ചെയ്സ് ജോസഫ്
എബ്രായലേഖനം ഒന്‍പതാം അധ്യായം 1 മുതല്‍ 10 വരെയുള്ള വാക്യങ്ങള്‍
പഴയ ഉടമ്പടി പ്രകാരമുള്ള യാഗങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. പഴയനിയമ കൂടാരവും ആരാധനയ്ക്കുള്ള ചട്ടങ്ങളും ലൗകികമായിരുന്നു, രണ്ടു തിരശ്ശീലകള്‍ കൊണ്ടാണ് ഈ ആലയം വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്. ആദ്യ തിരശ്ശീലയുടെ ഉള്ളില്‍ നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. സാധാരണ രീതിയില്‍ ദിവസംതോറും ഉള്ള ശുശ്രൂഷകള്‍ നടന്നു പോന്നിരുന്നത് വിശുദ്ധസ്ഥലമായ ഇവിടെയായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഭാഗത്ത് അതായത് അതിവിശുദ്ധ സ്ഥലത്ത് ആണ്ടില്‍ ഒരിക്കല്‍ മാത്രമാണ് മഹാപുരോഹിതന്‍ ചെല്ലുന്നത്. അവിടെയാണ് പൊന്നുകൊണ്ടുള്ള ധൂപകലശവും, പൊന്നുപൊതിഞ്ഞ നിയമപെട്ടകവും, മന്ന ഇട്ടുവച്ച പൊന്‍പാത്രവും, അഹരോന്‍റെ തളിര്‍ത്ത വടിയും ഉണ്ടായിരുന്നത്. ഇതെല്ലാം പഴയനിയമത്തിന്‍റെ അടയാളങ്ങള്‍ ആയിരുന്നു. ഇത് ഈ കാലത്തേക്കുള്ള ഒരു സദൃശ്യം മാത്രമാണ് എന്ന് ലേഖനകര്‍ത്താവ് പറയുന്നു. പൂര്‍ണ്ണമായത് വരാനുണ്ട് എന്നുള്ള മനോബോധം നിലനില്‍ക്കെത്തന്നെ ഈ ഭാഗികമായ യാഗങ്ങള്‍ ലൗകികമായ ആചാരവൃത്തികളോടുകൂടി നിവര്‍ത്തിച്ചു പോന്നിരുന്നു. ഈ ജഡികനിയമങ്ങള്‍ വിവിധമായ ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, പലതരത്തിലുള്ള സ്നാനങ്ങള്‍, എന്നിവയോട് കൂടിയാണ് ഭരമേല്പിക്കപ്പെട്ടിരുന്നത്. എല്ലാ യാഗങ്ങളുടെയും അടിസ്ഥാനം ‘രക്തം കൂടാതെ വിമോചനം ഇല്ല’ എന്ന ദൈവത്തിന്‍റെ പ്രമാണമാണ്. ക്രിസ്തുവിന്‍റെ യാഗത്തിന്‍റെ പ്രത്യേകതകള്‍ എന്താണ്?
ന്യായപ്രമാണത്തെക്കുറിച്ച് പറയുന്നത് അത് ‘വരുവാനുള്ള നന്മകളുടെ നിഴല്‍’ മാത്രം എന്നാണ്. എന്താണ് വരുവാനുള്ള നന്മകള്‍? അത് ദൈവവുമായി എന്നെന്നേക്കുമുള്ള സമാധാനവും നിത്യരാജ്യത്തിലേക്കുള്ള ധാരാളമായ പ്രവേശനവും ആണ്. ഈ സമാധാനം ഒരിക്കലും താല്‍ക്കാലികമായ ഭൗതിക യാഗങ്ങള്‍ കൊണ്ട് ലഭിച്ചിട്ടില്ല. ഇന്നും പല സഭകളും പുറമേയുള്ള ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും ഭക്ഷണ നിയമങ്ങളിലൂടെയും യാഗങ്ങളിലൂടെയും ദൈവത്തോടുള്ള സമാധാനം സ്ഥാപിക്കുവാന്‍ പരിശ്രമിക്കുന്നു. ആചാരപരമായ കര്‍മ്മങ്ങള്‍ ചെയ്യാത്തവരും പ്രവര്‍ത്തികളാല്‍ ദൈവത്തോടുള്ള സമാധാനം ഉണ്ടാക്കുവാന്‍ പരിശ്രമിക്കുന്നു. ഇവര്‍ മനസ്സിലാക്കാതെ പോകുന്നത് രക്തം കൂടാതെ ശുദ്ധീകരണം ഇല്ലെന്നും ദൈവത്തിന്‍റെ സന്നിധിയിലേക്ക് പ്രവേശനമില്ലെന്നും ഉള്ള ദൈവീകപ്രമാണം ആണ്.
നിത്യമായ സമാധാനം, ദൈവവുമായുള്ള യഥാസ്ഥാപനം, എന്നിങ്ങനെയുള്ള നന്മകള്‍ യേശുക്രിസ്തു എന്ന മഹാപുരോഹിതനിലൂടെ ആണ് ലഭിക്കുന്നത്. നിത്യമായ നന്മകള്‍ ലഭ്യമാക്കുന്നതിന് വേണ്ടി യേശുക്രിസ്തു, മഹാപുരോഹിതനായി എന്നന്നേക്കുമായുള്ള ഒരു നിയമം സ്ഥാപിച്ചു. അത് ആട്ടുകൊറ്റന്മാരുടെയോ പശുക്കിടാങ്ങളുടെയോ രക്തത്താല്‍ സാധ്യമായിരുന്നില്ല. അതിന് നിത്യനിയമത്തിന്‍റെ അവകാശിയായ പുത്രന്‍റെ രക്തം ചൊരിയപ്പെടേണ്ടത് ആവശ്യമായിരുന്നു.
ഈ ഭൂമിയിലെ ലൗകികമായ ആലയത്തില്‍ മാനുഷികമായ യാഗങ്ങളിലൂടെ താല്‍ക്കാലികമായ സമാധാനം ലഭിക്കുമെന്ന് മനുഷ്യര്‍ വിശ്വസിച്ചു ആചരിച്ചു പോകുന്നു. എന്നാല്‍ യേശുക്രിസ്തു എന്ന മഹാപുരോഹിതനോ ഈ സൃഷ്ടിയില്‍ ഉള്‍പ്പെടാത്തതായി, വലിപ്പവും തികവുമുള്ള ഒരു കൂടാരത്തില്‍, തന്‍റെ സ്വന്തരക്തം കൊണ്ട് എന്നന്നേക്കുമായുള്ള ഒരു വീണ്ടെടുപ്പ് ഒരിക്കലായി സാധിപ്പിച്ചു. അതിനര്‍ത്ഥം ഭൂമിയിലുള്ള ആചാരങ്ങളും ദൈവം മോശെയോട് കല്‍പ്പിച്ച ക്രമങ്ങളും എല്ലാം ഈ സൃഷ്ടിയില്‍ ഉള്‍പ്പെടാത്ത നിത്യകൂടാരത്തില്‍ നടക്കേണ്ട ആ മഹത്തായ ശുശ്രൂഷയുടെ പ്രതിബിംബങ്ങള്‍ മാത്രമായിരുന്നുഎന്നാണ്. ‘നിത്യമായ, മാറ്റം വരാത്ത യാഗം’ എന്നുള്ളത് എബ്രായലേഖനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആശയമാണ്. ലോകത്തില്‍ ഇനി ഒരു മതത്തിന്‍റെയും ആവശ്യമില്ല, ദൈവത്തെ അന്വേഷിക്കുന്നവര്‍ക്ക് യേശുക്രിസ്തുവിന്‍റെ ഏകയാഗത്താല്‍ മറുപടി ലഭിച്ചിരിക്കുന്നു. ഇനി മാനുഷിക മധ്യസ്ഥന്മാരുടെ മതപരമായ ദൂഷിത മധ്യസ്ഥ പ്രവര്‍ത്തികളുടെ ആവശ്യമില്ല. പ്രത്യേകമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ സ്പെഷ്യലിസ്റ്റുകളുടെ ആവശ്യമില്ല. യേശുക്രിസ്തു ഒരിക്കലായി തന്നെത്താന്‍ അര്‍പ്പിച്ചുകൊണ്ട് സാധിപ്പിച്ച പുതിയനിയമത്തിന്‍റെ ഉടമ്പടി ലോകത്തില്‍ ഏതു വ്യക്തിയെയും ആരുടെയും സഹായം കൂടാതെ കൃപാസനത്തിന് മുമ്പിലെത്തുവാന്‍ പ്രാപ്തനാക്കുന്നു. ന്യായപ്രമാണപ്രകാരമുള്ള താല്‍ക്കാലിക ശുശ്രൂഷകള്‍ താല്‍ക്കാലിക സമാധാനം വരുത്തുന്നവയാണ് എന്നുള്ളത് സത്യമാണ്. അത്
പുറമേയുള്ള ഒരു ശുദ്ധീകരണം മാത്രമാണ്. എന്നാല്‍ ‘നിത്യാത്മാവിനാല്‍ ദൈവത്തിന് തന്നെത്താന്‍ നിഷ്കളങ്കനായി അര്‍പ്പിച്ച യേശുക്രിസ്തുവിന്‍റെ രക്തം നമ്മുടെ എല്ലാ നിര്‍ജ്ജീവ പ്രവൃത്തികളെയും എന്നെന്നേക്കുമായി നീക്കി നമ്മെ ശുദ്ധീകരിക്കുകയും’ ദൈവത്തെ ആരാധിക്കുവാന്‍ നമ്മുടെ മനസ്സാക്ഷിയെ ഒരുക്കുകയും ചെയ്യും.
എന്തുകൊണ്ടാണ് യേശുക്രിസ്തു മരിക്കേണ്ടതാവശ്യമായി വന്നത്? ആദ്യത്തെ നിയമം കൊണ്ട് ആരും രക്ഷപ്പെട്ടില്ല എന്നതു കൊണ്ടും അവരുടെ നിര്‍ജ്ജീവ പ്രവൃത്തികള്‍ ദൈവത്തിനു സ്വീകാര്യമില്ലാതെ അവശേഷിച്ചതുകൊണ്ടും ഒരു വീണ്ടെടുപ്പ് അത്യാവശ്യമായിരുന്നു. എന്നാല്‍ അത് ജഡീകമായ യാഗങ്ങള്‍ കൊണ്ട് സാധിക്കുകയില്ലായിരുന്നു. മൃഗയാഗങ്ങളാലും ഭോജന നിയമങ്ങളാലും സാധ്യമാവുമായിരുന്നില്ല. പുതിയനിയമത്തിന്‍റെ മധ്യസ്ഥനായ യേശുക്രിസ്തുവിന്‍റെ മരണം അതിന് ആവശ്യമായിരുന്നു. ഈ മധ്യസ്ഥന്‍റെ മരണത്തോടുകൂടി നിയമം സ്ഥിരമാക്കപ്പെടുന്നു. കാരണം മധ്യസ്ഥന്‍ മരിച്ചാല്‍ പിന്നെ നിയമത്തിന് മാറ്റം വരുക അസാധ്യമാണ്. അതുകൊണ്ട് യേശുക്രിസ്തുവിന്‍റെ മരണത്തിലൂടെ സ്ഥിരമാക്കപ്പെട്ട ഒരു വിശുദ്ധനിയമമാണ് പുതിയനിയമം. നിയമം നല്‍കാന്‍ അധികാരമുള്ളവന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിയമം മാറ്റുവാനും അവന് അധികാരം ഉണ്ട്. എന്നാല്‍ നിയമകര്‍ത്താവ് മരിക്കുമ്പോള്‍ നിയമം സ്ഥിരം ആകുന്നു.
ഭൂമിയിലുള്ള പ്രതിബിംബങ്ങളാല്‍ അതായതു നിഴലുകളായ കര്‍മ്മങ്ങള്‍ ഒരുപക്ഷേ മൃഗങ്ങളുടെ രക്തം കൊണ്ട് ശുദ്ധീകരിക്കപ്പെടുമായിരുന്നു. എന്നാല്‍ സ്വര്‍ഗ്ഗീയമായതിന് അങ്ങനെ ശുദ്ധീകരിക്കപ്പെടുവാന്‍ സാധിക്കുകയില്ല. അതിന് വിലയേറിയ യാഗങ്ങള്‍ ആവശ്യമായിരുന്നു. അതുകൊണ്ട് അപ്പൊസ്തലന്‍ ഇവിടെ എടുത്തു പറയുന്നു, പ്രതിബിംബമായ കൈപ്പണിയായ ഒരു കൂടാരത്തിലേക്ക് അല്ല യേശുക്രിസ്തു പ്രവേശിച്ചത്, സ്വര്‍ഗ്ഗത്തിലേക്ക് തന്നെയാണ്. എന്തു കൊണ്ടാണ് കര്‍ത്താവ് സ്വര്‍ഗ്ഗത്തിലേക്കുതന്നെ പ്രവേശിച്ചത്? നമുക്ക് വേണ്ടി എപ്പോഴും ദൈവത്തിന്‍റെ സന്നിധിയില്‍ മധ്യസ്ഥത അണയ്ക്കുക എന്ന പൗരോഹിത്യ ശുശ്രൂഷ നിര്‍വഹിക്കുന്നതിനു വേണ്ടിയാണ് അത്. അവിടുന്ന് പിതാവിന്‍റെ സന്നിധിയില്‍ നമുക്ക് വേണ്ടി എപ്പോഴുംഅത് തുടരുന്നു. ഈ ഭൂമിയിലുള്ള പ്രതിബിംബമായ ശുശ്രൂഷയിലൂടെ ഒരിക്കലും ഇത്ര വലിയൊരു പ്രവേശനം നമുക്ക് ലഭിക്കുകയില്ല. അതുകൊണ്ട് സ്വര്‍ഗ്ഗീയമായ കൂടാരം എന്ന് മോശെ പറയുന്നത് സ്വര്‍ഗ്ഗത്തെക്കുറിച്ച് തന്നെയാണ്. ദൈവമുമ്പാകെയാണ് യേശുക്രിസ്തുവിന്‍റെ യാഗം അര്‍പ്പിക്കപ്പെട്ടത്. നമുക്ക് പ്രവേശനം തന്നതും ആ സ്വര്‍ഗ്ഗത്തിലേക്ക് തന്നെയാണ്. അങ്ങനെ കര്‍ത്താവ് ഒരിക്കലായി നമുക്ക് ശുദ്ധീകരണം സ്വന്തരക്തത്താല്‍ വരുത്തിയത് കൊണ്ട് ഇന്നു വീണ്ടും ഒരു പുരോഹിതന്‍ യാഗവുമായി പ്രവേശിച്ചാല്‍ അയാള്‍ അന്യാരാധനയാണ് ചെയ്യുന്നത്. ആ പുരോഹിതന്‍ അന്യരക്തമാണ് അര്‍പ്പിക്കുന്നത്. അങ്ങനെ കൂടെക്കൂടെ അര്‍പ്പിക്കുവാന്‍ ആവശ്യമില്ലാത്ത ഒരു യാഗത്തെ കുറിച്ചാണ് ഒമ്പതാം അധ്യായത്തില്‍ എബ്രായലേഖനകര്‍ത്താവ് നമ്മോട് പറയുന്നത്.