വേദ അധ്യയനം

ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താല്‍ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വര്‍ണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന്‍ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ക്കു ഹാ കഷ്ടം. മൂഢന്മാരും കുരുടന്മാരുമായുള്ളോരേ, ഏതു വലിയത്? സ്വര്‍ണ്ണമോ സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ? യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താല്‍ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന്‍ എന്നു നിങ്ങള്‍ പറയുന്നു. കുരുടന്മാരായുള്ളോരേ, ഏതു വലിയത്? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ? ആകയാല്‍ യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു. മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ അതിനെയും അതില്‍ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. സ്വര്‍ഗ്ഗത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍, ദൈവത്തിന്‍റെ സിംഹാസനത്തെയും അതില്‍ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു (മത്തായി 23:16  22)

ദൈവഭക്തിയും സത്യസന്ധതയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥ ദൈവഭക്തന്‍ അഥവാ ദൈവഭയമുള്ളവന്‍ സത്യസന്ധനായിരിക്കും. ദൈവത്തിന്‍റെ മാറ്റമില്ലാത്ത നിത്യസ്വഭാവത്തില്‍ ഒന്നാണ് അവിടുന്ന് സത്യവാന്‍ എന്നത്. വാസ്തവത്തില്‍ സത്യത്തിന്‍റെ പൂര്‍ണ്ണതയാണ് ദൈവം. ഭോഷ്ക് ദൈവം വെറുക്കുന്നു. അതുകൊണ്ട് ദൈവമക്കള്‍ സത്യം ഇഷ്ടപ്പെടുന്നവരും സത്യത്തില്‍ നിലനില്‍ക്കുന്നവരും ആകണം എന്നതാണ് ദൈവഹിതം. പിശാച് ഭോഷ്ക് പറയുന്നവനും ഭോഷ്കിന്‍റെ  അപ്പനും ആകുന്നു എന്ന് യേശുകര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു (യോഹന്നാന്‍ 8 :44).

പിശാച് ഭോഷ്കിനാല്‍  ആണ് മനുഷ്യനെ വഞ്ചിച്ചത്; ഇപ്പോഴും വഞ്ചിക്കുന്നത്. ചതിവും വഞ്ചനയും ഉപയോഗിച്ച് പോരാടുന്ന പിശാചിന്‍റെ ശക്തിതന്നെ, അവന്‍റെ ഭോഷ്ക് ആണ്. അതുകൊണ്ട് അവനോട് എതിര്‍ത്തുനില്‍ക്കുവാന്‍, സത്യം അരക്കച്ചയായി ധരിക്കുവാന്‍ നമ്മെ ഉപദേശിച്ചിരിക്കുന്നു (എഫെസ്യര്‍ 6:14)

കപടഭക്തര്‍ പിശാചിന്‍റെ  കയ്യിലെ പാവകള്‍ ആണ്. കപടഭക്തര്‍  സ്വയം വഞ്ചിക്കുന്നവരും മറ്റുള്ളവരെ വഞ്ചിക്കുന്നവരും ആണ്. അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനും മറ്റുള്ളവരെ കബളിപ്പിക്കുവാനും ദൈവവചനത്തെ  കോട്ടിക്കളഞ്ഞ് ദുരുപദേശങ്ങള്‍ സത്യവചനം എന്നപോലെ ജനങ്ങളെ പഠിപ്പിക്കുന്നു. പരീശന്മാരുടെയും ശാസ്ത്രിമാരുടെടെയും ഉപദേശത്തിലെ കപടം കര്‍ത്താവ് മറനീക്കി നമ്മെ കാണിച്ചു തന്നു. സത്യം ചെയ്യുന്നതാണ് ഇവിടുത്തെ വിഷയം.സത്യവാനായ ദൈവം സത്യസന്ധത നിര്‍ബന്ധമായും നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നു. ‘ഉവ്വ്’,  ‘ഇല്ല’ അത്രമാത്രമേ നമ്മുടെ വാക്കുകള്‍ ആയിരിക്കാവൂ എന്നാണ് കര്‍ത്താവ് നമ്മെ പഠിപ്പിക്കുന്നത് (മത്തായി 5:37). വാക്കുകള്‍ക്കു  വളരെ 

വ്യക്തത ഉണ്ടായിരിക്കണം. വളച്ചൊടിച്ച രീതി ആകരുത്. ഹൃദയത്തില്‍ പരമാര്‍ത്ഥതയും വാക്കുകളില്‍ നേരും ഒരുമിച്ച് പോകുന്നവയാണ്. അപ്രകാരം ആയിരിക്കണം ഒരു ദൈവഭക്തന്‍. അല്ലാത്തവര്‍ ദൈവവിശ്വാസികളായി അറിയപ്പെടുന്നവരാകാം, പക്ഷേ അവര്‍  കപടഭക്തരാണ്.

ചതിക്കരുത്, ഒരുത്തനോട് ഒരുത്തന്‍ ഭോഷ്ക്  പറയരുത്. എന്‍റെ നാമത്തെ കൊണ്ട് കള്ളസത്യം ചെയ്തു നിന്‍റെ ദൈവത്തിന്‍റെ നാമം അശുദ്ധമാക്കരുത് (ലേവ്യപുസ്തകം 19 :11,12) എന്ന ദൈവകല്‍പ്പന ശക്തമായി നിലനില്‍ക്കുന്നു. സത്യം ചെയ്യേണ്ടത് ദൈവനാമത്തിലാണ്. സത്യവാനായ  ദൈവത്തിന്‍റെ നാമത്തില്‍ ചെയ്യുന്ന സത്യം 100% സത്യമായിരിക്കണം. നിന്‍റെ ദൈവമായ യഹോവയെ ഭയപ്പെട്ട് അവനെ സേവിക്കണം, അവന്‍റെ നാമത്തില്‍ സത്യം ചെയ്യണം (ആവര്‍ത്തനം 6 :13) എന്ന് ദൈവം കല്‍പ്പിച്ചിരിക്കുന്നു. ‘നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ  എടുക്കരുത്, വൃഥാ  തന്‍റെ നാമം എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല’ എന്ന ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഒരുവന്‍ മറ്റൊരുവനോട് പറയുന്ന വാക്കുകള്‍ നേരുള്ളതായിരിക്കണം, വാഗ്ദാനങ്ങള്‍  നിവര്‍ത്തിക്കണം.

ദൈവത്തോട് പറയുന്ന വാക്കുകള്‍ ആണ് നേര്‍ച്ചകള്‍ എന്ന് പറയുന്നത്.  ‘നിന്‍റെ ദൈവമായ യഹോവയ്ക്ക് നേര്‍ച്ച നേര്‍ന്നാല്‍ അതു നിവര്‍ത്തിപ്പാന്‍ താമസം വരുത്തരുത്; അങ്ങനെ ചെയ്താല്‍ നിന്‍റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കല്‍ പാപമായിരിക്കും.  നേരാതിരിക്കുന്നതു പാപം ആകയില്ല. നിന്‍റെ നാവിന്മേല്‍ നിന്നു വീണതു നിവര്‍ത്തിക്കയും വായ്കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്‍റെ ദൈവമായ യഹോവയ്ക്കു നേര്‍ന്നതുപോലെ നിവര്‍ത്തിക്കയും വേണം’ (ആവര്‍ത്തനം 23:21 23). നിവര്‍ത്തിക്കേണ്ടതിന് പൂര്‍ണ്ണമനസ്സോടെ തീരുമാനിച്ചുറയ്ക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ദൈവമുമ്പാകെ ഉച്ചരിക്കേണ്ടത്. വികാരാവേശത്താലോ കാര്യസാദ്ധ്യതയ്ക്കുള്ള ഉപായമോ ഹൃദയങ്ങളെ ആരാഞ്ഞ്  ശോധന ചെയ്യുന്ന ദൈവമുമ്പാകെ പറയുവാന്‍ പാടില്ല. ജ്ഞാനിയായ ശലോമോന്‍ ഇങ്ങനെ കുറിക്കുന്നു: ‘അതിവേഗത്തില്‍ ഒന്നും പറയരുത്; ദൈവസന്നിധിയില്‍ ഒരു വാക്ക് ഉച്ചരിപ്പാന്‍ നിന്‍റെ ഹൃദയം ബദ്ധപ്പെടരുത്; ദൈവം സ്വര്‍ഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാല്‍ നിന്‍റെ വാക്ക് ചുരുക്കമായിരിക്കട്ടെ. കഷ്ടപ്പാടിന്‍റെ ആധിക്യംകൊണ്ട് സ്വപ്നവും വാക്കുപെരുപ്പംകൊണ്ട് ഭോഷന്‍റെ ജല്പനവും ജനിക്കുന്നു. ദൈവത്തിന് നേര്‍ച്ച നേര്‍ന്നാല്‍ കഴിപ്പാന്‍ താമസിക്കരുത്; മൂഢന്മാരില്‍ അവനു പ്രസാദമില്ല; നീ നേര്‍ന്നതു കഴിക്ക. നേര്‍ന്നിട്ട് കഴിക്കാതെയിരിക്കുന്നതിനെക്കാള്‍ നേരാതെയിരിക്കുന്നതു നല്ലത്. നിന്‍റെ വായ് നിന്‍റെ ദേഹത്തിനു പാപകാരണമാകരുത്; അബദ്ധവശാല്‍ വന്നുപോയി എന്നു നീ ദൂതന്‍റെ സന്നിധിയില്‍ പറകയും അരുത്; ദൈവം നിന്‍റെ വാക്കു നിമിത്തം കോപിച്ചു നിന്‍റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നത് എന്തിന്? സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യര്‍ഥത ഉണ്ട്; നീയോ ദൈവത്തെ ഭയപ്പെടുക (സഭാപ്രസംഗി 5 :27).

സത്യത്തെ സംബന്ധിച്ച് ശക്തമായ ദൈവകല്‍പ്പന നിലനില്‍ക്കുമ്പോള്‍ കപടഭക്തരായ പരീശന്മാരും ശാസ്ത്രിമാരും ജനത്തെ എന്താണ് പഠിപ്പിച്ചത്? യഹോവയുടെ നാമത്തില്‍ സത്യം ചെയ്താല്‍ മാത്രമാണ് അത് നിവര്‍ത്തിക്കുവാന്‍ പൂര്‍ണ്ണ ബാധ്യസ്ഥരാകുന്നത്. ദൈവാലയത്തെ ചൊല്ലി സത്യം ചെയ്താല്‍ നിവര്‍ത്തിച്ചില്ല എങ്കിലും സാരമില്ല. ദൈവാലയത്തിലുള്ള സ്വര്‍ണ്ണത്തെ ചൊല്ലി സത്യം ചെയ്താല്‍ മാത്രമേ കടക്കാരന്‍ ആവുന്നുള്ളൂ. കര്‍ത്താവ് അവരോട് ചോദിക്കുന്നു: (കുറിവാക്യം നോക്കുക). ഇപ്രകാരം തന്നെ യാഗപീഠം, സ്വര്‍ഗ്ഗം, ഇവയെ ചൊല്ലി സത്യംചെയ്യുകയും അതിനു ശേഷം സാരമില്ല എന്ന് വാദിക്കുകയും ചെയ്യുന്ന കാപട്യമാണ് അവര്‍ അനുവര്‍ത്തിച്ചിരുന്നത്. കര്‍ത്താവ് അവരുടെ തെറ്റായ വാദത്തെയും ഉപദേശത്തെയും ഖണ്ഡിച്ചു കളഞ്ഞിരിക്കുന്നു.  സത്യം ചെയ്യുന്നത് പറഞ്ഞ വാക്ക് ഉറപ്പിക്കാന്‍ വേണ്ടിയാണ്. സത്യം ചെയ്താലും ഇല്ലെങ്കിലും പറഞ്ഞ വാക്ക് നിലനില്‍ക്കുന്നു. സാരമില്ലാത്തത് ഒന്നുമില്ല. യഥാര്‍ത്ഥ ദൈവഭക്തര്‍ വാക്ക് പാലിക്കുന്നവരായി, സത്യസന്ധരായിരിക്കണം എന്നത് ഗൗരവമായി തന്നെ കാണണം.

കാലാകാലങ്ങളില്‍ കപടഭക്തരായ മതനേതാക്കള്‍ ദൈവവചനത്തെ തെറ്റായി വ്യാഖ്യാനിച്ച് കോട്ടിക്കളയുവാന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്‍റെ കല്‍പ്പനകള്‍ മാറ്റമില്ലാത്തവയാണ്. ദൈവവചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു. ദൈവവചനത്തിന്‍റെ അന്ത:സത്ത മനസ്സിലാക്കുവാനും അതില്‍ മായം കലര്‍ത്താതെ പഠിപ്പിക്കുവാനും കഴിയുന്ന സത്യസന്ധരായ  ഉപദേഷ്ടാക്കന്മാര്‍ ഇന്നത്തെ ക്രിസ്തീയസഭയ്ക്ക് ഏറ്റവും അത്യാവശ്യമാണ്.കടലും കരയും ചുറ്റി  നടന്നു  ഇത്ര  ഉത്സാഹത്തോടെ അവരുടെ മതം പ്രചരിപ്പിച്ച്  പുതിയ വ്യക്തികളെ തങ്ങളെ മതത്തില്‍ ചേര്‍ത്ത് അവരെ തങ്ങളെക്കാള്‍ ഇരട്ടിച്ച നരകയോഗ്യരാക്കുന്ന കപട ഭക്തിക്കാരെ കര്‍ത്താവ് തുറന്ന് ശാസിച്ചത് നമുക്ക് ഒരു പാഠം ആയിരിക്കട്ടെ (മത്തായി 23 :14,15). 

തെറ്റായ പഠിപ്പിക്കലും തെറ്റായ ജീവിതമാതൃകയും അനുകരിച്ച് പാവങ്ങളെ ഇരട്ടി നരകയോഗ്യരാക്കിത്തീര്‍ക്കുന്നു. എന്തുകഷ്ടം! ഇന്ന് ക്രിസ്തീയസമൂഹത്തിലും ഇതുതന്നെ ആവര്‍ത്തിക്കുന്നു എന്നത് എത്രപേര്‍ തിരിച്ചറിയുന്നുണ്ട്? ദൈവവചനം ശരിയായ നിലയില്‍ മനസ്സിലാക്കണം എന്ന് ആത്മാര്‍ത്ഥമായി എത്രപേര്‍ ആഗ്രഹിക്കുന്നുണ്ട്? തെറ്റ് മനസ്സിലാക്കി തിരുത്തുവാനുള്ള മനസ്സും ധൈര്യവും എത്രപേര്‍ക്ക് ഉണ്ട്?കുരുടന്മാരും കപടഭക്തരുമായ ഈ   വഴികാട്ടികളുടെ   ഉപദേശത്തിന്‍റെ ദോഷം  ചിന്തിക്കുക. യേശുകര്‍ത്താവ് ചോദിക്കുന്നു: കുരുടന്മാരായുള്ളോരേ, ഏതു വലിയത്? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ?ڈആകയാല്‍ യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു. മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ അതിനെയും അതില്‍ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. സ്വര്‍ഗത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ ദൈവത്തിന്‍റെ സിംഹാസനത്തെയും അതില്‍ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു (മത്തായി 23:18  22).

വഴിപാടിന് അമിതപ്രാധാന്യം കൊടുത്തുകൊണ്ട് യാഗപീഠത്തിന്‍റെ പ്രാധാന്യം കുറച്ചു. സ്വര്‍ഗ്ഗത്തിന് അമിതപ്രാധാന്യം കൊടുത്തുകൊണ്ട് ദൈവത്തിന് പ്രാധാന്യം കുറയ്ക്കുന്നു. യേശുവിന്‍റെ ജനനദിവസത്തിനും, മരണ, പുനരുത്ഥാന  ദിവസങ്ങള്‍ക്കും അമിതപ്രാധാന്യം കൊടുത്ത് ആഘോഷിക്കുകയും, യേശുവിനു പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്യുന്നത് ഇന്നും നാം കാണുന്ന വിരോധാഭാസം ആണ്. ആചാരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് യഥാര്‍ത്ഥ വിശ്വാസം അപ്രധാനമാക്കുന്നു. സാമ്പത്തിക ഉയര്‍ച്ചയ്ക്ക് പ്രാധാന്യം കൊടുത്ത് നിത്യജീവന്‍റെ പ്രാധാന്യം കുറയ്ക്കുന്നു. ഇങ്ങനെ പലതും. ഇനി നമ്മിലേക്ക് തന്നെ നോക്കാം. എവിടെയെല്ലാം നമുക്ക് ഈ ഭോഷത്തം  സംഭവിക്കുന്നുണ്ട് എന്ന് തിരിച്ചറിയുക. കപടഭക്തിയിലേക്കും തെറ്റായ ഉപദേശങ്ങളിലേക്കും വഴുതിപ്പോകാതെ  നമുക്ക് നമ്മെത്തന്നെ സൂക്ഷിക്കാം.അതിനായി ദൈവകരങ്ങളില്‍ നമ്മെ സമര്‍പ്പിക്കാം

Author