ലോകരക്ഷകനായി ഭൂമിയില്‍ ഉദിച്ച യേശുക്രിസ്തുവിന്റെ ജനനം ലോകമെമ്പാടും ആക്ഷരികമായി കൊണ്ടാടാറുണ്ട്. ‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം’ എന്ന ദൈവദൂതശബ്ദം ലോകത്തിലിന്നും മാറ്റൊലിക്കൊള്ളുകയാണ്. വേര്‍പെട്ട ദൈവമക്കളായ നാം മഹാദൈവമായ യേശുകര്‍ത്താവിന്റെ ദിവ്യജനനം ആക്ഷരികമായി കൊണ്ടാടുന്നില്ല. ലോകരക്ഷകനായ ക്രിസ്തു എന്നെന്നും നമ്മുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നതാണു കാരണം. നമ്മുടെ ഓരോ ശ്വാസോച്ഛാസത്തിലും ക്രിസ്തുവിന്റെ ഓര്‍മ്മ നിറഞ്ഞുനില്ക്കണം. യേശുക്രിസ്തുവില്‍ നിസ്തുല്യമായ ഗുണവിശേഷങ്ങള്‍ മാത്രമേയുള്ളു. ലോകത്തിലെ മറ്റ് ഗുരുക്കന്മാരുടെയും പ്രവാചകന്മാരുടെയും ഗണത്തില്‍ ഒരുവന് മാത്രമാണോ യേശു? ‘ഇവനില്‍ യാതൊരു കുറ്റവും കാണുന്നില്ല’ എന്ന് മൂന്നു തവണ ന്യായാധിപന് പ്രഖ്യാപിച്ച ശേഷം ഏറ്റവും വലിയ ശിക്ഷ ഏറ്റുവാങ്ങിയ ഒരേയൊരു വ്യക്തി. ആദ്യകാലത്ത് യേശുവും സുവിശേഷവും വാസ്തവമല്ല എന്നു തെളിയിക്കാനാണ് സാത്താന് ശ്രമിച്ചത്. അതു വിജയിച്ചില്ല എന്നു കണ്ടപ്പോള്‍ വിശുദ്ധബൈബിളിലെ ആശയങ്ങളെല്ലാം മറ്റു മതങ്ങളിലുമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനായി ശ്രമം. അവിടെയും രക്ഷയില്ല എന്നു കണ്ടപ്പോള്‍ ഏറ്റവുമൊടുവിലായി അവന് പറയുന്നത് സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ക്രിസ്ത്യാനികള്‍ ജീവിക്കുന്നില്ല എന്നാണ്. എന്നാല്‍ ആരാണ് യേശു? പതിനായിരങ്ങളില്‍ അതിശ്രേഷ്ഠനും, ദൈവാധിദൈവവും രാജാധിരാജാവും, അത്ഭുതമന്ത്രിയും, വീരനാംദൈവവും, നിത്യപിതാവും, സമാധാനപ്രഭുവും ലോകരക്ഷകനുമായ യേശു ‘വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്പാര്ത്തു’ എന്നതു തന്നെ (യോഹന്നാന്:14).
സ്വജീവിതത്തില്‍ പ്രയോഗികമാക്കാത്ത ഒരുപദേശവും യേശു പഠിപ്പിച്ചിരുന്നില്ല. മതപ്രഭാഷണങ്ങളെല്ലാം ആരിലും രൂപാന്തരം വരുത്താതെ അങ്ങനെ തന്നെ ശേഷിക്കുന്നു. തത്വജ്ഞാനമോ, സന്മാര്ഗോപദേശമോ മാത്രമാണവ. ക്രൂശിതനായ യേശുവിനെ നോക്കുക. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന നേരത്തു, ‘പിതാവേ, ഇവര്ചെയ്യുന്നതു ഇന്നതെന്ന് അറിയായ്ക കൊണ്ട് ഇവരോടു ക്ഷമിക്കണമേ’ എന്ന് പ്രാര്‍ത്ഥിച്ചു. ക്ഷമയുടെ വചനം പ്രായോഗികമായി വെളിപ്പെടുത്തി. യേശുകര്‍ത്താവ് ക്രൂശിന്മേല് തൂങ്ങി. രണ്ടു കള്ളന്മാരുടെ നടുവില്‍ അവരില്‍ ഒരുവനെപ്പോലെ ക്രൂശിക്കപ്പെട്ടു. അവിടുന്ന് നമ്മുടെ പാപങ്ങളുമായി ഏകീഭവിച്ചുകൊണ്ട് ‘എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?’ എന്ന് നമ്മുടെ പകരക്കാരനായി പ്രാര്‍ത്ഥിച്ചു. നമ്മുടെ പാപങ്ങളെ തന്റെ ശരീരത്തില്‍ പേറി യേശു നമുക്കുവേണ്ടി പാപയാഗമായിത്തീര്ന്നു. ത്യാഗത്തിന്റെ വചനം അവിടെ പ്രായോഗികമായി വെളിപ്പെടുത്തി. മനുഷ്യര്‍ക്ക് ദൈവീകത ചാര്‍ത്തുവാന്‍ ശ്രമിച്ചതിന്റെ ഫലം വൈകൃതങ്ങളായിരുന്നു. ലോകത്തിലേയ്ക്കും ഏറ്റവും മനോഹരമായ ജീവിതമായിരുന്നു യേശുവിന്റേത്. ഇതുപോലൊരു ആളത്വത്തെ ആര്‍ക്കും ഒരിക്കലും ഭാവനയില്‍ മെനഞ്ഞെടുക്കുവാന്‍ കഴിയുമായിരുന്നില്ല. യേശുവിന്റേതിന് സമാനമായ ആളത്വത്തെ സൃഷ്ടിക്കുവാന്‍ സാധാരണ മനുഷ്യര്‍ക്ക് സാദ്ധ്യമല്ല. അതുകൊണ്ട് പുതിയനിയമത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ യേശുക്രിസ്തു ജനിക്കുകയും ജീവിക്കുകയും പ്രവര്‍ത്തിക്കുകയും മരിക്കുകയും ഉയിര്ത്തെഴുന്നേല്ക്കുകയും സ്വര്‍ഗ്ഗാരോഹണം ചെയ്യുകയും വീണ്ടും വരികയും ചെയ്യുമെന്ന് നാം അടിയുറച്ചു വിശ്വസിക്കുന്നു. അപ്പൊസ്തലന്മാര് യേശുവിനെ സ്മരിക്കുക മാത്രമായിരുന്നില്ല, യഥാര്‍ത്ഥമായി അനുഭവിക്കുകയായിരുന്നു. ‘എന്റെ അടുക്കലേക്കു വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും’ എന്ന് യേശു പറഞ്ഞു. ജനം തന്റെ അടുക്കല്‍ ചെല്ലുകയും ആശ്വാസം കണ്ടെത്തുകയും ചെയ്തു. ഈ യേശു ചരിത്രത്തിന്റെ ഏടുകളില്‍ മറഞ്ഞു കിടക്കുന്ന യേശു മാത്രമല്ല, മേഘാരൂഢനായി വരാനിരിക്കുന്ന യേശുവുമല്ല, പിന്നെയോ ഇപ്പോള്‍ നമ്മില്‍ ജീവിക്കുന്ന യേശുവാണ്. അവന് പാപികളെ രക്ഷിക്കുന്നവനും രോഗികളെ സൗഖ്യമാക്കുന്നവനും പരിശുദ്ധാത്മാവിനെ നല്കുന്നവനുമാണ്.
സുവിശേഷത്തെ സംബന്ധിച്ച് ഏറ്റവും മനോഹരമായിരിക്കുന്ന വസ്തുത ഇതാണ്: ‘യേശു ഇന്നും ജീവിക്കുന്നു. ഏതുസമയത്തും എവിടെയും നമുക്ക് യേശുവിനെ ലഭ്യമാണ്. യേശുവിനെ നമുക്കു ദര്‍ശിക്കാം, യേശുവുമായി സംസാരിക്കാം, തന്റെ ഇമ്പകരമായ ശബ്ദം കേള്‍ക്കുകയും ചെയ്യാം. യേശുവിനെ കാണാന്‍ പുണ്യസ്ഥലങ്ങളിലേക്കൊന്നും തീര്‍ത്ഥയാത്ര പോകേണ്ടതില്ല. കര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും നടത്തേണ്ടതുമില്ല. ആരുടെയും സഹായവും ശുപാര്‍ശയുമില്ലാതെ ഏതുസമയത്തും നമുക്ക് തന്റെ സമീപത്തേക്കു ചെല്ലാം’ (എബ്രായര്‍4 : 14,16). തന്റെ ശുശ്രൂഷ തുടരുവാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയില്ഒരു യുവവൈദികന്, രോഗിയായി നിരാശപ്പെട്ട് ഭഗ്നാശനായി ജീവിക്കുമ്പോള്‍ ഒരു പ്രാര്‍ത്ഥനാഹാളിന്റെ ഭിത്തിമേല്‍ ഇങ്ങനെ ഒരു വാചകം കുറിച്ചിട്ടിരിക്കുന്നതു കണ്ടു: ‘യേശു ഇവിടെയുണ്ട്. ഇവിടെ എന്തും സംഭവിക്കാം.’ അദ്ദേഹം അതു വീണ്ടും വീണ്ടും വായിച്ചു. ‘ഇത് എനിക്കു സംഭവിക്കുമോ?’ എന്നു ചിന്തിച്ച് ആ പ്രാര്ത്ഥനാഹാളിലേക്കു കയറി. യേശു അദ്ദേഹത്തെയും കാത്ത് അവിടെ ഉണ്ടായിരുന്നു. അദ്ദേഹം മുഴങ്കാലിലിരുന്ന് തന്റെ ഭാരങ്ങളും നിരാശയും ഇച്ഛാഭംഗവുമെല്ലാം യേശുവിന്റെ പാദത്തില്‍ കാഴ്ചവച്ചു. മുട്ടിന്മേല്നിന്ന് എഴുന്നേറ്റപ്പോള്‍ അദ്ദേഹം ഒരു പുതിയ മനുഷ്യനായിത്തീര്‍ന്നു. ജീവനും ശക്തിയും ചൈതന്യവും നിറഞ്ഞവനായി സുവിശേഷഘോഷണത്തില്‍ കൂടുതല്‍ ഉത്സാഹത്തോടെ അദ്ധ്വാനിക്കാന്‍ തീരുമാനിച്ചുകൊണ്ടു മടങ്ങിപ്പോയി. യേശു ഒരു സിദ്ധാന്തം മാത്രമല്ല, അതിലുപരി അനുഭവമാണ്. യേശുവിലേക്കു വരുന്നവര്‍ക്ക് സന്തോഷത്തോടെ ഇങ്ങനെ പറയുവാന്‍കഴിയും: ‘ഇതാ, ഒരു മനുഷ്യന്, അവനില്‍ സകല സത്യങ്ങളും ഉള്‍ക്കൊണ്ടു കിടക്കുന്നു.’ ക്രിസ്തുവിന്റെ തിരുവായ്മൊഴികള്വെറും ആദര്‍ശവാദങ്ങള്‍ ആയിരുന്നില്ല. സ്വന്തജീവിതത്തില് പ്രായോഗികമാക്കാത്ത ഒരുപദേശവും യേശു പറഞ്ഞിട്ടില്ല.
ശത്രുക്കളെ സ്നേഹിക്കാനും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും സല്ഗുണപൂര്ണനായി ജീവിക്കുവാനും യേശുവിനു കഴിഞ്ഞു. തന്റെ ധാര്മികപ്രമാണങ്ങള് മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാതെ, നന്മയുടെയും ദൈവസ്വഭാവത്തിന്റെയും മൂര്‍ത്തീമത്ഭാവമായിരുന്നു യേശു. നിത്യജീവന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഉപദേശങ്ങളിലൂടെ ഉയര്‍ത്തിക്കാട്ടി. വെറും കല്പനകളുടെ ഒരു നീണ്ട പട്ടിക നല്കുകയായിരുന്നില്ല ക്രിസ്തു.
യഹൂദാശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രെ യേശു ഉപദേശിച്ചത്. ‘ഞാനോ നിങ്ങളോടു പറയുന്നു’ എന്നുള്ള അധികാരസ്വരമാണ് ക്രിസ്തുവില്‍നിന്നും പുറപ്പെട്ടത്. ശൂലേമിയെപ്പോലെ യെരുശലേം പുത്രിമാരോടു ചേര്‍ന്ന് നമുക്കും പറയാം: ‘എന്റെ പ്രിയന്വെണ്മയും ചുവപ്പും ഉള്ളവന്, പതിനായിരം പേരില്‍ അതിശ്രേഷ്ഠന്‍ തന്നെ. അവന്റെ വായ് ഏറ്റവും മധുരമുള്ളത്. അവന് സര്‍വാംഗസുന്ദരന്‍ തന്നെ. യെരുശലേം പുത്രിമാരേ, ഇവനത്രെ എന്റെ പ്രിയന്, ഇവനത്രെ എന്റെ സ്നേഹിതന്’ (ഉത്തമഗീതം 5: 10,16). ഈ ആത്മപ്രിയനായ യേശുവിനെ ലോകത്തിനു വിളംബരം ചെയ്യുന്ന നല്ല പത്രങ്ങളായി നമുക്കു ജീവിക്കാം.