ദാരിദ്ര്യം ഒരു ശാപമല്ല. സമ്പത്ത് അനുഗ്രഹത്തിന്റെ ലക്ഷണവുമല്ല. ദൈവജനത്തിലധിക പങ്കും ധനാഢ്യരും അല്ല. അവരില്‍ കുറച്ചുപേര്‍ മാത്രമേ സമ്പന്നരായിട്ടുള്ളൂ. കുറച്ചുപേര്‍ മാത്രമേ നല്ല വാഹനങ്ങളില്‍ സഞ്ചരിക്കുന്നുള്ളൂ, വലിയൊരു വിഭാഗം ദരിദ്രരും ദുരിതമനുഭവിക്കുന്നവരുമാണ്. അവര്‍ ദൈവത്തിന്റെ ദൈനംദിന കരുതലുകളില്‍ ഭക്ഷണം മുതല്‍ വസ്ത്രം വരെ നിറവേറ്റിക്കിട്ടുവാന് ദൈവത്തില്‍ ആശ്രയിക്കുകയും ചെയ്യുന്നു. ദൈവം തന്റെ പൂര്‍ണ്ണതയുടെ സമ്പത്തില്‍നിന്ന് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് അവര്‍ വിശ്വസിക്കുന്നു. ദരിദ്രരായ ഒരു ജനതയുണ്ടെന്ന വസ്തുത മനസ്സിലാക്കി നാം ദരിദ്രരെ ഓര്‍ക്കണം.
ദൈവത്തിന് ദരിദ്രരെ സമ്പന്നരാക്കാന്‍ കഴിയും. ഇസ്രായേലിന്റെ പാളയത്തിന് ചുറ്റും കാടകളെ കൂമ്പാരമായി നല്കിയതുപോലെ… ധനികരുടെ സുഭിക്ഷം ദരിദ്രരുടെ ദുര്ഭിക്ഷത്തിനു ഉതകുമാറാക്കുവാന് ദൈവത്തിനു കഴിയും. കാരണം എല്ലാ മനുഷ്യരുടെയും ഹൃദയങ്ങള്‍ തന്റെ നിയന്ത്രണത്തിലാണ്. പക്ഷേ ദൈവം അങ്ങനെ ചെയ്യുന്നതിനു പകരം മനുഷ്യന്റെ സ്വതന്ത്രചിത്തം ഉപയോഗിക്കുവാന്‍ അനുവദിക്കുന്നു. ചിലരെ ദാരിദ്ര്യത്തില്‍ ജീവിക്കാന്‍ അനുവദിക്കുന്നു. ഇതെന്തുകൊണ്ട്? ഉത്തരം നല്കാന് എളുപ്പമല്ല. ദൈവം നല്കുന്ന എല്ലാ സുഖസൗകര്യങ്ങള്‍ക്കും എത്രമാത്രം നന്ദിയുള്ളവരായിരിക്കണമെന്ന് നമ്മെ പഠിപ്പിക്കുക എന്നതായിരിക്കാം ഒരു കാരണം. കരളലിയിപ്പിച്ച ഒരു കാഴ്ച കണ്ടതിനു ശേഷമായിരുന്നു ഭക്ഷണം എത്ര വിലയേറിയതാണെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞത്. ഒരാള്‍ അപ്പത്തിനായി യാചിക്കുന്നു. അത്യാവശ്യത്തിനു പോലും അപ്പം ലഭിക്കാത്തവര്‍ നമുക്ക് ചുറ്റിലും ഉണ്ടെന്നറിഞ്ഞപ്പോള്‍ അത് ജീവിതത്തില്‍ ഒരു വഴിത്തിരിവിന് കാരണമായി. അതെ, ദൈവത്തിന്റെ സമൃദ്ധമായ എല്ലാ വിഭവങ്ങളും നാം നന്ദിയോടെ അനുഭവിക്കേണ്ടതാണ്. എന്നാല്‍ നാം പ്രാപിക്കുന്ന ഓരോ ദാനങ്ങള്‍ക്കും നന്ദിയുള്ളവരായിരിക്കുന്നതോടൊപ്പം ആവശ്യങ്ങള്‍ക്കായി വലയുന്നവരെ പ്രാപ്തി പോലെയും പ്രാപ്തിക്കു മീതെയും സഹായിക്കുവാന്‍ ഓരോരുത്തരും കടപ്പെട്ടവരാണ്.
എല്ലാ വിശുദ്ധന്മാരും ഈ ലോകത്ത് സമ്പന്നരായിരുന്നെങ്കില്‍ സുവിശേഷത്തിന്റെ മൂല്യം നമുക്ക് ഇത്രയധികം മനസ്സിലാകുമായിരുന്നില്ല. തല ചായ്ക്കാന്‍ ഇടമില്ലെങ്കിലും ഇപ്പോഴും ഞാന്‍ കര്‍ത്താവില്‍ ആശ്രയിക്കും എന്ന് പറയാന്‍ കഴിയുന്ന ചിലരെ നാം കണ്ടെത്തുമ്പോള്‍… അന്നന്നേക്കുള്ള അപ്പവും വെള്ളവും മാത്രമുള്ള ചിലര്‍ ഇപ്പോഴും യേശുവില്‍ സന്തോഷിക്കുന്നതായി കാണുമ്പോള്‍… അത് സുവിശേഷത്തിന്റെ എത്ര വലിയ മഹത്വമാണ് പ്രതിഫലിപ്പിക്കുന്നത്! നാളേക്കുള്ള എന്റെ ദൈനംദിന ഭക്ഷണത്തിന്റെ കാര്യത്തില്‍ എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട് എന്ന് ധനികന് പറയുന്നുവെങ്കില്‍ അതില്‍ പ്രസക്തിയില്ല. കാരണം അവരുടെ വീട്ടില്‍ അപ്പം വാങ്ങാന്‍ ധാരാളം പണമുണ്ട്. എന്നാല്‍ ഒരു ദരിദ്രനായവന് എഴുന്നേറ്റ് ‘അത്തിവൃക്ഷം തളിര്‍ക്കുകയില്ല, മുന്തിരിവള്ളിയില്‍ ഫലമുണ്ടാകുകയില്ല, ഒലിവുമരം ഫലം കായ്ക്കുകയില്ല, നിലങ്ങള്‍ ധാന്യം നല്കുകയുമില്ല, തൊഴുത്തില്‍ ആടുകള്‍ ഉണ്ടാകുകയില്ല, ഗോശാലയില്‍ കന്നുകാലികള്‍ ഇല്ലാതിരിക്കും, ഇങ്ങനെയൊക്കെ ആണെങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും, എന്റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ ആഹ്ലാദിക്കും’ എന്ന് ഹബക്കൂക്കിനെപ്പോലെ പറയുമ്പോള്‍, അത് യഥാര്‍ത്ഥ ദൈവാശ്രയത്തെ കാണിക്കുന്നു. ദാരിദ്ര്യത്തില്‍ അവര്‍ ഇപ്പോഴും പരാതിയില്ലാത്തവരും പിറുപിറുക്കാത്തവരുമാണെന്ന് സ്വജീവിതം കൊണ്ട് തെളിയിക്കുന്നു.
ഒരു എന്‍ജിനീയര്‍ പറയുന്നു: ‘ഈ കെട്ടിടം ശക്തമാണ്. ‘പക്ഷേ അത് പരീക്ഷിക്കപ്പെടണം! കെട്ടിടം ഉറച്ചതാണോ എന്നറിയുവാന്‍ കാറ്റ് അതിനെതിരെ വീശട്ടെ. അപ്പോള്അത് നിലനില്‍ക്കുമോ എന്ന് സ്പഷ്ടമാകും’. വിശ്വാസകാര്യങ്ങളിലും അങ്ങനെതന്നെ. പല അവസരങ്ങളിലും കൊടുങ്കാറ്റു പോലുള്ള അനുഭവങ്ങളില്ലെങ്കില്‍ വിശ്വാസക്കപ്പല്‍ ഉറച്ചതും ശക്തവുമാണെന്ന് മനസ്സിലാക്കുവാന്‍ കഴിയില്ല. ബുദ്ധിമുട്ടുകളുടെ നടുവില്‍ സ്ഥിരമാനസരായി നിലനില്ക്കുന്നവരാണ് ദൈവത്തിനു ഏറ്റവും പ്രിയരായിരിക്കുന്നവര്. എല്ലാവരും അവരെ അവഗണിക്കുമ്പോഴും അവരുടെ നിലപാട് അചഞ്ചലമാണ്. വിശ്വാസത്തിലുള്ള ഈ ഉറപ്പ് ദൈവനാമത്തിനു മഹത്വമാകുന്നു. ദൈവം തന്റെ ജനത്തെ ബുദ്ധിമുട്ടുകള്‍ സഹിക്കുവാന്‍ അനുവദിക്കുന്നത് തന്റെ കൃപയുടെ ശക്തി വെളിപ്പെടുത്തുവാനാണ്.
ബുദ്ധിമുട്ടുകളുടെ നടുവില്‍ സ്ഥിരമാനസരായി നിലനില്ക്കുന്നവരാണ് ദൈവത്തിനു ഏറ്റവും പ്രിയരായിരിക്കുന്നവര്. എല്ലാവരും അവരെ അവഗണിക്കുമ്പോഴും അവരുടെ നിലപാട് അചഞ്ചലമാണ്. വിശ്വാസത്തിലുള്ള ഈ ഉറപ്പ് ദൈവനാമത്തിനു മഹത്വമാകുന്നു. ദൈവം തന്റെ ജനത്തെ ബുദ്ധിമുട്ടുകള്‍ സഹിക്കുവാന്‍ അനുവദിക്കുന്നത് തന്റെ കൃപയുടെ ശക്തി വെളിപ്പെടുത്തുവാനാണ്.
ദരിദ്രരായി തുടരുവാന്‍ ചിലരെ ദൈവം അനുവദിക്കുന്നത് പിശാചിന്റെ അവകാശവാദങ്ങളെ തകര്‍ക്കുവാനാണ്. പിശാച് ഇയ്യോബിനെക്കാളധികമായി മറ്റാരെയും വേദനിപ്പിച്ചിട്ടില്ലെന്നു ഞാന്‍ കരുതുന്നു. ഇയ്യോബ് സമ്പന്നനായിരുന്നത് സാത്താനില്‍ വളരെയധികം അസ്വസ്ഥത ഉളവാക്കി. സമ്പത്തുണ്ടായിരുന്നപ്പോഴാണ് സാത്താന് അവനെതിരെ ഏറ്റവും കൂടുതല്‍ ദുരാരോപണം ഉന്നയിച്ചത്. അവന്റെ എല്ലാ പരീക്ഷണങ്ങള്‍ക്കും ശേഷം അവന് ദൈവത്തെ ശപിച്ച് മരിക്കും എന്നായിരുന്നു സാത്താന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ദൈവം പറയുന്നു: സമ്പത്തു നഷ്ടപ്പെടുത്തി ഇയ്യോബിനെ പരീക്ഷിക്കാന്‍ ഞാന്‍ നിനക്ക് അനുവാദം നല്കുന്നു. ഞാന്‍ അവന് കുടിക്കാന്‍ കഷ്ടതയുടെ വെള്ളവും തിന്മാന് കയ്പ്പിന്റെ അപ്പവും നല്‍കും. അവന് അത്യന്തം പരീക്ഷിക്കപ്പെടും. സാത്താനേ, അവനെ കൊണ്ടു പോകൂ, തീയിലും വെള്ളത്തിലും അവനെ വലിച്ചിഴച്ച് നിങ്ങള്‍ക്ക് അവനോട് എന്തുചെയ്യാനാകുമെന്ന് നോക്കൂ. യേശു സമ്പന്നനായിരുന്നിട്ടും നമുക്ക് വേണ്ടി ദരിദ്രനായിതീര്ന്ന കൃപ എപ്പോഴും നാം ഓര്‍മ്മിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദരിദ്രനായ ഓരോ വിശുദ്ധനും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ അസ്തിത്വത്തിന്റെ ഓര്‍മ്മപ്പെടുത്തലായി കാണണം. തന്റെ ദാരിദ്ര്യത്തിന്റെ ആഴത്തെക്കുറിച്ച് ധ്യാനിക്കാന്‍ ദൈവം നമ്മോടു ആവശ്യപ്പെടുന്നു. ഇത് ദൈവികജ്ഞാനമാണ്.
ദരിദ്രര്‍ എല്ലായ്പ്പോഴും നമ്മുടെ അരികെയുണ്ട് എന്ന് യേശുകര്‍ത്താവ് പറഞ്ഞിട്ടുണ്ട്. ക്രിസ്തുവിനോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ അതിലൂടെ നമുക്ക് ഒരുക്കിയിരിക്കുന്നു. നാം പാടുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും യേശുവിനോടുള്ള സ്നേഹം കാണിക്കുന്നു. നാമെല്ലാവരും അതിസമ്പന്നരല്ലെങ്കില്പ്പോലും എല്ലാ ദരിദ്രരായ വിശുദ്ധന്മാരെയും സഹായിക്കുവാന്‍ മനസ്സ് വയ്ക്കണം. ദരിദ്രനെ സഹായിക്കുക എന്നത് ഏറ്റവും ആരോഗ്യകരമായ കാര്യങ്ങളില്‍ ഒന്നാണ്. ദരിദ്രരെ സന്ദര്‍ശിക്കുന്നതും നമ്മുടെ സമ്പത്ത് അവരുടെ ആവശ്യങ്ങള്‍ക്ക് കഴിയുന്നത്ര വിതരണം ചെയ്യുന്നതും മനസ്സിന്റെ ആരോഗ്യകരമായ ഒരു വ്യായാമമാണ്. സമ്പത്തില്‍നിന്ന് ക്രിസ്തുവിന് നല്കാന് നമുക്ക് കഴിയുന്നില്ലെങ്കില്‍ ദൈവത്തോടുള്ള നമ്മുടെ സ്നേഹം വെളിപ്പെടുത്തുവാനവസരം നല്‍കണമെന്ന് ദൈവത്തോട് അപേക്ഷിക്കേണ്ടിയാതായി വരും.
പ്രാര്‍ത്ഥനകളില്‍ ദരിദ്രരെ ഓര്‍ക്കണം. ധനികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആരും ഓര്‍മ്മിപ്പിക്കേണ്ടതില്ല. എങ്കിലും ദരിദ്രരെ ദൈവം അവരുടെ എല്ലാ കഷ്ടപ്പാടുകളിലും ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യട്ടെ, തന്റെ പൂര്‍ണ്ണതയുടെ സമ്പത്തില്‍നിന്ന് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റട്ടെ എന്ന് പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ പ്രാര്‍ത്ഥനയാല്‍ അവര്‍ക്കു ആശ്വാസവും ദൈവത്തിനു സ്തോത്രവും ഉണ്ടാകട്ടെ. നാം സമ്പന്നരെ സംഭാഷണത്തില്‍ ഓര്‍ക്കുന്നു എന്നത് ശ്രദ്ധേയമാണ്. സഭയില്‍ സമ്പന്നനായ ഒരു മനുഷ്യനെ കാണുന്നു. അദ്ദേഹത്തെ തിരിച്ചറിയുന്നതില്‍ ഒരിക്കലും ബുദ്ധിമുട്ട് അനുഭവപ്പെടില്ല. എന്നാല്‍ ദരിദ്രരെ ഓര്‍മ്മിക്കുന്നതില്‍ പലരും വിമുഖരാണ്. ധനികരെ ഓര്‍മ്മിക്കാന്‍ ഒരു കല്‍പ്പനയും ഇല്ല. പക്ഷേ ദരിദ്രരെ ഓര്‍മ്മിക്കാന്‍ നമുക്ക് കല്‍പ്പനയുണ്ട്.
ദരിദ്രരെ ഓര്‍ക്കുക എന്നതിനര്‍ത്ഥം, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു നാം ശ്രമിക്കണം എന്നാണ്. എനിക്ക് ആശ്വാസം നല്കാന് കഴിയുന്നതിന്റെ പത്തിരട്ടി ദരിദ്രര്‍ എല്ലാ ദിവസവും എന്റെ അടുക്കല്‍വരുന്നു. കടക്കാരുടെ ഭീഷണികള്‍ സഹിക്കുന്ന ഒരു ദരിദ്രനോ, വാടക നല്കാന് കഴിയാത്ത ഒരു ദരിദ്ര സ്ത്രീയോ അവരിലുണ്ടാകും. എനിക്ക് കഴിയുന്നപോലെയും അതിനു മീതെയും ഞാന്‍ ചെയ്തിട്ടുണ്ട്. അവരെ സമാധാനത്തോടെയും ആശ്വാസത്തോടെയും പറഞ്ഞയയ്ക്കാന് ഞാന്‍ ബാധ്യസ്ഥനാണ്. ചിലര്‍ക്ക് സഹതാപം കാണിക്കുവാന്‍ മാത്രമേ അറിയൂ. സഹായിക്കാന്‍ അറിയില്ല. അത് വിചിത്രമായ സംഗതി തന്നെ! നമ്മുടെ ആവശ്യങ്ങള്കഴിഞ്ഞ് അധികമുള്ളത് അവരുടെ ആവശ്യങ്ങള്‍ക്കായി നല്‍കാം! ആഡംബരങ്ങള്‍ ഒഴിവാക്കി, ജീവിതനിലനില്പ്പിനായി ആഗ്രഹിക്കുന്ന ദരിദ്രര്‍ക്ക് പങ്കിടാം. ഹൃദയം സന്തോഷപ്രദമാകണമെങ്കില്‍ ദരിദ്രരെ സന്ദര്‍ശിക്കുക. അവരുടെ കുടിലുകളില്ചെല്ലുക. അവര്‍ ഉറങ്ങുന്ന മുറികളും ഇരിക്കുന്ന കസേരകളും കാണുക. നിങ്ങളുടെ കൈകള്‍ അവര്‍ക്കായി തുറക്കുന്നില്ലെങ്കില്‍ നിങ്ങളില്‍ ക്രിസ്തു ഇല്ലെന്ന് ഞാന്‍ ഭയപ്പെടുന്നു. ഏറ്റവും ആവശ്യമുള്ള ഒരാളെ സഹായിക്കുന്നില്ലെങ്കില്‍ ദൈവസ്നേഹം നിങ്ങളില്‍ വസിക്കുന്നില്ലെന്നു ഞാന്‍ ഭയപ്പെടുന്നു. ‘ദരിദ്രരെ ഓര്‍ത്തുകൊള്ളേണമെന്നു’ കര്‍ത്താവായ യേശു പറഞ്ഞ വാക്കുകള്‍ പൗലോസിനെ അപ്പോസ്തലന്മാര് ഓര്‍മ്മിപ്പിച്ചത് ഇത് എത്രത്തോളം പ്രസക്തമാണെന്ന് വ്യക്തമാക്കുന്നു. നാം ദൈവത്തിന്റെ കാര്യസ്ഥന്മാരാണ്. നാം ദൈവത്തെ വഞ്ചിക്കുമോ? ദരിദ്രര്‍ക്ക് വിതരണം ചെയ്യാന്‍ അവിടുന്ന് തന്റെ സമ്പത്ത് ലഭ്യമാക്കിയിരിക്കുന്നു. നാം ദരിദ്രര്‍ക്ക് നല്കുന്നില്ലെങ്കില് ക്രിസ്തുവിനെ സ്നേഹിക്കുന്നില്ലെന്ന് ഉറപ്പല്ലേ? ദരിദ്രരെ സ്നേഹിക്കുന്നില്ലെങ്കില്‍ നാം യേശുവിന്റെ ശിഷ്യന്മാരാണെന്ന് എങ്ങനെ പറയാന്‍കഴിയും? ‘പരസ്പരം സ്നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും’.
ദരിദ്രരെ ഓര്‍ക്കുന്നതിന് ദൈവം ഏവരെയും സഹായിക്കട്ടെ.