. പിന്നെ ബോധരഹിതനായി കട്ടിലിലേക്ക്. രാവിലെ വീണ്ടും പുതുക്കിയ പഴയ തീരുമാനവുമായി തുടക്കം. ഇതിങ്ങനെ തുടരുന്നു. ‘എനിക്ക് രക്ഷപ്പെടണം, എന്താണ് ഒരു വഴി? ഒന്ന് സഹായിക്കാമോ?’ വേദനയോടെ ഞാനും ആ കണ്ണുകളിലേക്കു നോക്കി. തുടര്‍ന്നു ഞാന്പറഞ്ഞു: ‘താങ്കള്‍ മനസ്സ് വച്ചാല്‍ ദൈവം സഹായിക്കും. രോഗികളെയും ഭൂതഗ്രസ്തരെയും സൗഖ്യമാക്കിയ യേശുവിലൂടെ താങ്കള്‍ക്കും രക്ഷ പ്രാപിക്കാം. മദ്യപാനാസക്തിയില്‍നിന്ന് മാത്രമല്ല നിത്യനരകത്തില്‍നിന്നും എന്നന്നേക്കുമായി വിടുതല്പ്രാപിക്കാം’. അദ്ദേഹത്തിന് ആഗ്രഹമുണ്ട്. ‘ഞാന്‍ അങ്ങനെ തീരുമാനിക്കുന്നു’ എന്ന മറുപടി കേട്ടപ്പോള്‍ ആ മനുഷ്യനേയും തന്റെ കുടുംബത്തെയും രക്ഷിക്കണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. പക്ഷെ വാക്ക് പാലിക്കുവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. പതിവ് പോലെ അഞ്ചുമണിക്ക് തോല്‍വിയുടെ അഗാധതയിലേക്കു നീങ്ങിക്കൊണ്ടേയിരുന്നു. പലതവണ വീണ്ടും കണ്ടു, സംസാരിച്ചു. എങ്കിലും ഫലം നാസ്തി. അന്തരാവയവങ്ങള്ക്കു രോഗം ബാധിച്ച് ഒടുവില്‍ അയാള്‍ക്ക് ലഭിച്ച അവസരം പാഴാക്കിക്കൊണ്ട് മരണത്തിനു കീഴടങ്ങി. വേദനയോടെ ചേതനയറ്റ മൃതശരീരം ഞാനും പോയിക്കണ്ടു.
ചില വര്‍ഷങ്ങള്‍ക്കു മുമ്പ് മദ്യമായിരുന്നു വില്ലന്‍ എങ്കില്‍, ഇന്ന് രാസലഹരിപദാര്ത്ഥങ്ങള് ധാരാളം ലഭ്യമാണ്. അത്യാര്‍ത്തി പൂണ്ട മനുഷ്യര്ലാഭക്കൊതിയോടെ സ്കൂള്കുട്ടികളെപ്പോലും വഞ്ചനയില്പ്പെടുത്തി എത്രയോ കുടുംബങ്ങളെയാണ് തീരാദുരിതത്തിലാക്കുന്നത്. ഒറ്റപ്രാവശ്യം ഉപയോഗിച്ചാല്‍ അഡിക്റ്റാകുന്ന തരം ‘എം ഡി എം എ’ പോലുള്ള മാരകവസ്തുക്കള്ഇന്ന് സമൂഹത്തില്വിതയ്ക്കുന്ന നാശം വാക്കുകള്‍ക്കതീതമാണ്. സ്ക്രീന്‍അഡിക്ഷന്‍ എന്ന മറ്റൊരു ഭീകരന്ചില വര്‍ഷങ്ങളായി പ്രായഭേദമെന്യേ അനേകരെ കുടുക്കിലകപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അദൃശ്യ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടവരെന്ന പോലെ മുറിക്കുള്ളില്‍ കടന്നു വാതിലടച്ചുപൂട്ടി മറ്റാരോടും യാതൊരും സമ്പര്‍ക്കവും ഇല്ലാത്തവിധം വിവിധതരം വശീകരണ ദൃശ്യങ്ങള്‍ ആസ്വദിക്കുന്നു. ഇല്ലാത്ത മോഹങ്ങള്‍ ഉള്ളില്‍ മുളപ്പിച്ച് ഹൃദയത്തെ അശുദ്ധമാക്കുക എന്ന സാത്താന്യ ലക്ഷ്യമാണ് ഈ തന്ത്രത്തിലൂടെ, അറിയാതെ തന്നെ അവരെ കീഴ്പ്പെടുത്തുന്നത്. ഒട്ടും ആഗ്രഹിക്കാത്ത പാപങ്ങളില്‍ അകപ്പെടുത്തി അവസാനം സുബോധം നഷ്ടപ്പെട്ട് കുടുംബാംഗങ്ങളെപ്പോലും തിരിച്ചറിയാന്‍കഴിയാത്ത ക്രൂരത നിറഞ്ഞ മാനസികാവസ്ഥയില്‍ എത്തിക്കുന്നു ഈ ആസക്തി. ‘ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നുന്നു, എങ്കിലും അതിന്റെ അവസാനമോ മരണവഴികളത്രെ എന്ന് സദൃശ്യവാക്യത്തില്‍ പറഞ്ഞിരിക്കുന്ന വചനം, കൃത്യമായ ഒരു പ്രവചനം എന്നപോലെ ഇന്നും അനുഭവപ്പെടുകയല്ലേ? യാത്രയില്‍ ഒരേ സീറ്റിലിരിക്കുന്നവര്‍ പരസ്പരം ഒന്ന് പരിചയപ്പെടുക പോലും ചെയ്യാതെ അപരിചിതരെപ്പോലെ തുടരുന്നു. മൊബൈലില്‍ മുഴുകി ലയിച്ചിരിക്കുന്നതിനാലല്ലേ ഇങ്ങനെ സംഭവിക്കുന്നത്? വഴിയേ നടന്നു പോകുന്നവര്‍പോലും എതിരെ വരുന്ന വാഹനങ്ങളെയോ കാല്‍നടയാത്രക്കാരെയോ ശ്രദ്ധിക്കാതെ കടന്നു പോകുന്നു. തലനാരിഴയ്ക്കാകും ചില അപകടങ്ങള്‍പോലും വഴി മാറുന്നത്.
മാതാപിതാക്കളും മക്കളും എല്ലാവരും ഭവനത്തിലുള്ളപ്പോള്ത്തന്നെ പലരും സ്ക്രീന്അഡിക്ഷന്മൂലം ഏകാന്തതയുടെ തടവറയില്‍ തടവുകാരായിക്കഴിയുന്നു. ഇക്കാലത്ത് അടുത്ത ബന്ധുക്കള്‍ സന്ദര്‍ശിക്കുന്നത് തന്നെ വളരെ വിരളമാണ്. ആ വേളയില്‍പ്പോലും ആഗതരെ സ്വീകരിക്കുവാനോ പരിചയപ്പെടുവാനോ ആസക്തി മൂലം മിക്കപ്പോഴും കുട്ടികള്‍ക്കു സാധിക്കാറില്ല. ദൈവത്തോടും സഹവിശ്വാസികളോടും കൂട്ടായ്മ പുലര്‍ത്തുവാനുള്ള വിലയേറിയ അവസരങ്ങളാണ് ദൈവമക്കള്‍ക്കു നഷ്ടപ്പെടുന്നത്. ഇത് വളരെ ഭീകരമല്ലേ? ഈ പശ്ചാത്തലത്തില്‍, യേശുകര്‍ത്താവ് പറഞ്ഞ ‘നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിന്‍’ എന്ന വാക്കുകളുടെ പ്രസക്തി വളരെ വലുതാണ്. നാം ഉള്‍പ്പെടുന്ന നമ്മുടെ തലമുറയെയും വരും തലമുറകളെയും ഓര്‍ത്തു ഹൃദയവേദനയോടെ, കണ്ണുനീരോടെ, പ്രാര്‍ത്ഥിക്കുവാന്‍ തയ്യാറാകണം. വേറെ ഒരു വഴിയും നമുക്ക് മുമ്പിലില്ല.