വാച്ച്മാന്‍ നീ
നിങ്ങളോടു സംസാരിക്കാന്‍ സാധിച്ചത് ആത്മികരോട് എന്നപോലെയല്ല, പിന്നെയോ ജഡികരോട്, ക്രിസ്തുവില്‍ ശിശുതുല്യരോട് എന്നപോലെ മാത്രമായിരുന്നു. ഞാന്‍ നിങ്ങള്‍ക്കു പാലാണ് തന്നത്, കട്ടിയായ ഭക്ഷണമല്ല. കട്ടിയുള്ളതു കഴിക്കാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു, ഇപ്പോഴും ഇല്ല. നിങ്ങള്‍ ഇപ്പോഴും ജഡികരാണ്. നിങ്ങളുടെ ഇടയില്‍ അസൂയയും ശണ്ഠയും നിലനില്‍ക്കെ നിങ്ങള്‍ ജഡികരല്ലേ? (1 കൊരിന്ത്യര്‍ 3.13) പൗലോസിനെപ്പോലെ എല്ലാ വിശ്വാസികള്‍ക്കും ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടുകൂടി ക്രൂശിച്ച് ആത്മികരായി ജീവിക്കുവാന്‍ കഴിയും. നിര്‍ഭാഗ്യവശാല്‍ പലരും ഇപ്പോഴും പാപത്തിന് മരിച്ചിട്ടില്ലാത്തവരാകയാല്‍ ജഡത്താല്‍ നിയന്ത്രിക്കപ്പെടുന്നു. വിശ്വാസികള്‍ എന്ന നിലയില്‍ അവരുടെ ഉത്തരവാദിത്തമനുസരിച്ച് അവര്‍ സ്വയത്തിനു മരിക്കുകയും ദൈവത്തിനായി ജീവിക്കുകയും വേണം; എന്നാല്‍ അവര്‍ അങ്ങനെ ചെയ്യുന്നില്ല. കൊരിന്തിലെ വിശ്വാസികള്‍ക്കിടയില്‍
അത്തരമൊരവസ്ഥ അപ്പൊസ്തലനായ പൗലോസ് നേരിട്ടിരുന്നു. ഇവിടെ അപ്പൊസ്തലന്‍ ക്രിസ്ത്യാനികളെ രണ്ട് വിഭാഗങ്ങളായി തിരിക്കുന്നു: ആത്മീയരും, ജഡികരും. 1 കൊരിന്ത്യര്‍ 3 ല്‍ മൂന്ന് തവണ അവര്‍ ജഡികമനുഷ്യരാണെന്ന് പൗലോസ് പ്രഖ്യാപിക്കുന്നു. പരിശുദ്ധാത്മാവ് നല്‍കിയ ജ്ഞാനത്തിലൂടെ അവരുടെ ആത്മീയവളര്‍ച്ച വിവേചിച്ചറിയുവാന്‍ അപ്പൊസ്തലന് കഴിഞ്ഞു.
വീണ്ടുംജനനം എന്നത് പാപത്താല്‍ നിര്‍ജ്ജീവമായ മനുഷ്യന്‍റെ ആത്മാവ് ദൈവാത്മാവിനാല്‍ പുതുക്കപ്പെടുുന്ന ഒരു ആത്മീയ പ്രക്രിയയാണ്. ഈ പുതുജീവിതം വളര്‍ന്ന് ഫലം പുറപ്പെടുവിക്കുന്ന ജീവിതാനുഭവത്തിലെത്തുവാന്‍ സമയം ആവശ്യമാണ്. പുതുതായി ജനിച്ച ഒരു വിശ്വാസി വിശ്വസ്തതയോടെ കര്‍ത്താവിനെ നന്നായി സ്നേഹിച്ചും തീക്ഷ്ണതയില്‍ മുന്നോട്ട് പോയാലും, ദൈവഹിതത്തെയും ആത്മാവിന്‍റെ വഴിയെയും കുറിച്ച് കൂടുതലറിയാന്‍ വളര്‍ച്ച ആവശ്യമാണ്. അവന്‍ കര്‍ത്താവിനെയും സത്യത്തെയും എത്രമാത്രം സ്നേഹിച്ചാലും വീണ്ടെടുക്കപ്പെടാത്ത ശരീരത്തില്‍ വസിക്കുന്നതിനാല്‍ ഇപ്പോഴും തെറ്റായ വികാരങ്ങളുടെയും ചിന്തകളുടെയും മണ്ഡലത്തില്‍ ആയിരിക്കുന്നു. പുതുതായി ജനിച്ച ഒരു ക്രിസ്ത്യാനി ജഡസ്വഭാവമുള്ളവനായിരിക്കാന്‍ പാടില്ല. പാപചിന്തകള്‍ ഉളവാകുന്നത് ജഡത്തില്‍ നിന്നാണന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍, എങ്ങനെ ജഡത്തിന്‍റെ പ്രവൃത്തികളില്‍ നിന്ന് മോചനം ലഭിക്കും? വീണ്ടുംജനനം പ്രാപിച്ചവര്‍ തല്‍ക്ഷണം ആത്മീയരായി മാറുമെന്ന് ബൈബിള്‍ പഠിപ്പിക്കുന്നില്ല. എന്നിരുന്നാലും വര്‍ഷങ്ങള്‍ക്കുശേഷവും അവര്‍ ശിശുക്കളായി തുടരുകയാണെങ്കില്‍, വളര്‍ച്ച ഇല്ലാത്തതിനാല്‍ അവരുടെ അവസ്ഥ ഏറ്റവും ദയനീയമാണ്. കൊരിന്ത്യര്‍, വീണ്ടും ജനിക്കുന്നതിനു മുമ്പേ ജഡസ്വഭാവമുള്ള മനുഷ്യരായിരുന്നു. എന്നാല്‍ അവര്‍ വീണ്ടുംജനിച്ചതിനാല്‍ പുരുഷത്വത്തിലേക്ക് വളരേണ്ടതായിരുന്നു. അവര്‍ തങ്ങളുടെ ജീവിതം പാഴാക്കി ശിശുക്കളായി തുടര്‍ന്നു, അങ്ങനെ ഇപ്പോഴും ജഡസ്വഭാവമുള്ളവരായി തുടരുന്നു.
ജഡികജീവിതത്തില്‍ നിന്ന് ആത്മീയതയിലേക്ക് രൂപാന്തരപ്പെടാന്‍ നാം ചിന്തിക്കുന്ന അത്രയും സമയം ആവശ്യമില്ല. കൊരിന്തിലെ വിശ്വാസികള്‍ ജാതീയ പശ്ചാത്തലത്തില്‍ നിന്നാണ് രക്ഷിക്കപ്പെട്ടത്. ജഡികതയില്‍ വളരെക്കാലമായി ജീവിച്ചിരുന്ന അവരെ അപ്പോസ്തലന്‍ വളരെക്കാലം ശിശുക്കളായി കരുതി. മുഴുവ്യക്തിത്തത്തിന്മേലും പരിശുദ്ധാത്മാവിന്‍റെ നിയന്ത്രണത്തിനുള്ള എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുക എന്നതാണ് ക്രിസ്തുവിന്‍റെ വീണ്ടെടുപ്പിന്‍റെ ഉദ്ദേശ്യം. അങ്ങനെ ആത്മീയനാകാന്‍ കഴിയും. പലരും നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷവും ആത്മീയജീവിതത്തില്‍ പുരോഗതി കൈവരിക്കുന്നില്ലെന്ന് കണ്ടെത്തുന്നത് എത്ര ദു:ഖകരമാണ്. എന്നാല്‍ വളരെപ്പെട്ടന്ന് ആത്മാവിന്‍റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന മറ്റു ചിലരെ കണ്ടെ ത്തുമ്പോള്‍ ജഡികര്‍ അത്ഭുതപ്പെടുന്നു. നിങ്ങള്‍ കര്‍ത്താവില്‍ വിശ്വസിച്ചിട്ടു എത്ര കാലമായി? ഇപ്പോള്‍ നിങ്ങള്‍ ആത്മീയരാണോ? പരിശുദ്ധാത്മാവിനെ ദു:ഖിപ്പിച്ച് ജഡികരായി, അതായത് സാധാരണ മനുഷ്യരായി നാം മാറരുത്. വീണ്ടുംജനിച്ചവരെല്ലാം ആത്മീയവളര്‍ച്ച ആഗ്രഹിക്കണം. എല്ലാ കാര്യങ്ങളിലും പരിശുദ്ധാത്മാവ് നമ്മെ നിയന്ത്രിക്കുവാന്‍ അനുവദിക്കണം. അങ്ങനെ വളരെപ്പെട്ടന്ന് ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന പക്വതയുള്ള ജീവിതത്തിലേക്ക് പരിശുദ്ധാത്മാവ് വചനത്തിലൂടെ നമ്മെ നയിക്കും. വിശ്വാസികള്‍ ജഡികരായി മാറുവാനുള്ള കാരണങ്ങള്‍ എന്തൊക്കെയാകും? ക്രിസ്തുവിലുള്ള അവരുടെ അവകാശത്തെക്കുറിച്ച് സംസാരിക്കുകയും, ആ അനുഭവം തേടാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടവരുടെ തീക്ഷ്ണതക്കുറവാകാം. നടത്തിപ്പുകാര്‍ ആത്മാവിലുള്ള ജീവിതത്തെക്കുറിച്ച് അജ്ഞരായിരിക്കാം. പിന്നെ എങ്ങനെയാണ് അത്തരക്കാര്‍ക്ക് മറ്റുള്ളവരെ ക്രിസ്തുവിലുള്ള സമൃദ്ധമായ ജീവിതത്തിലേക്ക് നയിക്കാന്‍ കഴിയുക? വിശ്വാസികള്‍ക്ക് ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടുമാകാം. രക്ഷിക്കപ്പെടാന്‍ ഏറ്റുപറച്ചിലും സ്നാനാനവും മാത്രം മതിയെന്ന് അവര്‍ കരുതുകയോ ആത്മീയവിശപ്പ് ഇല്ലാതിരിക്കുകയോ ആത്മീയ വളര്‍ച്ചക്കായി വില നല്‍കാന്‍ തയ്യാറാകാതിരിക്കുകയോ ചെയ്യുന്നതിനാലും ആവാം. പരിണതഫലമായി പല സഭകളും ജഡികരെക്കൊണ്ട് നിറയുന്നു.ജഡികരുടെ പ്രത്യേകതകള്‍ എന്തൊക്കെ യാണ്? അവയില്‍ ഏറ്റവും പ്രധാനം ആത്മീയ വളര്‍ച്ചയില്ലാതെ തുടരുക എന്നതാണ്. ദൈവപുത്രന്‍ തന്‍റെ പാപങ്ങള്‍ക്ക് കുരിശില്‍ പ്രായശ്ചിത്തം ചെയ്തുവെന്ന് വിശ്വസിച്ചുകൊണ്ട് ഒരാള്‍ പുതുതായി ജനിക്കുമ്പോള്‍, പരിശുദ്ധാത്മാവ് അവനെ ജഡത്തിന്‍റെ ശക്തിയില്‍ നിന്ന് മോചിപ്പിക്കുന്നതായും, താനും ക്രിസ്തുവിനൊപ്പം ക്രൂശിക്കപ്പെട്ടുവെന്നും അവന്‍ വിശ്വസിക്കണം. ഇതിനെക്കുറിച്ചുള്ള അജ്ഞത സ്വാഭാവികമായും ജഡികതയില്‍ അവനെ നിലനിര്‍ത്തും. ജഡികരുടെ രണ്ടാമത്തെ സ്വഭാവം അവര്‍ ആഴമായ ആത്മീയസത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തരല്ല എന്നതാണ്. ‘ഞാന്‍ നിങ്ങള്‍ക്കു വചനമാകുന്ന പാലാണ് തന്നത്, കട്ടിയായ ഭക്ഷണമല്ല. കട്ടിയുള്ളതു കഴിക്കാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു, ഇപ്പോഴും ഇല്ല. നിങ്ങള്‍ ഇപ്പോഴും ജഡികരാണ്.’
കൊരിന്ത്യര്‍ അവരുടെ അറിവിലും ജ്ഞാനത്തിലും അഹങ്കരിച്ചു. ആ കാലഘട്ടത്തിലെ എല്ലാ സഭകളിലും, കൊരിന്തിലെ സഭയായിരുന്നു വചനത്തില്‍ സമ്പന്നമായ സഭ. പൗലോസ് തന്‍റെ കത്തില്‍ അവരുടെ സമ്പന്നമായ അറിവിന് ദൈവത്തിന് നന്ദി പറഞ്ഞു (1 കൊരിന്ത്യര്‍1 :6). വചനത്തില്‍ സമ്പന്നമായിരുന്നെങ്കിലും, തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കാനുള്ള ആത്മശക്തി ഉണ്ടായിരുന്നില്ല. വളരെയധികം ജഡികവിശ്വാസികള്‍ ഉണ്ടായിരിക്കുന്നത് ഇതിനാലാണ്. അവര്‍ മറ്റുള്ളവരോട് പ്രസംഗിക്കാന്‍ പോലും കഴിയുന്നത്ര നിലയില്‍ ദൈവവചനം നന്നായി മനസ്സിലാക്കിയവരാണ്. പക്ഷേ അവര്‍ ആത്മീയരല്ല. യഥാര്‍ത്ഥ ആത്മീയ അറിവ് വിശ്വാസിയുടെ ജീവിതത്തെ സത്യവുമായി സംയോജിപ്പിക്കുന്നതിലൂടെ ആത്മീയവളര്‍ച്ചയ്ക്ക് പാകമാക്കുന്നതാണ്. അത് അനുസരണത്തിന്‍റെ പാതയാണ്. അറിവിന്‍റെ കൈമാറ്റം ഒരിക്കലൂം ഒരു വ്യക്തിയെ ആത്മീയനാക്കില്ല; അവനുവേണ്ടത് വചനത്തിലുള്ള പാണ്ഡിത്യമല്ല. മറിച്ച് പരിശുദ്ധാത്മാവിന് തന്‍റെ ജീവന്‍ സമര്‍പ്പിക്കാനും ആത്മാവിന്‍റെ കല്‍പ്പന പ്രകാരം ക്രൂശിന്‍റെ പാതയിലൂടെ പോകുവാനും തയ്യാറുള്ള അനുസരണയുള്ള ഒരു ഹൃദയമാണ്. പ്രയോഗികമാക്കാത്ത വചനപാണ്ഡിത്യം ജഡികതയെ ശക്തിപ്പെടുത്തുകയും, സ്വയം ആത്മീയനായി ഭാവിച്ച് അവന്‍ വഞ്ചിതനാവുകയും ചെയ്യും. ഞാന്‍ ആത്മീയനല്ലെങ്കില്‍ എനിക്ക് എങ്ങനെ ഇത്രയധികം ആത്മീയ കാര്യങ്ങള്‍ അറിയാന്‍ കഴിയും എന്ന് ജഡികന്‍ സ്വയം പറയും. അസൂയയും പിണക്കവും ജഡികതയുടെ ഒരു പ്രധാന തെളിവാണ്. കൊരിന്തിലെ സഭയില്‍ ഭിന്നതകള്‍ വ്യാപകമായിരുന്നു, ഞാന്‍ പൗലോസിന്‍റെ പക്ഷവും , ഞാന്‍ അപ്പല്ലോസിന്‍റെ പക്ഷവും, ഞാന്‍ കേഫാവിന്‍റെ പക്ഷവുമാണ് തുടങ്ങിയ പ്രഖ്യാപനങ്ങളാല്‍ ഇത് സ്ഥിരീകരിക്കപ്പെടുന്നു. ഞാന്‍ ‘ക്രിസ്തുവിന്‍റെ പക്ഷമാണെന്നു’ പറഞ്ഞു കൊണ്ട് പോരാടിയവരെപ്പോലും ജഡികരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. കാരണം ജഡം എപ്പോഴും അസൂയയും കലഹവും നിറഞ്ഞതാണ്. ക്രിസ്തുവില്‍ നിന്നുള്ളവരാണെന്ന് സ്വയം അവകാശപ്പെടുന്നവര്‍ പോലും ദൈവദൃഷ്ടിയില്‍ ജഡികരാണ്. വാക്ക് എത്ര മധുരമായി തോന്നിയാലും, ഏതൊരു പ്രശംസയും ജഡികന്‍റെ വാചാലത മാത്രമാണ്. സഭയിലെ ഭിന്നതകള്‍ സ്നേഹക്കുറവും ജഡത്തെ അനുസരിച്ച് ജീവിക്കുന്നത് മൂലവുമല്ലാതെ മറ്റൊ ന്നുമല്ല. ഒരു സാധാരണ മനുഷ്യനെപ്പോലെ പെരുമാറുകയും പാപം ചെയ്യുകയും ചെയ്യുന്ന വ്യക്തിക്ക് എത്രമാത്രം ദൈവവചനം അറിയാമെ ങ്കിലും, എത്ര ആത്മീയ അനുഭവങ്ങള്‍ അവകാശപ്പെട്ടാലും, എത്ര വര്‍ഷം കര്‍ത്തൃവേലയില്‍ വ്യാപൃതനായാലും, കോപം, സ്വാര്‍ത്ഥത, തര്‍ക്കം, വ്യര്‍ത്ഥവാക്കുകള്‍ എന്നിവയുടെ ആത്മാവില്‍ നിന്ന് മുക്തനല്ലെങ്കില്‍ അയാള്‍ എങ്ങനെ ആത്മികനാകും? ജഡികനാവുക എന്നാല്‍ ‘സാധാരണ മനുഷ്യരെപ്പോലെ’ പെരുമാറുക എന്നതാണ്. നമ്മുടെ പെരുമാറ്റം സാധാരണ മനുഷ്യരില്‍ നിന്ന് വ്യത്യസ്തമാണോ എന്ന് നാം സ്വയം വിലയിരുത്തണം. ജഡസ്വഭാവങ്ങളും പെരുമാറ്റങ്ങളും ജീവിതത്തില്‍ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോഴും ജഡികനാണ്.
ഒരു വ്യക്തി തന്‍റെ ജഡത്തിന്‍റെ ആഗ്രഹങ്ങളെ പിന്തുടരാന്‍ വിസമ്മതിക്കണം. അധാര്‍മികത, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, മന്ത്രവാദം, ശത്രുത, കലഹം, അസൂയ, കോപം, സ്വാര്‍ത്ഥത, ഭിന്നത, വിഭാഗീയ മനോഭാവം, അസൂയ, മദ്യപാനം, മുതലായവയാണ് ജഡത്തിന്‍റെ പ്രവൃത്തികള്‍. ഒരാള്‍ ജഡികനാണോ എന്ന് ഉറപ്പാക്കാന്‍ ജഡത്തിന്‍റെ പ്രവൃത്തികളില്‍ ഏതെങ്കിലും താന്‍ ചെയ്യുന്നുണ്ടോ എന്ന് സ്വയം പരിശോധി ക്കേണ്ടതുണ്ട്. ജഡികനാകാന്‍ ജഡത്തിന്‍റെ പ്രവൃത്തിയിലുള്ളതെല്ലാം ചെയ്യേണ്ട ആവശ്യമില്ല. അവയില്‍ ഒന്ന് മാത്രം ചെയ്താലും അവന്‍ ജഡികനാണെന്ന് തെളിയിക്കുന്നു. ജഡത്തിന്‍റെ ചിന്ത ആത്മീയമരണമാണെന്നു തിരിച്ചറിഞ്ഞ് നമ്മെത്തന്നെ കാണാന്‍ കണ്ണുകള്‍ തുറക്കുന്നതുവരെ പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥനയിലൂടെ നമുക്ക് താഴ്മയുള്ളവരാകാം. നാം ജഡത്തിന്‍റെ പ്രവൃത്തികളാല്‍ നയിക്കപ്പെടുന്നത് അവസാനിപ്പിക്കുന്നതുവരെ കണ്ണുനീരോടെ കരയാം. നമ്മുടെ ഹൃദയങ്ങള്‍ വിശുദ്ധജീവിതത്തിനായി ജ്വലിക്കുവാനും എല്ലാ ജഡികചിന്തകളും നീങ്ങിപ്പോകുവാനും പ്രാര്‍ത്ഥിക്കാം.