ദൈവഭക്തര്‍ ഇല്ലാതെപോകുന്ന, വിശ്വസ്തര്‍ മനുഷ്യഗണത്തില്‍നിന്നു നന്നേ കുറഞ്ഞു പോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. അവിശ്വസ്തര്‍ തങ്ങളുടെ അയല്‍വാസികളോട് കളവു പറയുന്നു; അവര്‍ അധരങ്ങളില്‍ മുഖസ്തുതിയും ഹൃദയത്തില്‍ വഞ്ചനയും വച്ച് സംസാരിക്കുന്നു. മുഖസ്തുതി പറയുന്ന എല്ലാ അധരങ്ങളും അവിശ്വസ്തതയുടെ വ്യക്തമായ നേര്‍ചിത്രങ്ങളാണ്. അവിശ്വസ്തരുടെ മനോഭാവം, ഞങ്ങളുടെ നാവിനാല്‍ ഞങ്ങള്‍ ജയിക്കും; ഞങ്ങളുടെ അധരങ്ങള്‍ ഞങ്ങള്‍ക്കു തുണ, ആരാണ് ഞങ്ങളോട് ചോദിക്കുവാനുള്ളത് എന്നിങ്ങനെയാണ്. ഏറ്റവും വലിയ ദൗര്‍ഭാഗ്യം എന്നത് എല്ലാ മേഖലകളെയും അവിശ്വസ്തത ഗ്രസിച്ചിരിക്കുന്നു എന്നതാകുന്നു. ആത്മിക മേഖലയിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഭരണകര്‍ത്താക്കളിലും ഭരണീയരിലും ഉദ്യോഗസ്ഥ വൃന്ദത്തിലും നിയമപാലകരിലും നല്ലൊരു പങ്കിനെയും നീരാളി കണക്കെ അവിശ്വസ്തത പിടി മുറുക്കിയിരിക്കുന്നു.
ദൈവകല്പനകളെ പരിത്യജിച്ച് മനുഷ്യകല്പനകളെ പ്രമാണിക്കുവാന്‍ നിര്‍ബന്ധബുദ്ധി കാണിക്കുന്ന സഭയിലെ സംഘടനാനേതൃത്വം ദൈവത്തോട് തന്നെ അവിശ്വസ്തത കാണിക്കുകയല്ലേ? ‘വേലി തന്നെ വിളവ് തിന്നാല്‍’ നിസ്സഹായരായ പാവം വിശ്വാസികള്‍ എന്ത് ചെയ്യും? ‘ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്’ എന്ന ദൈവകല്പന കണ്ടില്ലെന്നു നടിച്ചു കൊണ്ട് പാപത്തിനു ‘ബലഹീനത’ എന്ന ഓമനപ്പേരിട്ട് താലോലിക്കുന്ന ഏവരും ദൈവത്തോട് അവിശ്വസ്തതയല്ലേ കാണിക്കുന്നത്. ദൈവമുമ്പാകെ ഉഭയസമ്മതം ചെയ്ത ഭാര്യാഭര്ത്താക്കന്മാര് വിവാഹ ഉടമ്പടി ലംഘിച്ചാല്‍ അത് അവിശ്വസ്തത അല്ലാതെ മറ്റെന്താണ്? അതുപോലെ ദൈവം നല്കിയ താലന്തുകള്‍ ശരീരമാകുന്ന മണ്ണില്‍ കുഴിച്ചിട്ട് അലസരായിരിക്കുന്നവര് കാണിക്കുന്നതും അക്ഷന്തവ്യമായ അവിശ്വസ്തത തന്നെ! സഭാഗാത്രത്തെ അടിമുടി അവിശ്വസ്തത വിഴുങ്ങിയിരിക്കുകയല്ലേ? ഏലീയാവിനോട് ദൈവം അരുളിച്ചെയ്തതുപോലെ ബാലിനുമുട്ടു കുത്താത്ത ഒരു ശേഷിപ്പ് ഉള്ളതു പോലെ ഇന്നും വിശ്വസ്തരുടെ ഒരു ശേഷിപ്പ് ക്രിസ്തുവിന്റെ ഗാത്രമാകുന്ന സഭയില്‍ ഉണ്ടെന്നുള്ളതാണ് ഏകആശ്വാസം. അവിശ്വസ്തതയെ ജയിച്ച് വിശ്വസ്തരാകുവാനുള്ള ആഹ്വാനം മുഖ്യപ്രമേയമായി ഈ ലക്കത്തിലെ സന്ദേശം നമ്മോടു സംസാരിക്കുന്നു. അന്ത്യകാലത്തിന്റെ ഈ അന്ത്യനിമിഷങ്ങളില്‍ നമ്മെ ആത്മാവില്‍ പ്രബുദ്ധരാക്കുന്നതാണ് തുടര്‍ന്നുള്ള മറ്റെല്ലാ ലേഖനങ്ങളും. ഓരോന്നും അപഗ്രഥിച്ചു വായിച്ച് പരമാര്ത്ഥഹൃദയത്തെ ഉണര്‍ത്തുവാന്‍ ഓരോരുത്തരും ഉത്സാഹിക്കണമേ എന്ന അപേക്ഷയോടെ ഈ ലക്കം മാസിക എല്ലാ മാന്യവായനക്കാര്ക്കുമായി സമര്‍പ്പിക്കുന്നു.
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.