ഡോ. സജികുമാര്‍ കെ. പി.

ഓണ്‍ലൈന്‍ലോകം നിസ്സാരമല്ല. 6,200 കോടി രൂപ വര്‍ഷാവര്‍ഷം വിനിമയം ചെയ്യപ്പെടുന്ന കച്ചവട ശൃംഖലയാണത്. ഇന്ന്  38 കോടിയോളം ഇന്‍റര്‍നെറ്റ് ഗെയിമുകള്‍ ലഭ്യമാണ.് അതില്‍ ചെറുപ്പക്കാര്‍ക്ക് ഇടര്‍ച്ചയാകുന്ന പ്രധാനവിഭാഗം പ്രിഫയര്‍, പബ്ജി, ഹിറ്റ്മാന്‍ എന്നിങ്ങനെയുള്ള അസൊള്‍ട്ട് ഗെയിമുകളാണ്. 35 മണിക്കൂര്‍  വരെ ഉറക്കവും ഭക്ഷണവും മറ്റും മറന്ന് ഒറ്റയിരിപ്പില്‍ ഇത്തരം  ഗെയിം കളിച്ച ആളെപ്പറ്റിയും, ഇത്തരം ഗെയിം അഡിക്ഷന്‍, പഠനത്തെയും കുടുംബബന്ധങ്ങളെയും സ്വഭാവരീതികളെയും എങ്ങനെ ബാധിക്കുന്നു എന്നും ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുന്നു.

2024 ജൂണില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുടെ പട്ടികയില്‍, മറ്റ് അഡിക്ഷന്‍റെ ഒപ്പം ഓണ്‍ലൈന്‍ ഗെയിമും ഉള്‍പ്പെടുത്തിക്കൊണ്ട് ലോകാരോഗ്യ സംഘടന അറിയിപ്പ് നല്‍കുകയുണ്ടായി. ഇത്തരത്തില്‍ ഗെയിമിന് അടിമപ്പെട്ടിരിക്കുന്ന കുട്ടികളെയും ചെറുപ്പക്കാരെയും ഔദ്യോഗികമായി മാനസികാരോഗ്യപ്രശ്നം ഉള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും, വിദഗ്ധ ചികിത്സയും കൗണ്‍സലിംഗും നല്‍കുകയും ചെയ്യുക എന്നതാണ്  ലക്ഷ്യം ഇട്ടിരിക്കുന്നത്. അടുത്തയിട നടത്തിയ ഒരു അഭിപ്രായ സര്‍വ്വെ  അനുസരിച്ച് 24% ആളുകളും, അവരുടെ പഠനവും ജോലിയും ബാധിക്കുന്ന വിധത്തില്‍ ഇത്തരം ഗെയിമിന് അടിമപ്പെട്ടിട്ടുണ്ട് എന്ന് വെളിപ്പെടുത്തുകയുണ്ടായി. 42% പേര്‍ പറഞ്ഞത് ഇത് നല്ല  ധനസമ്പാദന മാര്‍ഗമാണ് എന്നും, അതിനാല്‍ ഇത്  ശീലം ആക്കുന്നതില്‍ തെറ്റില്ല എന്നും ആണ്.

യന്ത്രത്തോക്കും ഗ്രനൈഡും മറ്റും ഉപയോഗിച്ച് കണ്ണില്‍ പെടുന്നവരെല്ലാം വകവരുത്തുന്ന ഗെയിമുകളില്‍, വെടിയുണ്ട മറ്റൊരാളുടെ തലതുളച്ച് പുറത്തുപോകുന്നതും,  കൈകാലുകള്‍ ചിതറിത്തെറിക്കുന്നതും, ചോര ചീറ്റുന്നതും ഒക്കെ യാഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ‘കമ്പ്യൂട്ടര്‍ഗ്രാഫിക്സ്’ ആണ് നല്‍കിയിരിക്കുന്നത്. ഇവിടെ ദൈവാനുരൂപമായി ആത്മീയതയില്‍ മനസ്സ് നിറയ്ക്കേണ്ട ഒരു തലമുറ, ‘മോഷ്ടിക്കാനും അറുക്കുവാനും’ പ്രേരിപ്പിക്കുന്ന ചിന്തകളിലല്ലേ രാവും പകലും ജീവിക്കുന്നത്. ക്ഷമയും സഹനവും അനുകമ്പയും സ്നേഹവും വളരേണ്ട  മനസ്സുകളില്‍ വിദ്വേഷവും വൈരാഗ്യവും നശീകരണ പ്രവണതയും വളരുന്നത് കണ്ടിട്ട് സ്വസ്ഥമായി ഇരിക്കുവാന്‍ നമുക്ക്  കഴിയുമോ? മനുഷ്യരെ നിഷ്ക്കരുണം കൊന്നുമുടിക്കുന്ന ഗെയിമുകളാല്‍, ദിനംപ്രതി സ്വമനസ്സിലേക്ക് അന്ധകാരം നിറയ്ക്കുന്ന മക്കള്‍, യഥാര്‍ത്ഥ ജീവിതത്തിലും അത് പ്രദര്‍ശിപ്പിക്കും. ദേഷ്യം കയറിയാലുടനെ സര്‍വ്വനിയന്ത്രണങ്ങളും വിട്ട് പൈശാചികഭാവം പ്രകടിപ്പിക്കുന്ന മക്കള്‍. തങ്ങളെ  പ്രകോപിപ്പിക്കുന്നവരെ നിര്‍ദ്ദാക്ഷിണ്യം ക്രൂരമായി ഉപദ്രവിക്കുന്ന കൗമാരക്കാര്‍. മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നുള്ള പരിഗണന പോലും മറന്ന് അക്രമമനോഭാവം കാണിക്കുമ്പോള്‍ ഇവിടെ ഒരു പുനര്‍വിചിന്തനം അത്യാവശ്യമാണ്. സ്വന്തം പിതാവിനെ ചുമരിലേക്ക് തള്ളിയപ്പോള്‍ അദ്ദേഹം തലയടിച്ചു വീണു മുറിപ്പെട്ടതും,  സഹോദരനെ അടിച്ച് താഴെയിട്ട്  കഴുത്തില്‍ അമര്‍ത്തി മരണത്തിന്‍റെ വക്കുവരെ  എത്തിച്ച നിഷ്ഠൂരതയും, ഈ ലേഖകന്‍റെ കൗണ്‍സലിംഗ് സെന്‍ററില്‍ വിവരിക്കപ്പെട്ടപ്പോള്‍ പ്രതിസ്ഥാനത്ത് കൗമാരക്കാരായിരുന്നു.

നശീകരണവും ക്രൂരതയും മനസ്സില്‍ നിറയ്ക്കുന്ന ഗെയിം കളിക്കുമ്പോള്‍, സഭയിലെ ആത്മീയപ്രബോധനങ്ങളില്‍ നിന്നും സണ്‍ഡേസ്കൂളില്‍ നിന്നും  കിട്ടിയ ആത്മീയതയുടെ പ്രകാശനങ്ങള്‍ ഒന്നൊന്നായി നിഷ്പ്രഭമാക്കുന്നു. ഇത്തരം ഗെയിമുകള്‍ കൂട്ടായിട്ടാണ് കളിക്കുന്നത് എന്നതിനാല്‍ ഗെയിമിനിടയ്ക്ക് അവര്‍ സംസാരിക്കുന്ന പദങ്ങള്‍ അശ്ലീലവും ആയിരിക്കും. ഇതായിരിക്കും നാളെ കൂട്ടുകാരോട് ദേഷ്യപ്പെടുമ്പോള്‍  അവരില്‍ നിന്ന് പുറപ്പെടുന്നതും. മറ്റുള്ളവരെ കൊല്ലുവാന്‍ ഒരുമ്പെട്ടിറങ്ങുന്നവന്‍റെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ സത്യമായിരിക്കുകയില്ലല്ലോ?

ഇന്‍റര്‍നെറ്റ് ഗെയിമിന്‍റെ പ്രത്യേകത അത് വല്ലാത്ത ആസക്തി ഉണ്ടാക്കുന്നു എന്നതാണ്. നശീകരണത്തിന്‍റെ ഗെയിം കളിക്കുന്നവര്‍ക്ക് അവര്‍ മുഖാന്തരം മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന നഷ്ടം അതിഭീമം ആണെങ്കില്‍ അതിനനുസരിച്ച് പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും. ഇതാണ് ഗെയിമിനോട് അഭിനിവേശം വര്‍ദ്ധിപ്പിക്കുന്ന ഘടകം. അങ്ങനെ പ്രതിഫലം കിട്ടി ഉയര്‍ന്ന പദവി ലഭിക്കുവാന്‍ കഴിയാത്തവര്‍, ഇല്ലാത്ത പണം അവിഹിതമായി  കണ്ടെത്തി ആ ഉയര്‍ന്ന പദവികളും ആയുധങ്ങളും വാങ്ങാന്‍ പരിശ്രമിക്കും. അങ്ങനെയാണ് ഇതു കളിക്കുന്ന കുട്ടികള്‍ മാതാപിതാക്കളറിയാതെ ബാങ്കിലെ പണം പിന്‍വലിക്കുന്നത്.  പല ചെറുപ്പക്കാരും കിട്ടുന്ന ശമ്പളത്തിന്‍റെ നല്ലൊരു വിഹിതം ഇങ്ങനെ കളിച്ച് കളയുന്ന കാഴ്ച വേദനാജനകമാണ്.

ഇത്തരം കളികളില്‍ രാവും പകലും മുഴുകിയിരിക്കുന്നവര്‍ക്ക് സ്വാഭാവികമായും വീട്ടില്‍ താമസിക്കുന്ന മറ്റുള്ളവരോട് സംസാരിക്കുവാന്‍ പോലും സമയം ഉണ്ടാവുകയില്ല. വീട്ടിലെ അംഗങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനും സന്തോഷിക്കുവാനും  ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനും അവര്‍ക്ക് തീര്‍ത്തും താല്‍പര്യം കാണില്ല. ഊണും ഉറക്കവും കളഞ്ഞ്, ഈ കളിയില്‍ മുഴുകുന്നവരെ മറ്റെന്തിനെങ്കിലും വിളിച്ചാല്‍ ദേഷ്യവും നശീകരണപ്രവണതയും ആയിരിക്കും അനന്തരഫലം.  ഹോംവര്‍ക്ക് ചെയ്യാനും,  ക്ലാസില്‍ ഇരിക്കാനും അവര്‍ക്ക് തീര്‍ത്തും  താല്പര്യം കാണില്ല. നന്നായി  പഠിച്ചുകൊണ്ടിരുന്ന പല കുട്ടികളും  പഠനം പാടേ  നശിപ്പിച്ച് ഇത്തരം ഗെയിമിന്‍റെ പുറകെ പോയത് നമ്മുടെ ചുറ്റുവട്ടത്തെ പല വീടുകളുടെയും  അവസ്ഥയാണ്.

എങ്ങനെ ഇവര്‍ക്ക് ഒരു മാറ്റം കൊണ്ടുവരാം എന്നത് നന്നായി ചിന്തിക്കേണ്ട ഒരു വസ്തുതയാണ്. ഇത്തരം കളികളിലേക്ക് മക്കള്‍ വഴുതിവീഴുന്നത് ആദ്യദിവസങ്ങളില്‍ത്തന്നെ കണ്ടെത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. മാതാപിതാക്കള്‍ അവര്‍ക്കു  നിയന്ത്രണം വയ്ക്കുകയും, ഇത്തരം ഗെയിമുകള്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക. അടിമപ്പെട്ടു പോയ മക്കളുടെ സര്‍വ്വസ്വാതന്ത്ര്യങ്ങളും ഒരുനിമിഷം കൊണ്ട്  എടുത്തുകളഞ്ഞാല്‍ അവരുടെ പ്രതികരണം ക്രൂരവും  പൈശാചികവും ആയിരിക്കും. ആത്മഹത്യാപ്രവണതകളും സര്‍വ്വസാധാരണമാണ്. അതുകൊണ്ട്, അവരോടൊപ്പം സമയമെടുത്ത് സ്നേഹത്തോടെ  ഭവിഷ്യത്തുകള്‍ ബോധ്യപ്പെടുത്തുക എന്നതാണ് അഭികാമ്യം. അങ്ങനെയാകുമ്പോള്‍ ക്രമേണ  അവരെ രക്ഷിച്ചെടുക്കുവാന്‍ കഴിയും.

കുട്ടികളെ വളര്‍ത്തുമ്പോള്‍ അവര്‍ക്ക് സ്നേഹവും കരുതലും സംരക്ഷണവും കൊടുക്കുന്ന അതേ അളവില്‍ ശാസനയും ശിക്ഷണവും നല്‍കണം. മാതാവും പിതാവും ചേര്‍ന്ന് വളര്‍ത്താന്‍ കഴിയാത്ത സാഹചര്യം (സിംഗിള്‍ പേരന്‍റിംഗ്) ആണും പെണ്ണുമായി ഒരു കുട്ടി മാത്രമുള്ള സാഹചര്യം, ഭര്‍ത്താവില്‍ നിന്ന് പ്രതീക്ഷിക്കുന്ന സ്നേഹവും കരുതലും ലഭിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ അമ്മ ഒരു കുട്ടിയോട് കാണിക്കുന്ന അമിതലാളനയും പറ്റിച്ചേരലും,  എന്തെങ്കിലും രോഗത്തിന്‍റെയോ അപകടത്തിന്‍റെയോ മറ്റോ പശ്ചാത്തലത്തില്‍ കുട്ടിക്ക് അമിതമായി സ്നേഹം നല്‍കി വളര്‍ത്താന്‍ ശ്രമിക്കല്‍, അമ്മയ്ക്കോ അപ്പനോ ചെറുപ്പത്തില്‍ ആഗ്രഹിച്ചിട്ടും സ്നേഹം ലഭിച്ചില്ല എന്നതിന് പകരമായി  കുട്ടിക്കു  അമിതപരിലാളന  നല്‍കുന്നത്, എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ തോന്നിയ വഴികളില്‍ സഞ്ചരിക്കുക സ്വാഭാവികമാണ്. കൗമാരത്തില്‍ എത്തുമ്പോഴേക്കും അവരിലുള്ള സര്‍വ്വനിയന്ത്രണങ്ങളും മാതാപിതാക്കള്‍ക്കു നഷ്ടമാകും.

എന്നാല്‍ കൗണ്‍സലിംഗില്‍  വിദഗ്ധ പരിശീലനം ലഭിച്ച  ഒരാളുടെ  ക്രമീകൃതമായ ഇടപെടലിലൂടെ  ഇത്തരം കുട്ടികളില്‍ പലരെയും രക്ഷിക്കുവാന്‍ സാധിക്കും. അവരെ കരകയറ്റാന്‍ സഭാപരമായും സംഘടനാപരമായും ചിട്ടയായ ബോധവല്‍ക്കരണ ക്ലാസുകള്‍ അനിവാര്യമാണ്. ഒപ്പം വചനത്തിലുറപ്പിക്കേണ്ടതും അനിവാര്യമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. പിശാച് ഒരു തലമുറയെ വഴിതെറ്റിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ഇടിവില്‍  നിന്ന് പ്രാര്‍ത്ഥിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവണം. അവരെ ദൈവഭയത്തിലും ആത്മീയതയിലും ശിക്ഷണത്തിലും വളര്‍ത്തിയാല്‍ ദുഷ്പ്രവണതകളിലേക്ക് ചായുന്ന ഘട്ടത്തില്‍ത്തന്നെ അവരെ കൈപിടിച്ചുയര്‍ത്തുവാന്‍  കഴിയും. ആ ഉത്തരവാദിത്തം ഇന്നത്തെ കാലഘട്ടത്തില്‍ അനിവാര്യമാണ്. 

Author