-എംസി

യേശുക്രിസ്തു ആരാധനയുടെ പൊരുള്‍ വെളിപ്പെടുത്തി ശമര്യക്കാരി സ്ത്രീയോട് സംസാരിക്കുന്ന വേളയില്‍ ഇങ്ങനെ പറഞ്ഞു: ‘ദൈവം ആത്മാവ് ആകുന്നു, അവനെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും ആരാധിക്കണം'(യോഹന്നാന്‍ 4:24). ആരാധനയുടെ ഭാഗമായ പ്രാര്‍ത്ഥനയില്‍ സ്തുതി സ്തോത്രവും, യാചനയും, പ്രാര്‍ത്ഥനയും പക്ഷവാദവും എല്ലാം ഉള്‍ക്കൊള്ളേണ്ടതാണെന്ന് പൗലോസ് അപ്പോസ്തലനും തിമോഥെയോസിനെ ഓര്‍മിപ്പിച്ചു. പൗലോസ് തന്‍റെ സഭാദാര്‍ശനികലേഖനമായ എഫെസ്യലേഖനം അവസാനിപ്പിക്കുമ്പോള്‍ പറയുന്നത് ഇപ്രകാരമാണ:് ‘സകല പ്രാര്‍ത്ഥനയാലും യാചനയാലും ഏതുനേരത്തും ആത്മാവില്‍ പ്രാര്‍ത്ഥിച്ചും അതിനായി ജാഗരിച്ചുംകൊണ്ട് സകല വിശുദ്ധന്മാര്‍ക്കും എനിക്കും വേണ്ടി പ്രാര്‍ത്ഥനയില്‍ പൂര്‍ണ്ണസ്ഥിരത കാണിപ്പിന്‍’.

മേലുദ്ധരിച്ച വചനങ്ങള്‍ എല്ലാം ആത്മാവിലുള്ള ആരാധനയേയും ആത്മാവില്‍ പ്രാര്‍ത്ഥനാനിരതരാകേണ്ടതിന്‍റെ ആവശ്യകതയെയുമാണ് വ്യക്തമാക്കുന്നത്. പരമപരിശുദ്ധമായ നമ്മുടെ വിശ്വാസജീവിതം പടുത്തുയര്‍ത്തുവാന്‍ പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിക്കണമെന്ന് യൂദാ അപ്പോസ്തലനും ഓര്‍മിപ്പിക്കുന്നത് വളരെ ഗൗരവത്തോടെയാണ്. വാസ്തവത്തില്‍ പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ പ്രാര്‍ത്ഥിക്കുന്നതാണ് ഗൗരവമായ പ്രാര്‍ത്ഥന. എന്താണ്  ആത്മാവില്‍ ഉള്ള പ്രാര്‍ത്ഥന? ആത്മമണ്ഡലത്തില്‍ ഉള്ള നമ്മുടെ പ്രാര്‍ത്ഥന, അന്യഭാഷയിലുള്ള പ്രാര്‍ത്ഥന, ആത്മാവിന്‍റെ ശക്തിയിലും ഊര്‍ജ്ജത്തിലും ഉള്ള പ്രാര്‍ത്ഥന തുടങ്ങിയവയാണ്  ആത്മാവിലുള്ള പ്രാര്‍ത്ഥനകൊണ്ട് തിരുവെഴുത്തുകള്‍ ഉദ്ദേശിക്കുന്നത്. പ്രാര്‍ത്ഥനയുടെ ആഴം വെളിപ്പെടുത്തിയ പൗലോസ് പറയുന്നത് ഓരോ സത്യാരാധനക്കാരും ഗൗരവബുദ്ധിയാല്‍ ഗ്രഹിക്കേണ്ടതുണ്ട്  ‘അവ്വണ്ണം തന്നെ ആത്മാവ് നമ്മുടെ ബലഹീനതയ്ക്ക് തുണ നില്‍ക്കുന്നു. വേണ്ടുംപോലെ പ്രാര്‍ത്ഥിക്കേണ്ടത് എന്തെന്ന് നാം അറിയുന്നില്ലല്ലോ? ആത്മാവ്തന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാല്‍ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു’ (റോമര്‍ 8:26). വാസ്തവത്തില്‍ ആത്മാവിലുള്ള പ്രാര്‍ത്ഥനയാണ് ദൈവഹിതപ്രകാരമുള്ള പ്രാര്‍ത്ഥന.

ഉവ്വ്, ആത്മാവില്‍ പ്രാര്‍ത്ഥിക്കുമ്പോഴാണ് അനുതാപത്തോടും ശുദ്ധീകരണത്തോടും പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയുക. എല്ലാവരും മാനസാന്തരപ്പെടുവാനുള്ള ദൈവത്തിന്‍റെ ഇഷ്ടം മനസ്സിലാക്കി സകല മനുഷ്യരുടെയും രക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നതും, സ്വാര്‍ത്ഥകേന്ദ്രീകൃത ബുദ്ധിയുടെ  പ്രാര്‍ത്ഥനകള്‍ക്ക് പകരം പ്രാര്‍ത്ഥനയുടെ സ്ഥിരത നിലനില്‍ക്കുന്നതും പരിശുദ്ധാത്മാവിലുള്ള പ്രാര്‍ത്ഥനയില്‍ ആണെന്ന് നാം മറക്കരുത്.

Author