ഡേവിഡ് വില്‍ക്കേഴ്സണ്

എങ്കിലും ഈ ജനം  കൊള്ള ചെയ്യപ്പെട്ട് കവര്‍ച്ചയായിത്തീര്‍ന്നവരാണ്, അവരെല്ലാം ഗുഹകളില്‍ കുടുങ്ങുകയോ കാരാഗൃഹങ്ങളില്‍ അടയ്ക്കപ്പെടുകയോ ചെയ്തിരിക്കുന്നു. അവര്‍ കവര്‍ച്ചയ്ക്ക് ഇരയായി, വിടുവിക്കാന്‍ ആരും ഇല്ല; കൊള്ള ചെയ്യപ്പെട്ടു, മടക്കിത്തരിക, എന്ന് ആരും പറയുന്നതുമില്ല (യെശയ്യാവ് 42: 22)

തിന്മയുടെ കരാളഹസ്തങ്ങളില്‍ നിന്നും  തങ്ങളുടെ കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാമെന്ന് ചിന്തിച്ചുകൊണ്ടാണ് ഇക്കാലങ്ങളില്‍ മാതാപിതാക്കള്‍ ജീവിക്കുന്നത്!  തങ്ങളുടെ  മക്കള്‍,  സാത്താന്യശക്തികള്‍ക്കു  അടിമയാണെന്ന്  കണ്ടെത്തിയപ്പോള്‍ മാതാപിതാക്കള്‍ അനുഭവിച്ച ഞെട്ടലും വേദനയും ഞാന്‍ മനസിലാക്കിയിട്ടുണ്ട്. യുവാക്കളുടെ ആരോഗ്യവും, ധാര്‍മ്മികതയും, വിവേകവും സാത്താന്‍  കവര്‍ന്നെടുക്കുന്നു!  മക്കളില്‍ നിന്നുള്ള  സ്നേഹവും സന്തോഷവും അതിനാല്‍ നഷ്ടപ്പെടുന്നു. നഷ്ടപ്പെട്ട മക്കളെ  ഓര്‍ത്ത് ഇപ്പോള്‍ നിരവധി മാതാപിതാക്കള്‍ വിലപിക്കുന്നു. മക്കളുടെ മേല്‍, അലറുന്ന  സിംഹത്തെപ്പോലെ പിശാച് ചാടിവീഴുന്നു. യെശയ്യാവ് പറഞ്ഞു: ‘അവരെ തിരികെ കൊണ്ടുവരാന്‍ ആരുമില്ല’.ശക്തനായ ദൈവമനുഷ്യനായിരുന്നു ശിംശോന്‍.  എന്നാല്‍ അവന്‍റെ ജീവിതം  സാത്താന്‍റെ തടവറയില്‍ ആയിപ്പോയി. അവന്‍  ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു ജീവിതം  ആരംഭിച്ചു. ‘കുട്ടി വളര്‍ന്നു, യഹോവ അവനെ അനുഗ്രഹിച്ചു, യഹോവയുടെ ആത്മാവ് അവനെ ഉത്തേജിപ്പിച്ചു’ (ന്യായാധിപന്മാര്‍ 13:24,25). എങ്കിലും  ശിംശോന്‍ ജഡമോഹങ്ങള്‍ക്ക്  അടിമയായി.  ഫെലിസ്ത്യര്‍ അവനെ പിടിച്ചു, അവന്‍റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു, ഗസ്സയിലേക്ക് കൊണ്ടുപോയി, ചങ്ങലകള്‍ കൊണ്ട് ബന്ധിച്ചു, അവന്‍ കാരാഗൃഹത്തില്‍ മാവു പൊടിക്കേണ്ടി വന്നു(ന്യായാധിപന്മാര്‍ 16:21).  അടിമത്തത്തിലേക്കും തടവറയിലേക്കുമുള്ള ശിംശോന്‍റെ പതനം നമുക്ക്  പഠിക്കാനും ഭയപ്പെടാനും ഒരു ബുദ്ധ്യുപദേശമാണ് . നല്ലവനും ആത്മീയനുമായ ഒരു യുവാവ്  ഇത്ര ദയനീയനും അന്ധനും നിസ്സഹായനുമായി അവസാനിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുക!

വിദ്യാഭ്യാസം കൊണ്ടും അറിവുകൊണ്ടും മാത്രം ആരേയും പാപത്തിന്‍റെ ശക്തിയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ല! ജനനം മുതലേ ഒരു നാസീര്‍വ്രതസ്ഥനായിട്ടാണ് ശിംശോന്‍  വളര്‍ന്നത്, അതായത്, തിന്മയോ ദുഷ്ടതയോ  ആയ എല്ലാം വര്‍ജ്ജിക്കുവാന്‍  അദ്ദേഹത്തിന് അറിവും പരിശീലനവും ലഭിച്ചു. ഒരു തരത്തിലുള്ള മദ്യവും തൊടരുതെന്ന് അദ്ദേഹത്തെ പരിശീലിപ്പിച്ചു. ഭക്തികെട്ടവരുമായി ഇടപഴകുന്നതിന്‍റെ അപകടത്തെക്കുറിച്ച് മറ്റാര്‍ക്കും ഇത്ര വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ദൈവാത്മാവ് അവനോട് പാപത്തില്‍ നിന്നും വേര്‍പെട്ടു ശുദ്ധനായിരിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നിട്ടും, ശിംശോന്‍ ശത്രുരാജ്യത്തേക്ക് ചെന്ന് ഒരു ഫെലിസ്ത്യവേശ്യയുമായി വ്യഭിചാരം ചെയ്തു. ‘പിന്നെ ശിംശോന്‍ ഗസ്സയിലേക്ക് പോയി, അവിടെ ഒരു വേശ്യയെ കണ്ടു, അവളുടെ അടുക്കല്‍ ചെന്നു'(ന്യായാധിപന്മാര്‍ 16:1). ജഡത്തെ തൃപ്തിപ്പെടുത്തുവാനുള്ള അവന്‍റെ ആവേശത്തില്‍ നിന്നും, വിശുദ്ധജീവിതത്തെക്കുറിച്ചുള്ള  കൃത്യമായ അറിവ്  അവനെ പിന്തിരിപ്പിച്ചില്ല.വചനം വിലക്കിയിട്ടുള്ള കാര്യങ്ങളില്‍ മനസ്സ് വയ്ക്കുന്നത് ഏറ്റവും അപകടമാണ്.   ശിംശോന്‍റെ   കാര്യവും അങ്ങനെ തന്നെയായിരുന്നു! അവന്‍ വേശ്യയുമായി പ്രണയത്തിലായി, അവനെ കൊല്ലാന്‍വേണ്ടി  ശത്രുക്കള്‍ വേശ്യയുടെ വീട് വളഞ്ഞിരുന്നു,  ആദ്യം കുടുങ്ങി എങ്കിലും അവന്‍   രക്ഷപ്പെട്ടു. ശിംശോന്‍ അര്‍ദ്ധരാത്രിവരെ കിടന്നുറങ്ങി, അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റു, പട്ടണവാതിലിന്‍റെ  കട്ടളക്കാലുകള്‍  രണ്ടും, വാതിലുകളും എടുത്ത്  എല്ലാം ചുമലില്‍ വെച്ച് ഒരു കുന്നിന്‍ മുകളില്‍ കൊണ്ടുപോയി.

 ദൈവഭക്തരായ അവന്‍റെ മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നു മകന്‍ പാപത്തില്‍ വീണു പോയെന്നുള്ള കാര്യം! അത് അറിയാത്തതിനാല്‍ പിശാചിന്‍റെ പദ്ധതികള്‍ തകര്‍ക്കാന്‍ ദൈവം ഇനിയും അവനെ ഉപയോഗിക്കും എന്ന് അവരും ചിന്തിച്ചു. വിലക്കപ്പെട്ട കാര്യങ്ങള്‍ പ്രവൃത്തിച്ച ശേഷവും ശിംശോനും   ചിന്തിച്ചത് പിശാച് എന്നെ കുടുക്കിയിട്ടില്ല, ദൈവശക്തിയും സാന്നിധ്യവും ഇപ്പോഴും തന്നോടൊപ്പം ഉണ്ടെന്നാണ്. അവനു  പശ്ചാത്താപം ഉണ്ടാകേണ്ടതല്ലേ? പശ്ചാത്തപിക്കാന്‍ എന്താണ് ഉള്ളത്?  ബൈബിള്‍ പറയുന്നു: ‘ദുഷ്പ്രവൃത്തിക്കെതിരായ ന്യായവിധി  വേഗത്തില്‍ നടപ്പാക്കപ്പെടാത്തതിനാല്‍ മനുഷ്യരുടെ ഹൃദയം ദോഷം ചെയ്യാന്‍  ഉറച്ചിരിക്കുന്നു (സഭാപ്രസംഗി 8:11).  വീണ്ടും പാപം ചെയ്യാന്‍ ദൃഢനിശ്ചയം ചെയ്ത ഒരാള്‍, താന്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്നു ഭാവിക്കുന്നു. പാപത്തോടുള്ള എല്ലാ ഭയവും വെറുപ്പും അയാള്‍ക്ക് നഷ്ടപ്പെടുന്നു. വിലക്കപ്പെട്ട പാപത്തെ വെറുക്കാത്തതിനാല്‍ അയാള്‍ ആത്മീയ അന്ധനായി മാറുന്നു. എല്ലാ വിശുദ്ധ ചിന്തകളും  ഇല്ലാതാകുന്നു .

തിന്മ ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ പെട്ടെന്ന്  പൈശാചിക ശക്തികളാല്‍ സ്വാധീനിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്നു.  പാപത്തിലകപ്പെടുത്തി ഏതൊരാളുടെയും ആത്മീയവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളെയും  തകര്‍ത്ത്,  തന്‍റെ അടിമകളാക്കുക എന്നതാണ് സാത്താന്‍റെ ലക്ഷ്യം. ശിംശോന് അങ്ങനെ തന്നെ സംഭവിച്ചു. ഒരു രാത്രിയില്‍ അവന്‍ ‘ഒരിക്കല്‍ കൂടി’ സാത്താന്‍റെ  ഉപകരണമായ ദെലീലയുടെ അടുക്കല്‍പ്പോയി, പരീക്ഷിക്കപ്പെട്ടു. സാത്താന്‍ വിശുദ്ധിയില്‍ ജീവിക്കുന്നവരെ തകര്‍ക്കാന്‍  ദൃഢനിശ്ചയം ചെയ്തിരിക്കുന്നതായി നമുക്കോരോരുത്തര്‍ക്കും തിരിച്ചറിയുവാന്‍  കഴിയട്ടെ.എന്തുകൊണ്ടാണ് ദെലീലയുടെ അടുക്കല്‍ അവന്‍ വീണ്ടുംവീണ്ടും പോയത്? അവന് ജഡമോഹത്തെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല, കാരണം അവന്‍ ആത്മനിയന്ത്രണത്തിലായിരുന്നില്ല. പിശാച് അവനെ പാപത്തിന്‍റെ നൈമിഷികസുഖങ്ങള്‍ ആസ്വദിക്കാന്‍ പ്രേരിപ്പിച്ചു. ഹൃദയം കീഴടക്കുക എന്നതാണ് പാപത്തില്‍ വീഴ്ത്തുവാനുള്ള അവന്‍റെ കുടിലതന്ത്രം. സാത്താന് ഇടം കൊടുക്കന്നവരില്‍ നിന്ന് ദൈവത്തിലുള്ള അവസാന പ്രതീക്ഷയും അവന്‍ പറിച്ചെടുക്കുന്നു. ശിംശോന്‍  തന്‍റെ ഹൃദയം മുഴുവന്‍ ദെലീലയ്ക്ക് സമര്‍പ്പിച്ചു! ഇപ്പോള്‍ അവന്‍ അവളുടെ നിയന്ത്രണത്തിലായി. സാത്താന്‍ അവളിലൂടെ അവനെ പൂര്‍ണ്ണമായും കീഴടക്കി. അവന്‍ തന്‍റെ ദൈവവിളി മറന്നു.  പിശാചിന്‍റെ മടിയില്‍ ഉറങ്ങാന്‍ കിടന്നു. അവന്‍ എഴുന്നേറ്റ ് ദൈവത്തെ സഹായത്തിനായി വിളിച്ച്  ‘വേണ്ട,  ഞാന്‍ വ്യത്യസ്തനാണ്,  ഞാന്‍ ദൈവത്തിന്‍റേതാണ്’  എന്ന് പൈശാചികമനസ്സുള്ള ആ സ്ത്രീയോട് പറയാമായിരുന്നു.

ഏവരുടെയും ഹൃദയം യേശുവിനായി ദാഹിച്ചുകൊണ്ടേയിരിക്കട്ടെ.  സഹായത്തിനായി നിലവിളിക്കുന്ന ആരെയും രക്ഷിക്കാന്‍ ദൈവം ശക്തനാണ്.  തങ്കലാശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു. സാത്താന്‍റെ തടവറയില്‍ അടയ്ക്കപ്പെടാതിരിക്കുവാന്‍ ഏകമാര്‍ഗ്ഗം പാപത്തിനും ലോകമോഹങ്ങള്‍ക്കും ജഡത്തിനും  മരിക്കുക എന്നതാണ്! സാത്താന്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്തിന് യേശുക്രിസ്തു ഒഴികെ മറ്റൊരു പ്രത്യാശയുമില്ല.  യുവാക്കളുടെ മനസ്സിലും ഹൃദയത്തിലും ദൈവവചനസത്യം സംഗ്രഹിക്കുക  എന്നത് മാത്രമാണ് ഏക പരിഹാരം.  അത് അവരില്‍ ദൈവഭയം ഉളവാക്കുകയും പിശാചിന്‍റെ തന്ത്രങ്ങളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. ദൈവത്തോട് പാപം ചെയ്യാതിരിക്കേണ്ടതിന് പരിശുദ്ധാത്മാവിനാല്‍ പ്രകാശിപ്പിക്കപ്പെടുന്ന തിരുവെഴുത്തുകള്‍,  ഹൃദയത്തില്‍ സംഗ്രഹിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.    

Author