സമാപ്തിക്കുറിപ്പ്
മതഭക്തി, ബാഹ്യഭക്തി, കപടഭക്തി, വേഷഭക്തി പരീശഭക്തി എന്നിങ്ങനെ ഭക്തിയെക്കുറിക്കുന്ന അനേകം പ്രയോഗങ്ങള്‍ ആത്മീയലോകത്ത് ഉണ്ട്. ഭക്തിയുടെ തലം ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. എന്താണ് യഥാര്‍ത്ഥ ഭക്തി? കര്‍ത്താവ് അന്നത്തെ യഹൂദാമതത്തിന്റെ വ്യാജഭക്തിക്കെതിരെ ആഞ്ഞടിച്ചത് ‘പാറയെ തകര്‍ക്കുന്ന ചുറ്റിക’ പോലെ ആയിരുന്നു. ഗിരിപ്രഭാഷണത്തില്പല വാക്യങ്ങളിലൂടെ കപടഭക്തിയേയും മനുഷ്യരുടെ മുമ്പില്‍ പ്രദര്‍ശനം ആക്കുന്ന പരീശഭക്തിയേയും യേശുനാഥന്‍ തീവ്രമായി വിമര്‍ശിച്ചു.
കര്‍ത്താവ് ഉപദേശിച്ച ഭക്തിയുടെ പാഠങ്ങള്‍ എപ്പോഴും ലളിതവും ശുദ്ധവും ആയിരുന്നു. ദൈവത്തോടുള്ള ബഹുമാനവും ധര്‍മ്മനിഷ്ഠയും ആണ് യഥാര്‍ത്ഥ ദൈവീകത. ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലതയും ആണ് കൊരിന്ത്യസഭയിലെ വിശ്വാസികളില്നിന്ന് പൗലോസ് അപ്പോസ്തോലന്‍ ഡിമാന്‍ഡ് ചെയ്തത് (2 കൊരിന്ത്യര്‍11:3). ആത്മാര്‍ത്ഥതയും സംശുദ്ധവുമായ ഭക്തിയാണ് നാം ഓരോരുത്തരിലും ഉണ്ടാകേണ്ടത്. ഈ ലോകത്തിലെ വിനാശകരമായ വിഷയാസക്തിയില്നിന്ന് വിടുവിക്കപ്പെട്ട് ദിവ്യസ്വഭാവത്തിന് പങ്കാളിയാകുന്നതാണ് ഭക്തിയുടെ ലക്ഷണം എന്ന് വിശുദ്ധ പത്രോസും ഓര്‍മ്മിപ്പിക്കുന്നു (2 പത്രോസ്1:37). കപടഭക്തിയെ വെറുക്കുന്ന ദൈവം ആത്മീയനിഗളത്തെയും വിമര്‍ശിക്കുന്നത് തിരുവെഴുത്തിലുടനീളം കാണുവാന്സാധിക്കും. മനുഷ്യര്‍ക്ക് സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നവരായി ഈ വേഷഭക്തിക്കാരെയും ദീര്‍ഘമായി ദുഷ്ടലാക്കോടെ പ്രാര്‍ത്ഥിക്കുന്ന ആത്മീയതയുടെ പ്രദര്ശനക്കാരെയും യേശുകര്‍ത്താവ് വിമര്‍ശിച്ചു. രക്ഷിതാവും കര്‍ത്താവുമായ ക്രിസ്തുവിനോടുള്ള ദൃഢമായ ബന്ധത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ യഹൂദാമതം ശ്രമിച്ചതു പോലെ സംഘടനാശൈലികളും സ്ഥാനമഹിമയ്ക്കായി അഭിനവ സുവിശേഷവിഹിതരും ‘വേറൊരു സുവിശേഷമാണ്’ മാര്‍ക്കറ്റ് ചെയ്യുന്നത്. ‘പിതാവായ ദൈവത്തിന്റെ മുമ്പില്‍ ശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാകുന്നു’ എന്നാണ് വിശ്വാസത്തിന്റെ പ്രായോഗിക അപ്പോസ്തലനായ യാക്കോബ് ഓര്‍മ്മിപ്പിച്ചത്: ‘ദുരിതമനുഭവിക്കുന്ന അനാഥരെയും വിധവകളെയും സന്ദര്‍ശിക്കുക, ലോകത്തിന്റെ കളങ്കങ്ങളില്നിന്ന് സ്വയം കാത്തുസൂക്ഷിക്കുക’. അതെ, നമ്മുടെ ധാര്‍മ്മികത ക്രിസ്തുവിന്റെ നിലവാരത്തിനൊപ്പം ആവുകയും ദൈവഭയത്തിന്റെയും ക്രിസ്തുസ്നേഹത്തിന്റെയും പൂര്‍ണ്ണതയിലേക്ക് ദിനംപ്രതി വളരുകയും ചെയ്യുമ്പോള്‍, അതാണ് യഥാര്‍ത്ഥ ദൈവഭക്തി എന്ന് സാരം.