എന്താണ് ആത്മബന്ധത്തിലുള്ള പ്രാര്‍ത്ഥന? നിരീശ്വരവാദികളൊഴികെ ജാതിമതഭേദമെന്യേ നല്ലപങ്കാളുകളും ആത്മസംതൃപ്തിക്കായും കാര്യസാധ്യങ്ങള്‍ക്കായും ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കാറുണ്ട്. ഓരോ മതസ്ഥരുടെയും പ്രാര്‍ത്ഥനാലയങ്ങളും പ്രാര്‍ത്ഥനാരീതികളും അവര്‍ ഉരുവിടുന്ന പ്രാര്‍ത്ഥനകളും എല്ലാം ഒന്നിനൊന്നു വ്യത്യസ്തവുമാണ്. പ്രാര്‍ത്ഥനയെ ഒരു കടമ മാത്രമായി കണ്ടുകൊണ്ടു ചിലര്‍ പ്രാര്‍ത്ഥിക്കുന്നു. പരപ്രേരണയാല്‍ മാത്രം മറ്റുചിലര്‍ പ്രാര്‍ത്ഥിക്കുന്നു. വേറെ ചിലരാകട്ടെ ദുരന്തങ്ങളോ പ്രതിസന്ധികളോ നേരിടുമ്പോള്‍ മാത്രമേ പ്രാര്‍ത്ഥനയിലേക്കു തിരിയാറുള്ളൂ. അടുത്ത പ്രതിസന്ധി വരുന്നതുവരെ അവര്‍ക്ക് ഇടവേളയാണ്. ആവശ്യങ്ങളില്‍ ദൈവത്തില്‍ നിന്ന് സഹായം നേടാനുള്ള ഒരു ശ്രമം മാത്രമായി പ്രാര്‍ത്ഥനയെ കാണരുത്. ജീവന്‍റെ ഉറവിടമായ ദൈവത്തെ അറിയാനും അനുഭവിക്കുവാനുമുള്ള ആഗ്രഹമായിരിക്കണം പ്രാര്‍ത്ഥിക്കുന്ന വ്യക്തിക്കുണ്ടായിരിക്കേണ്ടത്. പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ ആത്മാവ് എപ്പോഴും ഭൗതികമായ അനുഗ്രഹങ്ങള്‍ ചോദിക്കുവാന്‍ മാത്രം നമ്മെ പ്രേരിപ്പിക്കുന്നതല്ല, മറിച്ച് എല്ലാ അനുഗ്രഹങ്ങളും നല്‍കുന്ന ദൈവത്തെ അനുഭവിച്ചറിയുന്ന ആത്മബന്ധത്തിന്‍റെയും കൂട്ടായ്മയുടെയും ജീവിതം നയിക്കുവാന്‍ നമ്മെ ഉത്തേജിപ്പിക്കുന്നതാണ്.
തങ്ങളെയും പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണമെന്നാവശ്യപ്പെട്ട ശിഷ്യന്മാര്‍ക്ക് യേശു നല്‍കിയ ഒരു മാതൃകാപ്രാര്‍ത്ഥനയാണ് ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…’എന്ന് തുടങ്ങുന്ന വചനഭാഗം. ‘ഇവ്വണ്ണം പ്രാര്‍ത്ഥിപ്പിന്‍’ എന്ന് യേശുകര്‍ത്താവ് പറയുമ്പോള്‍ ഇങ്ങനെതന്നെ പ്രാര്‍ത്ഥിക്കണം എന്നല്ല അര്‍ഥം. ദൈവത്തെ പിതാവായി കാണണം എന്ന ശക്തമായ കാഴ്ചപ്പാടാണ് യേശു നല്‍കുന്നത്. ദൈവം നമ്മുടെ പിതാവാണെന്ന ബോധ്യത്തില്‍ നിന്ന് എത്ര ആശ്വാസവും ധൈര്യവും പ്രത്യാശയുമാണ് നമുക്ക് ലഭിക്കുന്നത്. ദൈവേഷ്ടം സ്വര്‍ഗ്ഗ ിലെങ്ങനെയോ അങ്ങനെതന്നെ നമ്മുടെ ജീവിതത്തിലും നിവൃത്തിയാകേണ്ടതിനു നമ്മെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കണം. മറ്റുള്ളവരോട് ക്ഷമിക്കാത്ത ഒരു വ്യക്തിക്ക്, ദൈവം തന്നോട് ക്ഷമിക്കണം എന്നു പ്രാര്‍ത്ഥിക്കുവാന്‍ അര്‍ഹതയില്ല. അഥവാ അങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ അത് വലിയ അപകടവുമാണ്. സകല മാനവും മഹത്വവും സ്തുതിയും സ്തോത്രവും പുകഴ്ചയും നമ്മുടെ പെസഹാക്കുഞ്ഞാടായി അറുക്കപ്പെട്ട യേശുകര്‍ത്താവിനു മാത്രമാണ് അര്‍പ്പിക്കേണ്ടത്. അതായത്, കര്‍ത്താവു മാത്രമാണ് യോഗ്യന്‍ എന്നര്‍ത്ഥം. പ്രാര്‍ത്ഥനയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഈ ലക്കത്തിലെ സന്ദേശം. സന്ദേശം ഉള്‍പ്പെടെ, എല്ലാ തുടര്‍ലേഖനങ്ങളും നമ്മുടെ ആത്മീയ കാഴ്ചപ്പാട് വര്‍ധിപ്പിക്കുവാന്‍ ഉതകുന്നവയാണ്. ക്രിസ്തുവിലേയ്ക്ക് നമ്മുടെ വേരുകള്‍ ആഴത്തിലിറങ്ങിച്ചെല്ലട്ടെ. ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേല്‍ നമ്മുടെ ജീവിതം പണിതുയര്‍ത്തുവാന്‍ എല്ലാ ലേഖനങ്ങളും അപഗ്രഥിച്ചു പഠിച്ച്, നിശ്ചയം പ്രാപിക്കണമെന്ന് ഓരോ വായനക്കരോടും അപേക്ഷിച്ചുകൊണ്ട് ജൂലൈ ലക്കം മാസിക സമര്‍പ്പിച്ചു കൊള്ളുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.