സുജ വിനു

പതിമൂന്നാം വയസ്സില്‍ കടലോളങ്ങളുടെ താളത്തിനൊപ്പം സര്‍ഫ് ചെയ്തു വിനോദിച്ചുകൊണ്ടിരിക്കെ,  ‘കടുവാസ്രാവ്’ എന്നറിയപ്പെടുന്ന വമ്പന്‍ മത്സ്യം ബേഥനി ഹാമില്‍ട്ടന്‍റെ ഇടതുകരം തോള്‍ മുതല്‍ കടിച്ച് മുറിച്ചെടുത്തു കൊണ്ട് കടലാഴത്തിലേക്ക് മറഞ്ഞു. കടല്‍ത്തീരം മുതല്‍  അനേക കാതങ്ങള്‍ അകലെയുള്ള ആശുപത്രി വരെ ബേഥനി ഉരുവിട്ടത് ഒരേ ഒരു വാചകം മാത്രം. ‘നിന്‍റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്‍റെ വലം കൈ പിടിച്ച് നിന്നോട് ഭയപ്പെടേണ്ട, ഞാന്‍ നിന്നെ സഹായിക്കും എന്ന് പറയുന്നു'(യെശയ്യാവ്  41 : 13 )

ശരീരത്തില്‍ നിന്ന് 60% രക്തം വാര്‍ന്നുപോയിട്ടും, ഇടതുകൈ പൂര്‍ണ്ണമായും നഷ്ടപ്പെട്ട ബേഥനി വെറും 26 ദിവസത്തിന് ശേഷം പിന്നെയും കടല്‍ തിരമാലകളിലേക്ക് തിരിച്ചുവന്നു. യഹോവ അവളുടെ വലതു കരം പിടിച്ചിരുന്നു. അവള്‍ കീഴടക്കാത്ത സര്‍ഫിംഗ് മത്സരങ്ങള്‍ ഇല്ല. അവളെ കേന്ദ്ര കഥാപാത്രമാക്കി സിനിമകളും പുസ്തകങ്ങളും ടെലിവിഷന്‍ സീരീസുകളും സൃഷ്ടിക്കപ്പെട്ടു.1990 ഫെബ്രുവരിയില്‍ അമേരിക്കയില്‍ ഹവായി എന്ന സ്ഥലത്ത് ജനിച്ച ബേഥനി ഒരു ക്രിസ്ത്യന്‍ സര്‍ഫിങ് കുടുംബത്തിലെ അംഗമായിരുന്നു. ദൈവത്തിന്‍റെ വചനം ജീവനായി ഭവിക്കും എന്ന് ഉറപ്പായും വിശ്വസിച്ചവര്‍. യുവക്രിസ്ത്യന്‍ മിഷനറിയായി പ്രവര്‍ത്തിച്ചിരുന്ന ആഡം ഡേര്‍ക്സ് എന്നയാളെ വിവാഹം ചെയ്തു നാല് കുട്ടികളുടെ അമ്മയായ ബേഥനി  ഇന്ന്,  ലോകം അറിയപ്പെടുന്ന ക്രിസ്തീയ വചനപ്രഘോഷകയാണ്. ഉടല്‍ മുഴുവന്‍ അഴുകി നാറ്റം വച്ചിരുന്ന ലാസറിന് ജീവന്‍ പകര്‍ന്നു നല്‍കപ്പെട്ടതിനാല്‍, പ്രശസ്തമായ ബൈബിള്‍ ദേശത്തിന്‍റെ പേര് വഹിക്കുന്ന ബേഥനിക്ക് പുതുജീവന്‍ പകര്‍ന്നുനല്‍കിയത്, ദൈവത്തിന്‍റെ വചനമാണ്.

ജോനി എറിക്സണ്‍ ടാഡ എന്ന കായികതാരത്തിന്‍റെ സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് പതിനേഴാം വയസ്സില്‍ അപകടം അവളുടെ നട്ടെല്ലുകളെ തളര്‍ത്തിയപ്പോള്‍, ജീവിതത്തിലേക്ക് ജോനിയെ തിരികെ കൊണ്ടുവന്നത്, ആശുപത്രിയില്‍, കൂട്ടുകാരിയില്‍ നിന്ന് കേട്ട ദൈവവചനത്തിന്‍റെ ശക്തി തന്നെ. പരാതിയും പിണക്കവുമായി, മരിക്കാന്‍ മാത്രം  ആഗ്രഹിച്ച്, ഭക്ഷണവും മരുന്നുകളും കഴിക്കാന്‍ മടിച്ച് വാശി കാണിച്ചിരുന്ന,  ജോനിയെ ‘നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു,  നമ്മുടെവേദനകളെ അവന്‍ ചുമന്നു’ (യെശയ്യാവ് 53: 4) എന്ന വചനം പുതുചിന്തകളിലേക്ക് തിരിച്ചുവിട്ടു.

ക്രിസ്തു തനിക്കുവേണ്ടി ഏറ്റ വേദനകള്‍, കൂട്ടുകാരി വര്‍ണ്ണിക്കുമ്പോള്‍, തന്‍റെ ഹൃദയത്തില്‍ എന്തോ സംഭവിക്കുന്നത് അറിയുന്നുണ്ടായിരുന്നു  ജോനി.  ക്രിസ്തുവിന്‍റെ വചനത്തെ കൂടുതല്‍ അറിയുന്തോറും കൂടുതല്‍ സൗഖ്യം വ്യാപരിക്കുന്നത,് അവള്‍ക്ക് ബോധ്യമാകുന്നുണ്ടായിരുന്നു. ആശുപത്രി വിടുന്നതിനുമുമ്പേ ക്രിസ്തുവിന്വേണ്ടി ജീവിക്കുവാനുള്ള തീരുമാനം അവള്‍ എടുത്തു കഴിഞ്ഞിരുന്നു. ഇന്ന് 75ാം വയസ്സിലും തന്‍റെ ചക്രക്കസേരയില്‍ ലോകം മുഴുവന്‍ സഞ്ചരിച്ച് സുവിശേഷം പറയുന്ന  ജോനി, ദൈവവചനത്തിന്‍റെ അത്ഭുതശക്തിയുടെ ജീവിക്കുന്ന സാക്ഷിയാണ്.

തന്‍റെ രണ്ടാമത്തെ മകന് മൂന്നു വയസ്സ് പ്രായമുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചുപോയ ആനിയെന്ന സാധാരണ മലയാളി വനിതയുടെ സാക്ഷ്യവും ദൈവവചനം ഒരു വ്യക്തിയില്‍ പുതുജീവന്‍ പകരുന്നതാണ് എന്ന് വിളിച്ച്  പറയുന്നു. ‘എന്‍റെ ലംഘനങ്ങളെ യഹോവയോട് ഏറ്റുപറയും… പെരുവെള്ളം കവിഞ്ഞു വരുമ്പോള്‍ അത് എന്‍റെ അടുക്കലോളം വരികയില്ല എന്ന 32 ാം സങ്കീര്‍ത്തനത്തിലെ വരികള്‍, തന്‍റെ ജീവിതം കഷ്ടപ്പാടുകളുടെ പെരുവെള്ളത്തില്‍ മു ങ്ങിപ്പോകുമോ എന്ന് തോന്നിയപ്പോള്‍, രക്ഷാ വചനമായി ആനിയുടെ ജീവിതത്തിലേക്ക് വന്നതായി അവള്‍ പറയുന്നു.  ലംഘനങ്ങള്‍ മാത്രമല്ല തന്‍റെ ജീവിതത്തിന്‍റെ എല്ലാ പ്രയാസങ്ങളും അവള്‍ ക്രിസ്തുവിലേക്ക് പകര്‍ന്ന് തുടങ്ങിയത്, ഈ വചനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ്.രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച് നഴ്സിങ് പഠനം പൂര്‍ത്തിയാക്കി, ജോലിയില്‍ ഏര്‍പ്പെട്ട ആനിയുടെ മകന്‍, ഇന്ന് തിരുവനന്തപുരം വ്യോമ ഗവേഷണകേന്ദ്രത്തില്‍ ശാസ്ത്രജ്ഞനാണ്, ഒപ്പം സുവിശേഷ പ്രവര്‍ത്തകനും. ക്രിസ്തീയ കൂട്ടായ്മകളില്‍ വചനം പങ്കുവെയ്ക്കുന്ന ആനി, അനേകരെ വചനത്തിന്‍റെ ആശ്വാസത്തിലേക്കും അര്‍ത്ഥപൂര്‍ണ്ണമായ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിക്കൊണ്ടിരിക്കുന്നു.

‘നിന്‍റെ ഭാരങ്ങളെ അവന്‍റെ മേല്‍ ഇട്ടു കൊള്ളുക, അവന്‍ നിന്നെ കരുതുന്നവന്‍’ എന്ന വചനത്തെ  അതിന്‍റെ ആക്ഷരികാര്‍ത്ഥത്തില്‍ തന്നെ എടുത്ത്, ഓരോ ദിവസവും തന്‍റെ പ്രാര്‍ത്ഥനാവേളയില്‍ ഭാരപ്പെടുത്തുന്ന എല്ലാറ്റിനെയും, കരുതുന്നവന്‍റെ കാല്‍പാദത്തിലേക്ക് ഇട്ടുകൊടുത്ത,് സ്വസ്ഥത പ്രാപിക്കുന്ന ഒരു വിശ്വാസി സഹോദരിയെ എനിക്കറിയാം.

ബിരുദപഠന നാളുകളില്‍, പെട്ടെന്ന് ഒരു ദിവസം ഒരു നാടകത്തില്‍ ആട്ടിടയ ബാലന്‍റെ വേഷം അഭിനയിക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവം, ഇങ്ങനെ ആയിരുന്നു. ‘ഞാന്‍ ഇറങ്ങി വന്നപ്പോള്‍ എല്ലാവരും എന്നെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി, ഞാന്‍ എന്തെങ്കിലും ചെയ്തതോ  പറഞ്ഞതോ എനിക്കൊര്‍മ്മയില്ല. യഹോവയില്‍  ആശ്രയിക്കുന്നവര്‍ ഒരുനാളും  ലജ്ജിക്കുകയില്ല എന്ന വചനം നിര്‍ത്താതെ ഉരുവിട്ടുകൊണ്ടിരിക്കുക മാത്രമായിരുന്നു ഞാന്‍’.പ്രിയ സഹോദരിമാരെ, വചനം ജീവവചസ്സുകളാണ്. തിരുവെഴുത്തുകള്‍ സമ്പൂര്‍ണ്ണമാണ്, അതു പ്രാണനു നവജീവന്‍ നല്‍കുന്നു. വചനത്തിന്‍റെ  നിയമവ്യവസ്ഥകള്‍ വിശ്വാസയോഗ്യമാണ്, അതു ബുദ്ധിഹീനരെ ജ്ഞാനികളാക്കുന്നു. തിരുവചനപ്രമാണങ്ങള്‍ കുറ്റമറ്റവയാണ്, അതു ഹൃദയത്തിന് ആനന്ദമേകുന്നു. വചനം നല്‍കുന്ന ആജ്ഞകള്‍ പ്രകാശപൂരിതമാകുന്നു, അതു കണ്ണുകള്‍ക്ക് വെളിച്ചമേകുന്നു.

വചനം വിശ്വസിക്കുമ്പോള്‍ ഉളവാകുന്ന ഭക്തി നിര്‍മ്മലമായത്, അത് എന്നെന്നേക്കും നിലനില്‍ക്കുന്നു. അതു സ്വര്‍ണത്തെക്കാളും തങ്കത്തെക്കാളും അമൂല്യമായവ; അതു തേനിനെക്കാളും തേനടയിലെ തേനിനെക്കാളും മാധുര്യമേറിയത്. അവയാല്‍ നമുക്ക്  ശാസനം ലഭിക്കുന്നു; അവയെ പ്രയോഗികമാക്കുന്നതില്‍  മഹത്തായ പ്രതിഫലമുണ്ട്. ജീവന്‍ സമൃദ്ധിയായി ഉണ്ടാകുവാനുള്ള മാര്‍ഗ്ഗം, വചനധ്യാനമാണ്. വഴിയും സത്യവും ജീവനുമായ ക്രിസ്തുവിന്‍റെ ജീവന്‍ സ്വജീവിതത്തില്‍ നിറയ്ക്കാന്‍, വചനം നമ്മെയും ശക്തരാക്കട്ടെ!

Author