ജോര്‍ജ് മാത്യു, പുതുപ്പള്ളി

കൗണ്‍സലിംഗിനു വിളിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും പറയുന്ന പ്രധാനദു:ഖം കടഭാരം വരുത്തിവയ്ക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ചാണ്. അവരില്‍ വിശ്വാസികളും അല്ലാത്തവരുമൊക്കെയുണ്ട്. സാമ്പത്തിക പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കുവാന്‍ കഴിയാതെ നിലവിളിക്കുന്ന നിരവധി പേരുടെ കഠിനരോദനം എന്‍റെ കാതുകളില്‍ പെരുമ്പറ മുഴക്കുന്നു. കടഭാരം നല്‍കുന്ന അമിതസമ്മര്‍ദ്ദം നിമിത്തം

ആത്മവിശ്വാസം നഷ്ടപ്പെട്ടവരും ‘തൊട്ടാവാടി’ മനസ്സുള്ളവരും, മറ്റൊന്നും ചിന്തിക്കാതെ കുടുംബമായി ആത്മഹത്യ ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ദിനംപ്രതി നാം കണ്ടുകൊണ്ടിരിക്കുകയാണ്. ദൈവവിശ്വാസമുള്ളവര്‍ കടഭാരം നീങ്ങുന്നതിനായി

പ്രാര്‍ത്ഥനയില്‍ അഭയം പ്രാപിക്കുകയോ, കടഭാരം നീക്കിത്തരാം എന്നു വാഗ്ദാനംചെയ്യുന്ന വ്യാജപ്രവാചകന്മാര്‍ നയിക്കുന്ന പ്രാര്‍ത്ഥനാഗ്രൂപ്പുകളെ വിവേചിക്കാതെ ശരണം പ്രാപിക്കുകയോ ചെയ്യുന്നു. പരിഹാരം ലഭിക്കുന്നില്ലെങ്കില്‍  ആത്മീയസന്തോഷം നഷ്ടപ്പെട്ടവരായി  സമാധാനമില്ലാതെ നാമധേയ ക്രിസ്തീയജീവിതം നയിക്കുന്നു.

എല്ലാത്തരത്തിലുള്ള പ്രയാസങ്ങളും മുഴുവനായി പരിഹരിക്കുവാന്‍ കഴിവുള്ള മഹാദൈവമാണ് യേശുകര്‍ത്താവ്. ‘യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നന്നേക്കും അനന്യനാണ്’ അവിടത്തേക്ക് അസാദ്ധ്യമായി ഒന്നുമില്ല. നമ്മുടെ ഭാഗത്തുനിന്നുനാം ചെയ്യേണ്ട ചില ഉത്തരവാദിത്തങ്ങളും കടമകളുമുണ്ട്. അത് വിശ്വസ്തമായിചെയ്യുമ്പോഴാണ് കര്‍ത്താവ് നമ്മുടെ പ്രതികൂലാവസ്ഥകള്‍ നീക്കി ശോഭാപൂര്‍ണമായ  ജീവിതത്തിലേക്കു നമ്മെ നയിക്കുക.വൈദികവിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് എന്‍റെ സെമിനാരി പ്രഫസറായിരുന്ന ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്യോസ് മെത്രാപ്പൊലീത്ത ഞങ്ങളെ പഠിപ്പിച്ചതും, തന്‍റെ ജീവിതത്തിലൂടെ പ്രായോഗികമായി ചെയ്തു കാണിച്ചതുമായ ചില മാതൃകകളില്‍ പ്രധാനമായവ ‘ഉയര്‍ന്ന ചിന്തയും ലളിതജീവിതവും’ എന്നതായിരുന്നു. ഇത് ജീവിതത്തില്‍ നാം  പ്രാവര്‍ത്തികമാക്കിയാല്‍ ‘കടഭാരം’ എന്ന ഭീകരന്‍ മരണംവരെ  അഞ്ചയല്‍വക്കത്തുപോലും വരില്ലെന്ന് അദ്ദേഹം ഞങ്ങളോട് ആവര്‍ത്തിച്ച് പറയുമായിരുന്നു. ലളിതജീവിതം നയിക്കണമെന്നുള്ള തീരുമാനം ഞാന്‍ സ്വീകരിച്ചത് അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു.  നമുക്കെല്ലാവര്‍ക്കും അന്നന്നത്തേക്കുള്ള അപ്പമല്ലേ ആവശ്യമുള്ളൂ? പിന്നെയെന്തിനാണ് നാളെയെക്കുറിച്ചു വിചാരപ്പെട്ടു മനം കലങ്ങുന്നത്? ബുദ്ധിമുട്ടുള്ള എല്ലാവരെയും സഹായിക്കുവാന്‍ നാം വിചാരിച്ചാല്‍ സാധിക്കുകയുമില്ല. അര്‍ഹരായവരില്‍ വളരെ കുറച്ചുപേരെ  മാത്രം വളരെ ചെറിയ നിലയില്‍ സഹായിക്കുവാന്‍ ചിലപ്പോള്‍ നമുക്കു

കഴിഞ്ഞേക്കും. അങ്ങനെയുള്ള സഹായം ജാതിമതഭേദമെന്യെ ചെയ്യാറുമുണ്ട്. ചെലവ് ചുരുക്കി, ഉള്ള വരുമാനത്തില്‍ ജീവിച്ചാല്‍ അതായത് മരണംവരെ ആരോടും പണം കടം വാങ്ങില്ലെന്നും, ഒരു കാര്യത്തിനും ലോണ്‍ എടുക്കില്ലെന്നും തീരുമാനിച്ചാല്‍ കടഭാരം ഉണ്ടാകുന്നതേയില്ല. അഥവാ ആരോടെങ്കിലും കടം വാങ്ങുന്നതിനുമുമ്പെ അതു തിരിച്ചു കൊടുക്കുവാന്‍ ആസ്തിയുണ്ടെന്നു പൂര്‍ണ വിശ്വാസവും ഉറപ്പും ഉണ്ടെങ്കില്‍ മാത്രം കടം വാങ്ങുക. ആര്‍ഭാടവും ധൂര്‍ത്തും പാഴ്ച്ചെലവും ജീവിതത്തില്‍നിന്നും പൂര്‍ണ്ണമായി ഒഴിവാക്കുമെന്ന് തീരുമാനിക്കുക.

മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനല്ല നാം ജീവിക്കേണ്ടതെന്നും, ലാളിത്യമാണ് ജീവിതത്തിന്‍റെ സൗന്ദര്യമെന്നും തിരിച്ചറിയുക. മാതാപിതാക്കളും മക്കളും ഒറ്റക്കെട്ടായി ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ കടഭാരമെന്ന രക്തരക്ഷസ് സ്വസ്ഥത കെടുത്തി ആത്മഹത്യയിലൂടെ ജീവിതം തകര്‍ത്ത് ആരെയും അഗ്നിനരകത്തിലേക്ക് അയക്കില്ല. ഇന്ന് അനേകര്‍ ബുദ്ധികേടു കൊണ്ടും, ആഡംബര ജീവിതംകൊണ്ടും, വരവിലേറെ ചെലവ് ചെയ്ത് ജീവിതത്തെ നരകമാക്കുന്ന കാഴ്ച  ഏറെ ചിന്തിപ്പിക്കുന്നതിനാലാണ് തൂലിക ഈ രീതിയില്‍  കൈകാര്യം ചെയ്യുന്നത്.ലേഖനത്തിലെ വിഷയത്തോട് സത്യസന്ധത പുലര്‍ത്തുവാന്‍വേണ്ടി മാത്രം അങ്ങേയറ്റം വിനയത്തോടെ പറയട്ടെ. ജീവിതത്തില്‍ പരമാവധി ലളിതജീവിതം പുലര്‍ത്തുന്ന  സാധാരണ മനുഷ്യരാണ് ഞങ്ങള്‍.  ആര്‍ഭാടവും ധൂര്‍ത്തും പാഴ്ച്ചെലവും ഞങ്ങളുടെ അഞ്ചയല്‍വക്കത്തുപോലും വരാന്‍ അവസരം നല്‍കിയിട്ടില്ല. ഇപ്പോള്‍ മരിച്ചാലും ഒരു രൂപ പോലും ആരോടും കടം വാങ്ങിയത് തിരികെ കൊടുക്കുവാനില്ല.  ഞാന്‍ മുക്കാല്‍ ഭാഗവും ‘സസ്യഭുക്കായതിനാല്‍’ ഭക്ഷണകാര്യത്തിലും അധികം ചെലവില്ല. അത് ദൈവത്തിന്‍റെ മഹാകൃപയായി ഞാന്‍ കണക്കാക്കുന്നു. കടം, അലസന്മാരെ കുടുക്കുന്ന ഒരു കെണിയാണ്. അടിമത്തവും ദുരിതവും കൊണ്ടുവരുവാന്‍ അതിനു കഴിയും. വിവാഹം പോലെയുള്ള പ്രത്യേക ആവശ്യങ്ങള്‍ക്കും, അനാവശ്യമായി സാധനങ്ങള്‍ വാങ്ങുന്നതിനും കടം വാങ്ങുന്ന സമ്പ്രദായം അഭികാമ്യമല്ല.  ധൂര്‍ത്തും ആഡംബരവും ദൈവം വെറുക്കുന്നു. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് ആയിരങ്ങളെ പോഷിപ്പച്ചതിനു ശേഷം  ‘യേശു ശിഷ്യന്മാരോടു പറഞ്ഞു: ശേഷിച്ച കഷണങ്ങള്‍ ശേഖരിക്കുക, ഒന്നും നഷ്ടപ്പെടുത്തരുത്.ڈഅവര്‍ അവ ശേഖരിച്ചു;

അഞ്ചു യവത്തപ്പത്തില്‍നിന്ന് ശേഷിച്ച കഷണങ്ങള്‍ പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു’ (യോഹന്നാന്‍ 6 :12,13). ഈ വചനത്തില്‍ നിന്നും, ഭക്ഷണമോ വസ്ത്രമോ ഉപജീവനത്തിനാവശ്യവുമായതൊന്നും പാഴാക്കരുത് എന്നത് വ്യക്തം. ആവശ്യത്തില്‍ കവിഞ്ഞുള്ളത് ദുര്‍ഭിക്ഷത്തിലിരിക്കുന്നവരുടെ ആവശ്യത്തിലേക്കു നല്‍കേണ്ടതുമാണ് (2 കൊരിന്ത്യര്‍ 8:12  15).

ഉള്ളതുകൊണ്ടു തൃപ്തരാകുന്നതും തങ്ങള്‍ക്കാവശ്യമുള്ളതൊക്കെ ദൈവം നല്കുമെന്ന വിശ്വാസവും ആയിരിക്കണം വിശ്വാസികളുടെ ജീവിതനിയമം. ഉള്ളതില്‍ സംതൃപ്തിയോടെ ജീവിക്കുന്നവര്‍ക്കാണ് ‘ഞന്‍ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കുകയില്ല’ എന്ന വാഗ്ദത്തം നല്‍കിയിരിക്കുന്നത് (എബ്രായര്‍ 13:5). ഏതെങ്കിലും വിധത്തില്‍ നാം ആര്‍ക്കെങ്കിലും കടക്കാരായിട്ടുണ്ടെങ്കില്‍ എത്രയും വേഗം  കൊടുത്തു തീര്‍ക്കുവാന്‍ ഉത്സാഹിക്കണം.  പരസ്പരം സ്നേഹിക്കുക എന്ന ബാധ്യതയല്ലാതെ നിങ്ങള്‍ക്ക് ആരോടും യാതൊരു ബാധ്യതയും ഉണ്ടായിരിക്കരുത് എന്ന റോമര്‍ 13:8 ലെ  പ്രബോധനവും ഹൃദയത്തില്‍ സംഗ്രഹിക്കണം. വിശ്വാസികള്‍ ക്കെല്ലാവര്‍ക്കുമുള്ള കടം എന്നത്  സുവിശേഷം അറിയിക്കുകയുമാണ്. പരിഷ്കൃതരോടും അപരിഷ്കൃതരോടും, വിദ്യാസമ്പന്നരോടും വിദ്യാവിഹീനരോടും, യഹൂദനോടും യഹൂദേതരനോടും, സുവിശേഷം അറിയിക്കുവാന്‍ പൗലോസ്

കടപ്പെട്ടിരുന്നത് പോലെ (റോമര്‍ 1:1416) നാമും കടപ്പെട്ടിരിക്കുന്നു. ദൈവവിഷയമായി സമ്പന്നരാവുക എന്നതാണ് ദൈവികപദ്ധതി. ‘ഈ ഭൂമിയില്‍ നിങ്ങള്‍ക്കായി ഒരു നിധിയും സമ്പാദിക്കരുത്. കീടങ്ങളും തുരുമ്പും അവയെ നശിപ്പിക്കും. കള്ളന്മാര്‍ നിങ്ങളുടെ ഭവനം ഭേദിച്ച് നിങ്ങള്‍ക്കുള്ളതെല്ലാംകൊണ്ടുപോകും. അതിനാല്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍ സ്വര്‍ഗ്ഗത്തിലാകട്ടെ. കീടങ്ങളും തുരുമ്പും അതു നശിപ്പിക്കില്ല. കള്ളന്മാര്‍ക്ക് അതു കൊണ്ടുപോകാനുമാവില്ല. നിങ്ങളുടെ നിക്ഷേപം എവിടെയാണോ, നിങ്ങളുടെ ഹൃദയം അവിടെയായിരിക്കും’ എന്നാണ് (മത്തായി6:19 21) കര്‍ത്താവരുളിച്ചെയ്തിട്ടുള്ളത്. നിത്യതയ്ക്കായി ഒരുങ്ങുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.  

Author