പുതിയനിയമ വിശ്വാസസമൂഹത്തിന്റെ, നിത്യരാജ്യത്തേക്കുള്ള യാത്ര എന്ന പൊരുളിന്റെ നിഴലായിട്ടാണല്ലോ പഴയനിയമത്തില്‍ ഇസ്രയേല്‍ജനതയുടെ കനാന്യാത്ര ചിത്രീകരിച്ചിരിക്കുന്നത്. ഈ യാത്രയുടെ നായകനായി വിളിക്കപ്പെടുന്ന മോശെയുടെയും മോശെ നടത്തുന്ന ഐതിഹാസിക യാത്രയുടെയും ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന പുറപ്പാട് പുസ്തകത്തില്‍ അധികമാരാലും ശ്രദ്ധിക്കപ്പെടാതെ അഥവാ പറയാതെ പറയുന്ന വേറൊരു സമാന്തര ചരിത്രമുണ്ട്. മോശെ നേതൃനിരയിലേക്ക് ഉയരുന്നതിന്റെ പിന്നണിയില്‍, കാവലായി നിന്ന ഏഴ് വനിതകളുടെ കഥയാണ് അത്. യേശുവിന്റെ പരസ്യജീവിതകാണ്ഡത്തിനു മുമ്പുള്ള ചരിത്രത്തില്‍ താമാര്‍, രാഹാബ്, ബെത്ശേബാ, രൂത്ത്, മറിയ, എലിസബത്ത്, ഹന്ന പ്രവാചകി, എന്നിങ്ങനെ 7 സ്ത്രീകളുടെ ചിത്രീകരണം കുറച്ചുകൂടി പഠന വിധേയമായിട്ടുണ്ട്, സ്ത്രീപക്ഷ വചനപഠനങ്ങളിലെങ്കില്, മോശയുടെ പരസ്യജീവിത പരിസരങ്ങളിലെ വനിതാസാന്നിധ്യം പ്രാധാന്യം ലഭിക്കാത്ത ഒന്നാണ്, ഇപ്പോഴും. ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായ സൂതികര്മ്മിണികളാണ് പരോക്ഷമായിട്ടാണെങ്കിലും, മോശെയുടെ രക്ഷാകരദൗത്യത്തിലെ ആദ്യ പങ്കാളികള്‍. പിറന്നുവീഴും മുമ്പേ ആണ്‍കുഞ്ഞുങ്ങളെ എല്ലാം കൊന്നുകളയണം എന്ന രാജകല്പനയെ അബലകളായ ഈ സ്ത്രീകള്‍ നിരസിക്കുന്നു. രാജഭയത്തെ വെല്ലുന്ന അവരുടെ ദൈവഭയം, മോശെ പിറക്കും മുമ്പേ നഷ്ടപ്പെടാതിരിക്കാനുള്ള ഒരു കാരണമാണ് ‘… എബ്രായ സ്ത്രീകള്‍ മിസ്രയീമ്യ സ്ത്രീകളെ പോലെയല്ല, അവര്‍ നല്ല തിറവുള്ളവര്, സൂതികര്‍മ്മിണികള്‍ അവരുടെ അടുക്കല്‍ എത്തും മുമ്പേ അവര്‍ പ്രസവിച്ചു കഴിയും'(പുറപ്പാട് 1: 19) എന്ന അവരുടെ പ്രസ്താവനയെ ഫറവോന്പോലും ചോദ്യം ചെയ്യുന്നില്ല എന്നത് അതിശയകരമാണ്. അതിശക്തനായ ഫറവോന്റെ വായടയ്ക്കുന്നു, ഈ രണ്ട് ദുര്‍ബല സ്ത്രീകള്‍! ആ സ്ത്രീകളോ ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുന്നു. ബുദ്ധിയുടെയോ ജീവിതാവസ്ഥയുടെയോ സാമൂഹിക കാഴ്ച്ചപ്പാടിലുള്ള ‘ഉയര്‍ന്ന നിലവാരം’ ദൈവദൃഷ്ടിയില്‍ പ്രസക്തമല്ല എന്ന് തെളിയിക്കുന്നു ഈ സൂതികര്‍മ്മിണികള്‍ ഭാഗഭാക്കാകുന്ന രക്ഷാകര ചരിത്രം.
‘ലേവ്യ കുടുംബത്തിലെ ഒരു പുരുഷന് പരിഗ്രഹിച്ച ലേവ്യകന്യക’ എന്ന് അടയാളപ്പെടുത്തുന്നു മോശെയുടെ അമ്മയെ. യോഖേബെദ് ആണ് മോശെയ്ക്ക് ജന്മം നല്കിയ മഹദ്വനിത (പുറപ്പാട് 6:20). മോശെയുടെ മുലകുടി പ്രായത്തില്‍ അവനൊരു എബ്രായനാണെന്നും ജീവനുള്ള ദൈവം അവരുടെ ഉദ്ധാരണത്തിനു നിയോഗം നല്‍കിയിരിക്കുന്നത് മോശെയ്ക്കാണെന്നും പറഞ്ഞു പഠിപ്പിച്ചിരുന്നു എന്നു ന്യായമായി അനുമാനിക്കാം. ആ അമ്മയും, മകള്‍ അതായത് മോശെയുടെ സഹോദരിയുമാണ് മോശെയുടെ ജീവിതത്തില്‍ പിന്നീട് കടന്നുവരുന്ന സ്ത്രീദ്വയം. ‘അവള്’ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. ‘അവള്’ ഒരു ഞാങ്ങണ പെട്ടകം വാങ്ങി’ എന്നിങ്ങനെ മോശെയുടെ ജനനത്തെയും രക്ഷാപ്രക്രിയയെയും കുറിച്ച് പറയുന്നിടത്തെല്ലാം ‘അവള്’ എന്ന കഥാപാത്രത്തിനാണ് പ്രാധാന്യം. ഞാങ്ങണപ്പെട്ടകം നദിയരികില്വയ്ക്കുമ്പോഴും ‘അവള്’ എന്ന ഒരു കഥാപാത്രം മാത്രമാണ് പരാമര്‍ശിക്കപ്പെടുന്നത്. ‘സ്ത്രീയുടെ സന്തതി’ എന്ന് പ്രവചനഭാഷയില്വിളിക്കപ്പെട്ട യേശുകര്‍ത്താവിന്റെ ‘നിഴല്‍ജീവിതം’ മോശെയെയും ‘സ്ത്രീയുടെ സന്തതി’ എന്നതുപോലെ രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം തിരഞ്ഞെടുക്കുമ്പോള്‍, ദൈവം തന്നെ പിതാവ്. ഒറ്റിക്കൊടുക്കപ്പെട്ടാല്, ജീവന്‍പോലും അപകടത്തിലായേക്കാം എന്ന സാഹചര്യമാണെങ്കിലും രാജകല്‍പ്പനയെ ധിക്കരിക്കാനുള്ള അമ്മയുടെ തീരുമാനത്തിനൊപ്പം നില്ക്കുന്നു, മകള്‍ മിറിയാം. ‘ദൂരത്തു നിന്ന് കുഞ്ഞിന് എന്ത് സംഭവിക്കും’ എന്ന് നോക്കാന്‍ ഏല്പ്പിക്കപ്പെട്ടവളാണ് മിറിയാം. ബാലികാ പ്രായം കൈവിടാത്ത മിറിയാമിന് ദൈവം പകര്‍ന്നു നല്കുന്ന പക്വതയും ധൈര്യവും പ്രത്യേകം ശ്രദ്ധ ആകര്‍ഷിക്കുന്നു. ‘പൈതലിനു മുല കൊടുക്കാന്‍ ഒരു എബ്രായസ്ത്രീയെ ഞാന്‍ചെന്ന് കൊണ്ടുവരേണമോ’ എന്ന്, തന്റെ സഹോദരനെ കൊല്ലാന്‍ ഉത്തരവിട്ട ഫറവോൻ്റെ മകളോടു തന്നെ ചോദിക്കാനുള്ള ധൈര്യം അവള്‍ക്ക് നല്കപ്പെടുന്നു. തന്നെ ചുമതലപ്പെടുത്തിയപ്രകാരം സ്വന്തം അമ്മയെത്തന്നെ വിളിച്ചുകൊണ്ടു വരാനുള്ള മനസ്സാന്നിധ്യവും നല്കി, ദൈവം ആ ബാലികയ്ക്കും രക്ഷാകര പദ്ധതിയില്‍ പങ്കാളിത്തം നല്കുന്നു. സൂതികര്മ്മിണികള്ക്കെന്നപോലെ ദൈവം തന്നെയാണ് ധൈര്യവും ജ്ഞാനവും പകര്‍ന്ന് ഈ സ്ത്രീകളിലൂടെ തന്റെ പദ്ധതികള്‍ നിറവേറ്റി എടുക്കുന്നത്. ഫറവോൻ്റെ പുത്രിയും അവളുടെ ദാസിയും ആണ് അടുത്തതായി മോശെയെ രക്ഷിക്കാന്‍ ദൈവം ഉപയോഗിക്കുന്ന സ്ത്രീകള്‍. ‘അവള് ഞാങ്ങണയുടെ ഇടയില്‍ ഒരു പെട്ടകം കണ്ടു’. വീണ്ടും ‘അവള്’ എന്ന കഥാപാത്രത്തിന് കര്‍തൃത്വം നല്കപ്പെടുന്നു. പെട്ടകം എടുത്തുകൊണ്ടുവരാന്‍ നിയോഗിക്കപ്പെട്ട ദാസിയും ‘രാജകല്പനയുടെ ഭവിഷ്യത്ത് ഓര്‍മ്മിപ്പിച്ച്, തന്റെ യജമാനത്തിയെ’ പിന്തിരിപ്പിക്കുന്നതായി കാണുന്നില്ല. പെണ്‍കുട്ടികള്‍ തനിക്കൊരു വെല്ലുവിളിയാകില്ല എന്ന വിശ്വാസത്താല്‍, ആണ്‍കുട്ടികളെ മാത്രം കൊല്ലാന്‍ ഉത്തരവിട്ട അതേ ഫറവോൻ്റെ മകളിലൂടെത്തന്നെ ദൈവം രക്ഷ ഒരുക്കുന്നത് എത്ര ആശ്ചര്യകരമാണ്. പെണ്‍കുട്ടികള്‍ തനിക്കു ഭീഷണിയാകില്ല എന്ന ഫറവോന്റെ മൗഢ്യം വെളിപ്പെടുത്തുവാന്‍ സ്ത്രീകളെത്തന്നെ മോശെയെ പരിപാലിക്കുന്നതില്‍ ദൈവം നിയോഗിച്ചു എന്നത് വളരെ ശ്രദ്ധാര്‍ഹമാണ്. കൊല്ലുവാന്‍ ആജ്ഞാപിച്ച ഇടത്തുനിന്ന് മോശെയെ വളര്‍ത്താനുള്ള ചിലവും ഉത്തരവാദിത്വവും ഒരുക്കപ്പെടുന്നു. ‘അവന് അവള്‍ക്ക് മകനായി’ എന്ന് എഴുതിയിരിക്കുന്നതിലൂടെ, മോശെയുടെ മേലുള്ള ദൈവത്തിന്റെ കരുതല്‍ എത്ര വിലയേറിയതെന്ന് ദൈവം വെളിപ്പെടുത്തുന്നു. നസറേത്തിലെ കന്യകയുടെ അതേ ധീരതയെ, പഴയ നിയമത്തില്‍ പ്രതീകവല്‍ക്കരിക്കുന്നു.
ദൈവദൂതന് മോശെയെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ കല്‍ക്കത്തി കൊണ്ട് പുത്രന്മാരുടെ അഗ്രചര്‍മ്മം ഛേദിക്കുന്ന, മിദ്യാന്യസ്ത്രീയായ സിപ്പോറയാണ്, പുറപ്പാടിന് മുമ്പ് മോശയ്ക്ക് കരുതലായി തീരുന്ന ഏഴാമത്തെ സ്ത്രീ. ഇത്രനാള്‍ തന്റെ ഭര്‍ത്താവായിരുന്ന ഈ പരിച്ഛേദിതന്, ദൈവത്തിനു വേണ്ടി വിളിച്ച് വേര്‍തിരിക്കപ്പെട്ടവന്‍ എന്നു സിപ്പോറ മനസ്സിലാക്കിയിട്ടുണ്ടാവണം. തന്റെ മക്കളും അതില്‍ ഭാഗഭാക്കാകേണ്ടതുണ്ടെന്ന് ഓര്‍ക്കുകയും കൃത്യസമയത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സിപ്പോറ. കരുത്തരെന്ന് കരുതപ്പെടുന്ന പുരുഷന്മാര് പതറുന്ന ഇടങ്ങളില്ദൈവം സ്ത്രീകളെ ഉപയോഗിക്കുന്നതിന്റെ, അല്ലെങ്കില്‍ ദൈവത്തിനു പ്രവര്‍ത്തിക്കാന്‍ ‘ബലഹീനര്‍’ മതി എന്നുള്ളതിന്റെ തെളിവുകളായി, ഏഴു സ്ത്രീകള്‍. മുന്നില്‍, അതായത് പ്രത്യക്ഷത്തില്‍, വേദിയില്‍ നായകനാകുന്ന പുരുഷനൊപ്പമല്ല ബൈബിളില്‍ സ്ത്രീകളുടെ പദവി എന്നത് സുവ്യക്തമാണ്. എന്നാല്‍’അവള്’ സ്വാധീനശക്തി ഇല്ലാത്ത നിഷ്പ്രയോജനകരമായ ഒരു വ്യക്തിത്വവും അല്ല, പുരുഷന്റെ ധൈര്യവും ബലവും ആയി സൗമ്യതയോടെയും ഉള്‍ക്കാഴ്ചയോടെയും ധീരസമീപനങ്ങള് കൈക്കൊള്ളുന്ന സ്ത്രീകളാണ് അവര്‍. ദൈവത്തിലുള്ള ആഴമേറിയ വിശ്വാസവും ആശ്രിതത്വവും ആണ് ഈ സ്ത്രീകളുടെ ഏക കൈമുതല്‍. പ്രതികൂലവും ഭയങ്കരവുമായ സാഹചര്യത്തില്‍, മോശെയുടെയും യേശുവിന്റെയും കാര്യത്തില്‍, ആണ്‍കുട്ടികള്‍ കൊല്ലപ്പെടാനുള്ള കല്‍പ്പന നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ഗര്‍ഭം പേറേണ്ടി വരുമ്പോഴും, ജ്ഞാനവും ബലവും നല്കുന്ന ദൈവത്തെക്കുറിച്ചുള്ള ഉറപ്പ് അവര്‍ക്ക് കൈമോശം വരുന്നില്ല. പ്രിയ സഹോദരിമാരെ, നമുക്കും ദൈവത്തില്‍നിന്ന് പ്രാപിക്കാം, നമ്മിലൂടെ ചെയ്തെടുക്കാനുള്ള ദൈവപദ്ധതിയുടെ വെളിപ്പാടിന്റെ ജ്ഞാനവും അത് നിവര്‍ത്തിക്കാന്‍ സര്വ്വശക്തന് നല്കുന്ന ബലവും കൃപയും…