എബ്രായലേഖനം 8ന്റെ 10 മുതല്‍ 12 വരെ
പുതിയ ഉടമ്പടിയെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു വെളിപ്പാട്, അത് ബാഹ്യമായി ഉപദേശിക്കപ്പെട്ടതല്ല എന്നുള്ളതാണ് കര്‍ത്താവിന്റെ വാഗ്ദത്തം.
അത് ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ എഴുതപ്പെടുന്ന നിയമത്തെ അധിഷ്ഠിതമായിട്ടായിരിക്കും എന്നുള്ളതാണ്. ഉപദേശിച്ചും ഭയപ്പെടുത്തിയും ലോകത്തിലെ ചെറിയ ചെറിയ വാഗ്ദത്തങ്ങള്‍ നല്‍കിയും മനുഷ്യരെ നിര്‍ബന്ധിച്ചു നീതി പ്രവര്‍ത്തികളിലേക്ക് എത്തിച്ചു കൊണ്ടിരുന്ന പഴയ ഉടമ്പടി പോലെയല്ല, ഹൃദയങ്ങളില്‍ ആര്‍ക്കും മായിച്ചു കളയാന്‍ കഴിയാത്ത വിധം എഴുതപ്പെടുന്ന നീതിയുടെ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമം പ്രവര്‍ത്തിക്കുന്നത്. ആകയാല്‍ ഭയം കൊണ്ടോ, പ്രീണനം കൊണ്ടോ, നിര്‍ബന്ധം കൊണ്ടോ അല്ല, പ്രത്യുത ഹൃദയത്തില്‍ അതായത് അന്തരാത്മാവില്‍നിന്ന് വരുന്ന നിര്‍ബന്ധമാണ് ഒരു മനുഷ്യനെ നീതിമാനും അനുസരിക്കുന്നവനും ആക്കി മാറ്റുന്നത്.
ഇങ്ങനെ ഹൃദയത്തില്‍ എഴുതപ്പെടുന്നത് കൊണ്ട് എന്താണ് ഗുണം? പതിനൊന്നാം വാക്യത്തില്‍ നാം കാണുന്നത് നമുക്ക് നിയമങ്ങള്‍ തന്ന ദൈവത്തോട് ഏകാഗ്രമായ ഒരു ബന്ധം ഉണ്ടാകും എന്നുള്ളതാണ്. കര്‍ത്താവ് പറയുന്നു: ‘ഞാന്‍ അവര്‍ക്ക് ദൈവവും അവര്‍ എനിക്ക് ജനവും ആയിരിക്കും. ‘ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും ദൈവത്തെ മഹത്വപ്പെടുത്തുവാനും ദൈവത്തെ അറിയുവാനും ഒരു മനുഷ്യന് സാധിക്കുമ്പോള്‍ അവനെ ആരും ഉപദേശിക്കേണ്ടതില്ല എന്ന ഒരു അവസ്ഥ ഉണ്ടാകുന്നു. നിയമത്തിന്റെ ഒരു നിര്‍ബന്ധവും ഇല്ലാതെ, ആരും നമ്മെ നിയന്ത്രിക്കാന്‍ ഇല്ലാതെ, ആരും നമ്മെ വിലയിരുത്താന്‍ ഇല്ലാതെ ആയിരിക്കുമ്പോള്‍ തന്നെ നാം നീതി ഉള്ളവരായി മാറുന്നു. കാരണം അത് നമ്മുടെ ആന്തരിക സ്വഭാവമായി മാറുന്നു. മുമ്പേ ജഡത്തിന്റെ അടിമത്തത്തില്‍ പാപത്തിന്റെ ദാസന്മാരായിരുന്ന നാം ഇങ്ങനെ വലിയൊരു ദൈവപ്രവൃത്തിയുടെ ഫലമായി നീതിയുടെ ദാസന്മാരായി മാറുന്നു. പുതിയ നിയമത്തിലെ അനുസരണം ആത്മാവിന്റെ നിര്‍ബന്ധം കൊണ്ടുള്ളതാണ്. ഭയമുണ്ടാക്കിയോ മോഹം ഉണ്ടാക്കിയോ ഉളവാക്കുന്നതല്ല. ഇന്നും ഈ നീതിയിലേക്ക് എത്താന്‍ കഴിയാതെ നരകത്തില്‍ ദൈവം തള്ളിക്കളയും എന്ന ഭയം കൊണ്ട് മാത്രം അനുസരിക്കുന്നവര്‍ ഇപ്പോഴും ‘പഴയ നിയമത്തില്‍’ തന്നെയാണ്. ഭയത്തെ തോല്‍പ്പിക്കുന്ന സ്നേഹമാണ് ഹൃദയത്തില്‍ എഴുതപ്പെടുന്ന നിയമങ്ങള്‍ക്ക് ആധാരം.
എബ്രായലേഖനം 8ന്റെ 12ല്‍ നമുക്ക് ദൈവവുമായുള്ള സമാധാനത്തിന്റെ അടിസ്ഥാനം ദൈവം നമ്മുടെ അകൃത്യങ്ങളെ ഓര്‍ക്കുകയോ അവയനുസരിച്ച് നമ്മെ ശിക്ഷിക്കുകയോ ചെയ്യുകയില്ല എന്ന വാഗ്ദത്തമാണ്. ആ വാഗ്ദത്തം നമുക്ക് ലഭിക്കുന്നത് യേശുക്രിസ്തുവിന്റെ ഏകയാഗത്താല് നാം ശുദ്ധീകരിക്കപ്പെടുന്നതുകൊണ്ടാണ്. ദൈവം നമ്മുടെ അകൃത്യങ്ങളെ ഓര്‍ക്കുകയോ നമ്മുടെ പാപത്തെ കണക്കിടുകയോ ചെയ്യുന്നില്ലെങ്കില്‍ നാം സമാധാനമുള്ളവരായി ദൈവത്തിൻ്റെ സ്നേഹത്തില്‍ വേരൂന്നുന്നവരായി മാറും. ക്രിസ്തുവിന്റെ ഈ പരിജ്ഞാനത്തിലേക്ക് എത്താന്‍ കഴിയാതെ തുടരുന്നടത്തോളം കാലം, നാം ഭയത്തിന് അടിമകളായിരിക്കുകയും ദൈവത്തിൻ്റെ നീതിക്ക് പകരം മനുഷ്യനീതി അന്വേഷിക്കുകയും ചെയ്യും.
പലരും സംശയിക്കുന്നത് നരകഭീതി എടുത്തു മാറ്റിയാല്‍ ആളുകള്‍ തോന്നുന്നതുപോലെ ജീവിക്കുകയില്ലേ എന്നാണ്. ഇതിനുത്തരം റോമാ ലേഖനത്തില്‍ പൗലോസ് പറയുന്നു. പാപസംബന്ധമായി നിങ്ങള്‍ മരിച്ചു എങ്കില്‍ ഇനി അതില്‍ ജീവിക്കുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? കര്‍ത്താവാണ് നിങ്ങളുടെ ഉറ്റസ്നേഹിതനെങ്കില് പാപത്തെ സ്നേഹിക്കുവാനും അതില്‍ തുടരുവാനും നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും? അതുകൊണ്ട് വീണ്ടെടുക്കപ്പെട്ടവര്‍ ഓരോ ദിവസവും പാപസംബന്ധമായി മരിച്ചവരെന്നും ക്രിസ്തുവില്‍ ദൈവത്തിനായി ജീവിക്കുന്നവരെന്നും തന്നെത്താന്‍ കരുതേണ്ടതാണ്. അതുകൊണ്ട് നാം ജഡത്തോടുള്ള കടപ്പാട് കാരണമല്ല നീതിമാന്മാരാകുന്നത്, പിന്നെയോ ആത്മാവില്‍ ഉള്ള വീണ്ടെടുപ്പ് മൂലമാണ്. ദൈവവുമായുള്ള നമ്മുടെ ബന്ധത്തില്‍ ഏറ്റവും തടസ്സമായിരുന്ന നമ്മുടെ അകൃത്യവും പാപവും യേശുക്രിസ്തുവിന്റെ യാഗം നിമിത്തം ഇനി നമ്മോട് കണക്കിടുകയില്ല എന്ന വാഗ്ദത്തം എത്ര മഹത്വമേറിയതും മനോഹരവുമാണ്.
എങ്ങനെയാണ് ഈ വ്യവസ്ഥകള്‍ മാറിയത് എന്ന് മനസ്സിലാക്കാത്തതു കൊണ്ടാണ് ഇന്നും പ്രവൃത്തികളില്‍ അധിഷ്ഠിതമായ ഒരു നീതിയെ മനുഷ്യര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
എബ്രായലേഖനം 8ന്റെ 13ല്‍ ലേഖന കര്‍ത്താവ് പറയുന്നത് പഴയത് കാലഹരണപ്പെടുകയും നീക്കപ്പെടുകയും ചെയ്തു എന്നാണ്. അതിനര്‍ത്ഥം വേദപുസ്തകത്തിലെ പഴയനിയമ പുസ്തകങ്ങള്‍ നീക്കം ചെയ്യപ്പെട്ടു, ഇനി അത് നാം വായിക്കേണ്ടതില്ല എന്നല്ല. ദൈവത്തിൻ്റെ നിയമങ്ങള്‍ ഒരിക്കലും മാറുന്നില്ല. ദൈവത്തിൻ്റെ നീതി എന്നന്നേക്കുമായി സ്ഥിരമായിരിക്കുന്നു. എന്നാല്‍ സ്ഥിരമായ ഈ നീതിയുടെ ഒരു നിഴല്‍മാത്രമാണ് നമ്മള് പഴയനിയമത്തില്‍ കണ്ടത്. അത് പ്രവര്‍ത്തികള്‍കൊണ്ട് പരിശ്രമിക്കുകയും തോറ്റുപോവുകയും ചെയ്ത ഒരു വ്യവസ്ഥയാണ്. ഇതിനര്‍ത്ഥം ദൈവത്തിൻ്റെ നീതി മാറുന്നില്ലെങ്കിലും ആ നീതിയുടെ പൂര്‍ണ്ണരൂപത്തിലേക്ക് എത്തുവാനുള്ള വ്യവസ്ഥകള്‍ മാറുന്നു എന്നുള്ളതാണ്. എങ്ങനെയാണ് ഈ വ്യവസ്ഥകള്‍ മാറിയത് എന്ന് മനസ്സിലാക്കാത്തതു കൊണ്ടാണ് ഇന്നും പ്രവൃത്തികളില്‍ അധിഷ്ഠിതമായ ഒരു നീതിയെ മനുഷ്യര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ദൈവം നോക്കുന്നത് ക്രിസ്തുവിനോടനുരൂപപ്പെട്ടുള്ള സ്വഭാവത്തിലധിഷ്ഠിതമായ, നമ്മുടെ വീണ്ടുംജനനത്തെ ആധാരമാക്കിയുള്ള ഒരു നീതി ആണ്.
അതുകൊണ്ടുതന്നെ പഴയനിയമം പ്രവര്‍ത്തിക്കുന്നതുപോലെ അല്ല പുതിയ നിയമം പ്രവര്‍ത്തിക്കുന്നത്. അതായത് പഴയ രീതിയിലുള്ള ഭയപ്പെടുത്തലുകളും ബാഹ്യമായ നിര്‍ബന്ധങ്ങളും എടുത്തു മാറ്റുകയും നമ്മില്‍ ക്രിസ്തുവിന് അനുരൂപമായി സൃഷ്ടിക്കപ്പെടുന്ന പുതിയ മനുഷ്യൻ്റെ സ്വഭാവത്തില്‍ അധിഷ്ഠിതമായ പുതിയ നിയമത്തിലേക്ക് നമ്മെ മാറ്റുകയും ചെയ്തിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ വെള്ളവസ്ത്രം ധരിക്കുന്നത് കൊണ്ടോ, ക്ലീന്‍ഷേവ് ചെയ്യുന്നത് കൊണ്ടോ, ബാഹ്യമായ എന്തെങ്കിലും കാര്യങ്ങള്ചെയ്യുന്നതു കൊണ്ടോ, ചെയ്യാതിരിക്കുന്നതു കൊണ്ടോ അല്ല, പുതുതായി ജനിച്ചതിനാലാണ് അനുസരണം ഉള്ളവരായി മാറുന്നത്. എബ്രായലേഖനം എഴുതപ്പെടുന്ന കാലയളവില്‍ അനേകം ആളുകള്‍ പല കാരണങ്ങളാലും വിശ്വാസത്തിന്റെ വഴി ഉപേക്ഷിച്ചു പോകുവാനുള്ള പ്രവണത കാണിച്ചിരുന്നു. രണ്ടു പ്രധാന പ്രശ്നങ്ങളാണ് അന്ന് ഈയൊരു പ്രതിസന്ധി ഉളവാക്കിയത്. ഒന്നാമതായി ക്രിസ്ത്യാനികള്‍ അനുഭവിച്ചിരുന്ന പീഡനവും ജാതീയ വിവേചനവും പലരെയും മടുപ്പിച്ചിരുന്നു. അതുപോലെതന്നെ അന്ന് സഭ നേരിട്ട വേറൊരു വലിയ പ്രശ്നം
യേശുക്രിസ്തുവിനെ വിശ്വസിക്കുന്നവര്‍ പരിച്ഛേദനയും യാഗങ്ങളും പോലുള്ള പഴയ നിയമത്തിന്റെ പ്രമാണങ്ങള്‍ അനുസരിക്കണം എന്ന് ഉപദേശിച്ചിരുന്ന ന്യായപ്രമാണവാദികളുടെ സ്വാധീനമായിരുന്നു. അതുകൊണ്ട് പലരും ഞങ്ങള്‍ക്ക് യേശുവും വേണം പഴയ നിയമത്തിന്റെ പ്രമാണങ്ങളും വേണം എന്ന് ചിന്തിക്കുന്ന ഒരു കാലമായിരുന്നു. ഇവിടെ അപ്പോസ്തലന് വ്യക്തമാക്കുന്നത് യേശുക്രിസ്തുവിന്റെ ഏകയാഗത്തിലധിഷ്ഠിതമായ പുതിയ ഉടമ്പടിയിലേക്ക് പ്രവേശിച്ചിരിക്കുന്ന ഒരാള്‍ പഴയതുമായി എന്നന്നേക്കുമായി വേര്‍പ്പെട്ടിരിക്കുന്നു എന്നാണ്. വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന പഴയ യാഗങ്ങളിലേക്ക് തിരിയുമ്പോള്‍ യേശുക്രിസ്തുവിന്റെ ഏകയാഗത്താല് നമുക്ക് ലഭിച്ച പ്രത്യാശയെ തള്ളിപ്പറയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് എബ്രായ ലേഖനത്തിന്റെ ഓരോ അധ്യായത്തിലും പഴയതിനെയും കൂടെ പിടിക്കുവാന്‍ ശ്രമിക്കുന്ന ആളുകള്‍ക്കുള്ള മുന്നറിയിപ്പ് നമുക്ക് കാണുവാന്‍ സാധിക്കും. ഇന്നും ഇതേ സാഹചര്യം പലപ്പോഴും നിലനില്‍ക്കുന്നതായി കാണാം. മനുഷ്യരെ ഭയന്നും, ഒറ്റപ്പെടുമോ എന്ന് പേടിച്ചും, പഴയതും പുതിയതും ഒരുപോലെ അനുഷ്ഠിക്കാന്‍ ശ്രമിക്കുന്ന അനേകം ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. പലരും നിസ്സഹായത മൂലവും, മനുഷ്യഭയവും, മനുഷ്യരില്‍നിന്നുള്ള മാനവും ആഗ്രഹിച്ചു കൊണ്ടുമാണ് അങ്ങനെ തുടരുന്നത്. എന്നാല്‍ പുതിയനിയമസഭയായി വേര്‍പെട്ട പല സഭകള്‍പോലും ഇത്തരം പ്രവണതകള്‍ ഖണ്ഡിച്ചു വിശ്വാസികളെ പഠിപ്പിക്കുകയും ഉറപ്പിക്കുകയും ചെയ്യാത്തതിനാല്‍ ഒരിക്കലുപേക്ഷിച്ചതിലേക്കു മടങ്ങിപ്പോകുവാന്‍ പ്രേരിപ്പിക്കുന്നു എന്ന വലിയ തെറ്റ് അവരറിയാതെ ചെയ്തു കൊണ്ടിരിക്കുന്നു.